- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എപ്പിംഗ് ഹോട്ടലില്‍ താമസിക്കാന്‍ അഭയാര്‍ത്ഥികള്‍ക്ക് അവകാശം ഉണ്ടെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍... പ്രതിഷേധം തുടരാന്‍ നാട്ടുകാര്‍; അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരെന്ന് പ്രഖ്യാപിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
ലണ്ടന്‍: യുകെയിലെ എപ്പിംഗിലെ അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഹോം ഓഫീസ് നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ അനുകൂല വിധി വന്നതോടെ രോഷാകുലരായ പ്രദേശവാസികള്‍ അവരുടെ പ്രതിഷേധം തുടരാന്‍ ഉറച്ചിരിക്കുകയാണ്. എസ്സെക്സ് പോലീസും കടുത്ത ആശങ്കയിലാണ്. ഇന്നലെ ഉച്ചയോടെ തന്നെ നാല് പോലീസ് വാഹനങ്ങള്‍ ഹോട്ടലിന് മുന്‍പില്‍ തമ്പടിച്ചു. പത്തോളം പോലീസുകാര്‍ ഹോട്ടലിന് മുന്‍പില്‍ കാവല്‍ നില്‍ക്കുകയാണ്. ഹോട്ടലില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളോട് പൂറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.
എസ്സെക്സ്, എപ്പിംഗിലെ ബെല്‍ ഹോട്ടലില്‍ താമസിക്കുന്ന 138 അഭയാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 12 ന് അവിടം വിട്ട് പോകാന്‍ ഇടയാക്കിയേക്കാവുന്ന ഇഞ്ചക്ഷനെതിരെയാണ് ഹോം ഓഫീസ് അപ്പീല്‍ കോടതിയില്‍ പോയത്. സര്‍ക്കാരിന് വലിയ വിജയം സമ്മാനിച്ചുകൊണ്ട് ഹോം ഓഫീസിന് ഇക്കാര്യത്തില്‍ ഇടപെടാമെന്നും കോറ്റതി വിധിച്ചു. ഹോട്ടല്‍ അടയ്ക്കുന്നത് അത്യന്തം അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും, മറ്റ് കൗണ്‍സിലുകള്‍ക്ക് സമാനമായ ആവശ്യവുമായി നിയമനടപടികള്‍ തേടാന്‍ ഇത് വഴിയൊരുക്കുമെന്നുമായിരുന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
ആഴ്ചകളായി ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്ന തദ്ദേശവാസികളെ രോഷാകുലരായിരിക്കുകയാണ് ഈ വിധി. ഇന്നലെ രാത്രി തന്നെ അവര്‍ പ്രതിഷേധവുമായി ഇറങ്ങി. ചിചെസ്റ്റര്‍, ചെഷണ്ട്, ബേണ്മത്ത് എന്നിവിടങ്ങളിലും ഇന്നലെ കുടിയേറ്റ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. സ്വന്തം പട്ടണങ്ങളിലും സമൂഹത്തിലും ശാന്തരായി കഴിയാന്‍ ആഗ്രഹിക്കുന്ന പൗരന്മാരുടെ അവകാശങ്ങളേക്കാള്‍ കീര്‍ സ്റ്റാര്‍മര്‍ വില കല്പിക്കുന്നത് അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കാണ് എന്നാണ് സര്‍ക്കാര്‍ നടപടി തെളിയിക്കുന്നത് എന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് ആരോപിച്ചു.തന്റെ ട്വീറ്റിലൂടെ റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജും സമാനമായ വികാരമാണ് പ്രകടിപ്പിച്ചത്.
