കൊച്ചി: അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട പതിമൂന്നുകാരിയുമായി വന്ദേഭാരത് ട്രെയിനില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച് കുടുംബം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കാണ് യാത്ര. എറണാകുളം ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. എയര്‍ ആംബുലന്‍സില്‍ സഞ്ചരിക്കാന്‍ കുട്ടിയ്ക്ക് ബുദ്ധിമുട്ടായതിനാലാണ് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലേക്ക് പോകുന്നത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കൊല്ലത്ത് നിന്ന് വന്ദേഭാരതില്‍ യാത്ര പുറപ്പെട്ടത്.

അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാന്‍ കാത്തുനില്‍ക്കാതെ വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. ഏഴുമണിയോടെ ആശുപത്രിയിലെത്തിക്കും. തിരുവനന്തപുര ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഹൃദയം നിലച്ചുപോകാനുള്ള സാഹചര്യമുണ്ടെന്നും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കൊച്ചിയിലെത്തിക്കുന്നത്.

അടുത്ത ഹൃദയമാറ്റശസ്ത്രക്രിയ കൊച്ചിയിലാണ് നടക്കാന്‍ സാധ്യത എന്നതിനാല്‍ ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. അടിയന്തരമായി ആശുപത്രിയിലെത്താന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.

കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ എയര്‍ ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയിലെത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ആശുപത്രിയിലെത്തിച്ചയുടനെ പരിശോധനകള്‍ക്ക് ശേഷം അടിയന്തരശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.

കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഇന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എല്ലാ സഹായങ്ങളും മന്ത്രി ഉറപ്പ് നല്‍കി. കുട്ടിയുടെ യാത്രക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്റെ ഓഫീസില്‍ നിന്ന് ഇടപെട്ടാണ് വന്ദേഭാരതില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുട്ടി. മൂന്ന് വര്‍ഷമായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഇന്നാണ് കുട്ടിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭ്യമാണെന്ന വിവരം ലിസി ആശുപത്രിയില്‍ നിന്ന് കുടുംബത്തിന് ലഭിച്ചത്. ശ്രീചിത്ര ആശുപത്രിയില്‍ ആയിരുന്നു കുട്ടിയുടെ ചികിത്സ. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് ലിസി ആശുപത്രിയില്‍ നിന്ന് ഹൃദയം ലഭ്യമാണെന്ന് വിവരം ലഭിച്ചത്.

എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കാനുള്ള നടപടി വേഗത്തിലാക്കുന്നതിനിടെ കുട്ടി ബുദ്ധിമുട്ടുകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ദേഭാരതില്‍ കുട്ടിയെ എറണാകുളത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. ആറരയോടൂകൂടി വന്ദേഭാരത് എറണാകുളത്ത് എത്തും. എത്രയും വേഗം ട്രെയിന്‍ എറണാകുളത്ത് എത്തിക്കാനുള്ള നിര്‍ദേശം റെയില്‍വേ ഉദ്യോദഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തടസമുണ്ടാകില്ലെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.