- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി; ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു; കേരളത്തില്‍ വാങ്ങിയവരില്‍ സിനിമാ നടന്മാരും; ഭൂട്ടാന്‍ പട്ടാളത്തിന്റെ കാറുകള്‍ എങ്ങനെ കേരളത്തിലെത്തി; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍
കൊച്ചി: ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച കാറുകള്‍ കടത്തിക്കൊണ്ടുവന്ന റാക്കറ്റും കേരളത്തില്‍ സജീവം. ഇവരില്‍ നിന്നും കാറുകള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിനിമാക്കാരും ഉണ്ട്. നേരത്തെ ഡല്‍ഹിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി വരുന്നവരുടെ തട്ടിപ്പുകള്‍ കേരളം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴും തല്ലിപ്പൊളി വണ്ടികള്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്താറുണ്ട്.
ഇതിനിടെയാ ഭൂട്ടാനില്‍ നിന്നുമുള്ള വാഹന വരവും ചര്‍ച്ചകളില്‍ എ്ത്തുന്നത്. ഇതിലാണ് സിനിമാക്കാരും ഉള്‍പ്പെടുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ നാലു പൊലീസ് ഉദ്യോഗസ്ഥരും കള്ളക്കടത്ത് കാറുകള്‍ വാങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ മലയാള സിനിമയിലെ രണ്ട് നടന്മാരും ഒരു സാങ്കേതിക പ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്നാണ് കണ്ടെത്തല്‍.
റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തിയത്. ഇത് ഹിമാചല്‍ പ്രദേശില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണു കേസ് അന്വേഷിക്കുന്നത്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍, മഹീന്ദ്രടാറ്റ ട്രക്കുകള്‍ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഹിമാചല്‍ പ്രദേശിലെ 'എച്ച്പി52' റജിസ്‌ട്രേഷന്‍ നമ്പറിലാണു കൂടുതല്‍ വാഹനങ്ങളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടത്തെ റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എന്‍ഒസി) ഉള്‍പ്പെടെയാണു കേരളത്തില്‍ കാറുകള്‍ വിറ്റതും. കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ റജിസ്റ്റര്‍ ചെയ്തു 'കെഎല്‍' നമ്പറുകളാക്കി.
5 ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണു ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ചു വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്കു വരെ വിറ്റഴിച്ചുവെന്നാണ് സൂചന. ഭൂട്ടാന്‍ രജിസ്ട്രേഷനുള്ള ആഡംബര കാറുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശ് പോലീസ് വിശദമായ അന്വേഷണം പലവട്ടം നടത്തിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്ത് എത്തിച്ച കാറുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
വാഹനങ്ങള്‍ എങ്ങനെ ഹിമാചല്‍ പ്രദേശില്‍ എത്തിച്ചുവെന്നും, അവ ഉപയോഗിച്ചവര്‍ എന്തുകൊണ്ട് ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്നും പോലീസ് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താനും ഇത്തരം തട്ടിപ്പുകള്‍ തടയാനുമുള്ള കര്‍ശന നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.