എസ്സെക്സിലെ ജനങ്ങളേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുണ്ടെന്നും, റിഫോം യു കെ അധികാരത്തിലെത്തിയാല്‍ അത് അവസാനിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. തീര്‍ത്തും നിരാശാജനകമായ വിധി എന്നായിരുന്നു പ്രതിഷേധത്തിന്റെ മുഖ്യ സംഘാടകയായ സാറാ വൈറ്റ് പ്രതികരിച്ചത്. തെറ്റായ സന്ദേശമാണ് ഈ വിധി സമൂഹത്തിന് നല്‍കുന്നത്. അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക്, സ്വന്തം രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളേക്കാള്‍ പ്രാധാന്യം നല്‍കി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു രേഖകളുമില്ലാത്ത കുറേ പേരെ തങ്ങളുടെ അയല്‍വക്കത്ത് താമസിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ അവര്‍, അവരില്‍ ചിലര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമം കാണിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായെന്നും ചൂണ്ടിക്കാണിക്കുന്നു.
പൊതുസുരക്ഷക്ക് നേരെ നിരവധി ചോദ്യങ്ങള്‍ ഈ വിധി ഉയര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു. തങ്ങളെ കൈവിട്ടതായ തോന്നലാണെന്ന് പറഞ്ഞ അവര്‍ പക്ഷെ തങ്ങള്‍ നിശബ്ദരായി ഇരിക്കില്ലെന്നും പറഞ്ഞു. വിധി വന്ന് നിമിഷങ്ങള്‍ക്കകം തന്നെ കണ്‍സര്‍വേറ്റീവ് കൗണ്‍സിലര്‍ ഷെയ്ന്‍ യെറെല്‍ ഈ വിധി നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അഭയാര്‍ത്ഥികളുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായി താന്‍ സംസാരിച്ചുവെന്നും അവരും നിരാശരാണെന്നും ഷെയ്ന്‍ യെറെല്‍ പറഞ്ഞു. ഇപ്പോള്‍ പരിഗണനയിലുള്ള രണ്ട് പീഡനങ്ങള്‍ മാത്രമല്ല നടന്നിട്ടുള്ളതെന്നും സ്‌കൂളില്‍ പോകുമ്പോഴും മറ്റും അഭയാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന അഞ്ചോ ആറോ സംഭവങ്ങള്‍ തനിക്ക് അറിയാമെന്നും ഷെയ്ന്‍ പറഞ്ഞു. ഹോട്ടല്‍ അടച്ചുപൂട്ടണമെന്നത് സ്ഥലത്തെ എല്ലാ മാതാപിതാക്കളുടെയും ആവശ്യമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
വിധി നിരാശാജനകമാണെന്ന് പറഞ്ഞ എപ്പിംഗ് ഫോറെസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ വക്താവ് ഹോളി വൈറ്റ്ബ്രഡ് പക്ഷെ ഹോം ഓഫീസിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശവാസികളും പറയുന്നത് അതുതന്നെയാണ്. വിധി നിരാശാജനകമാണെന്ന് പറയുന്ന അവര്‍ പക്ഷെ ഇത് ഇവിടം കൊണ്ട് തീരില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു. അധികൃതര്‍ ജനങ്ങളുടെ ശബ്ദം കേട്ടേ മതിയാകൂ എന്നും അവര്‍ ഒരുമിച്ചു പറയുന്നു.
അതിനിടെ, കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നെയ്ജല്‍ ഫരാജിന്റെ പദ്ധതി ക്രിസ്ത്യന്‍ വിശ്വാസത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല എന്ന നിലപാടുമായി ആംഗ്ലിക്കന്‍ സഭയും രംഗത്ത് എത്തിയിട്ടുണ്ട്. യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ ആണ് ഫരാജിന്റെ പദ്ധതി മനുഷ്യത്വഹീനമാണെന്ന് ആരോപിച്ചിരിക്കുന്നത്. അടിച്ചമര്‍ത്തലും സംഘര്‍ഷങ്ങളും മൂലം നാടുവിട്ടോടിയവര്‍ക്ക് മുന്‍പില്‍ വാതിലുകളടയ്ക്കാന്‍ ബ്രിട്ടന് കഴിയില്ലെന്നും സഭയില്‍ രണ്ടാമനായ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാത്രമല്ല, സഭാവിശ്വാസികള്‍ അഭയാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.