വാഷിങ്ടണ്‍: ഇന്നലെ യൂട്ടായില്‍ കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ അഭ്യര്‍ഥനയെ ഡെമോക്രാറ്റുകള്‍ എതിര്‍ത്തതോടെ, അമേരിക്കന്‍ പ്രതിനിധി സഭയില്‍ ബഹളം. രാജ്യവ്യാപകമായി കോളേജ് കാമ്പസുകളില്‍ പതിവായി പരിപാടികള്‍ നടത്തുന്ന യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനായ കിര്‍ക്ക്, ഒറെമിലെ യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടിയിലാണ് കഴുത്തില്‍ വെടിയേറ്റു മരിച്ചത്. ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആയിരുന്നു അദ്ദേഹം.

രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് വെടിവയ്പ്പിന് ഒരു മണിക്കൂറിന് ശേഷം ജോണ്‍സണ്‍ സഭയിലെ പ്രസ്താവനയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍, അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും നമുക്ക് പരിഹരിക്കാന്‍ കഴിയണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടയില്‍ ചില അംഗങ്ങള്‍ കിര്‍ക്ക് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, അദ്ദേഹം അകത്തേക്ക് പോയി കിര്‍ക്കിനായി ചേംബര്‍ ഫ്ലോറില്‍ ഒരു നിമിഷം മൗനം ആചരിച്ചു. തുടര്‍ന്ന് സഭാംഗമായ ലോറന്‍ ബോബര്‍ട്ട് കിര്‍ക്കിനായി സഭ ഒരു നിമിഷം പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് സ്ഥിഗതികള്‍ വഷളായത്. ഈ അഭ്യര്‍ത്ഥനയ്‌ക്കെതിരെ ചില ഡെമോക്രാറ്റുകള്‍, ഇല്ല! എന്ന് ഒരേ സ്വരത്തില്‍ ആക്രോശിക്കാന്‍ തുടങ്ങി.

കഴിഞ്ഞ ദിവസം കൊളറാഡോയിലെ എവര്‍ഗ്രീന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് പ്രാര്‍ത്ഥനകള്‍ നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ട് ഒരു ഡെമോക്രാറ്റ് അംഗം രംഗത്തെത്തി. കിര്‍ക്കിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കെതിരെ ഒരു ഡസനോളം ഡെമോക്രാറ്റുകള്‍ പ്രതിഷേധം ഉയര്‍ത്തി. കിര്‍ക്കിനെതിരായ അക്രമത്തിന്റെ കാരണക്കാര്‍ ഡെമോക്രാറ്റുകളാണെന്ന് ഒരു റിപ്പബ്ലിക്കന്‍ അംഗം വിളിച്ചു പറഞ്ഞത് സഭയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി.

ഒടുവില്‍ സ്പീക്കര്‍ക്ക് അംഗങ്ങളെ ശാന്തരാക്കാന്‍ നന്നായി ബുദ്ധിമുട്ടേണ്ടി വന്നു. കിര്‍ക്കുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം സ്പീക്കര്‍ നേരത്തേ പ്രത്യേകം വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളായ നിരവധി പേരാണ് കിര്‍ക്കുമായുള്ള തങ്ങളുടെ ആത്മബന്ധം മാധ്യമങ്ങളുമായി പങ്ക് വെയ്ക്കാന്‍ എത്തിയത്.