- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്തിഷ്കജ്വരവും തലച്ചോറില്‍ ഫംഗസും ഒന്നിച്ചു ബാധിച്ചു; ഗുരുതരാവസ്ഥയിലായ പതിനേഴുകാരന് പുതു ജീവന് നല്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്കജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും ഒരുമിച്ചു ബാധിച്ചയാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ആദ്യം
അമീബയും ഫംഗസും ബാധിച്ച വിദ്യാർഥി പുതുജീവിതത്തിലേക്ക്
തിരുവനന്തപുരം: അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരവും തലച്ചോറില്‍ ഫംഗസും ഒന്നിച്ചു ബാധിച്ച് ഗുരുതരാവസ്ഥയിലായ പതിനേഴുകാരന് ജീവിതത്തിലേക്ക് തിരികെ കയറി. കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് ജീവനെടുക്കുന്ന അപൂര്‍വ്വ രോഗങ്ങള്‍ ഒന്നിച്ച് ബാധിച്ചത്. കുട്ടിയെ ചികിത്സിച്ച ിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് വിദ്യാര്‍ത്ഥിയെ മരണത്തില്‍ നിന്നും കരകയറ്റിയത്. മൂന്നു മാസത്തോളമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ടു. തുടര്‍പരിശോധനയിലും കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമീബയും ഫംഗസും ഒന്നിച്ചു തലച്ചോറിനെ ബാധിക്കുന്നവര്‍ രക്ഷപ്പെടുന്നത് ലോകത്തുതന്നെ ആദ്യമായാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിക്ക് മികച്ച ചികിത്സയും പരിചരണവുമൊരുക്കി കുട്ടിയെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെയും രോഗം കൃത്യമായി നിര്‍ണയിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും ആരോഗ്യസംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കുളത്തില്‍ മുങ്ങി കുളിച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് രോഗം ബാധിച്ചത്.
മൂന്നു മാസം മുന്‍പ് കുളത്തില്‍ മുങ്ങിക്കുളിച്ച കുട്ടിക്ക് പനി പിടിപെട്ടു. ഒരാഴ്ചയ്ക്കു ശേഷമാണ് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിക്ക് ബോധക്ഷയമുണ്ടാവുകയും ഇടതുവശം തളരുകയും ചെയ്തതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. ഉടന്‍ അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സ ആരംഭിച്ചു. തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറില്‍ സമ്മര്‍ദ്ദം കൂടുകയും പഴുപ്പുകെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരത്തു നടത്തിയ എംആര്‍ഐ സ്കാനിങില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതോടെ ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കി. ആദ്യഘട്ട ചികിത്സയ്ക്കു ശേഷവും രോഗം മൂര്‍ച്ഛിച്ചതോടെ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കംചെയ്ത പഴുപ്പ് പരിശോധിച്ചപ്പോഴാണ് ആസ്പര്‍ജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ഇതോടെ മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ദ്ധചികിത്സ തുടര്‍ന്നു. കുട്ടിയുടെ അവസ്ഥയില്‍ മാറ്റമുണ്ടായി തുടങ്ങി. ഒന്നര മാസത്തോളം നീണ്ട ചികിത്സയിലാണ് രോഗം പൂര്‍ണമായും ഭേദമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ന്യൂറോ സര്‍ജറി വിദഗ്ദ്ധനുമായ ഡോ. സുനില്‍ കുമാറാണ് ശസ്ത്രക്രിയകള്‍ക്കു നേതൃത്വം നല്‍കിയത്. ന്യൂറോ സര്ജന്മാരായ ഡോ. രാജ് എസ്.ചന്ദ്രന്, ഡോ. എല്‍.പി.ജ്യോതിഷ്, ഡോ. രാജാകുട്ടി എന്നിവരും മെഡിസിന്, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയില്‍ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം മെഡിസിന്, ന്യൂറോളജി വിഭാഗങ്ങളും പങ്കുചേര്‍ന്നിരുന്നു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.