ലോസ് ഏഞ്ചൽസ്: പ്രമുഖ നീലച്ചിത്ര താരം കൈലി പേജ് (28) അന്തരിച്ചത് അമിതമായ ലഹരി ഉപയോഗം മൂലമാണെന്ന് ഔദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞ ജൂൺ 25-ന് ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ താരത്തിന്റെ മരണകാരണം സംബന്ധിച്ച അന്വേഷണത്തിൽ, ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടാണ് നിർണായകമായത്. റിപ്പോർട്ട് പ്രകാരം, കൊക്കെയ്‌നും ഫെന്റനൈലും അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൈലി പേജ്, യഥാർത്ഥ പേര് കൈലി പൈലാന്റ് എന്നാണ് മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ യുവതി ലഹരിവസ്തുക്കൾക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തി. മരണപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് വരെയും തുടർച്ചയായി 60 ദിവസത്തോളം ലഹരി ഉപയോഗം പതിവായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകിയ മൊഴികളിൽ പറയുന്നു. താരത്തിന്റെ വസതിയിൽ നിന്ന് ഫെന്റനൈൽ, കൊക്കെയ്ൻ, മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കാനുള്ള സാമഗ്രികൾ എന്നിവയും കണ്ടെത്തിയിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മരണകാരണത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകുന്നു. താരത്തിന്റെ ശരീരത്തിൽ കണ്ടെത്തിയ കൊക്കെയ്‌ൻ, ഫെന്റനൈൽ എന്നിവയുടെ അളവ് അമിതമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. 2017-ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് മിനിസീരീസായ 'ഹോട്ട് ഗേൾസ് വാണ്ടഡ്: ടേൺഡ് ഓൺ' എന്ന പരമ്പരയിലും കൈലി പേജ് അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നീലച്ചിത്ര അഭിനേതാക്കൾക്കിടയിലുണ്ടായ ഏഴാമത്തെ മരണമാണ് കൈലി പേജിന്റേത്. ഇത് ഈ രംഗത്തുള്ളവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. പ്രത്യേകിച്ച്, സ്ത്രീകളായ നീലച്ചിത്ര താരങ്ങൾക്കിടയിൽ മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം കൂടുതലാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

നീലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയാകുന്നുണ്ട്. പലരും വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), ഉത്കണ്ഠ, സമ്മർദ്ദം, താഴ്ന്ന ആത്മാഭിമാനം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള നെഗറ്റീവ് കാഴ്ചപ്പാടുകൾ, ആത്മഹത്യാപരമായ ചിന്തകൾ എന്നിവ അനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രശ്നങ്ങളാണ് പലപ്പോഴും ലഹരി ഉപയോഗത്തിലേക്ക് അവരെ നയിക്കുന്നതെന്നാണ് വിലയിരുത്തൽ.