ടോക്കിയോ: ജപ്പാനില്‍ നിന്ന് ഫിലിപ്പൈന്‍സിലേക്കുള്ള യാത്രക്കിടെ ഇന്നലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ തീപിടിത്തം ഉണ്ടായി. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തേണ്ടി വന്നു. പറക്കുന്നതിനിടെ, വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ തീജ്വാലകള്‍ ഉണ്ടായതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. യാത്ര ആരംഭിച്ച് വെറും 50 മിനിട്ടിനുള്ളിലാണ് സംഭവം ഉണ്ടായത്. 142 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ജപ്പാന് മുകളിലൂടെ പറന്നു കൊണ്ടിരിക്കുന്ന സമയത്താണ് അപകട സൂചന ലഭിച്ചത്. തുടര്‍ന്ന് വിമാനം ഒസാക്കയ്ക്കടുത്തുള്ള കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. റണ്‍വേയിലേക്ക് വിമാനം ഇറങ്ങിയതിന് തൊട്ടു പിന്നാലെ അഗ്‌നിശമന വിഭാഗവും രക്ഷാപ്രവര്‍ത്തകരും പാഞ്ഞെത്തിയിരുന്നു. എന്നാല്‍ വിമാനത്തിന്റെ പുറംഭാഗത്ത് കേടുപാടുകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ രണ്ട് യാത്രക്കാരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുണൈറ്റഡ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

അതേ സമയം കന്‍സായി ഇന്റര്‍നാഷണലില്‍ നടത്തിയ പരിശോധനയില്‍ തീപിടിത്തം ഉണ്ടായതിന്റെ സൂചനകളൊന്നും ജീവനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാര്‍ സ്ലൈഡുകള്‍ വഴി ഇറങ്ങിയതായും യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ബോയിംഗ് 737-800 വിമാനത്തില്‍ തീപിടുത്തമുണ്ടാകുമെന്ന മുന്നറിയിപ്പിന് കാരണമായത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്തതിനാല്‍ നേരിയ അസ്വസ്ഥത തോന്നിയെന്നും എന്നാല്‍ ആശയക്കുഴപ്പം ഒന്നും ഉണ്ടായിട്ടില്ലെന്നും ഒരു യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടിയന്തര ലാന്‍ഡിംഗിന് ശേഷം, ഒഴിഞ്ഞുമാറാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു എന്നും ആ സമയത്ത് പരിഭ്രാന്തി ഉണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് എങ്ങനെ പരിക്കേറ്റു എന്നതിനെക്കുറിച്ച് വിമാനക്കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലെ ഇല്ലിനോയിസിലെ ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എയര്‍ലൈന്‍, ലോകത്തിലെ ഏറ്റവും പ്രധാന വിമാന കമ്പനികളില്‍ ഒന്നാണ്. യു.എസിനുള്ളിലെ ഹ്രസ്വദൂര യാത്രകള്‍ക്കും ലോകമെമ്പാടുമുള്ള ദീര്‍ഘയാത്രകള്‍ക്കുമായി നിരവധി വിമാനങ്ങളാണ് കമ്പനിക്കുള്ളത്.

എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ സ്ഥാപനം ചില പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം കമ്പനിയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാറ് യുഎസിലുടനീളം മണിക്കൂറുകളോളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും കാലതാമസത്തിനും ഇടയാക്കിയിരുന്നു. ഷിക്കാഗോയിലേക്ക് പോകുന്ന യുണൈറ്റഡിന്റെ എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു. മെയ് മാസത്തില്‍, സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യുണൈറ്റഡ് പാസഞ്ചര്‍ വിമാനങ്ങള്‍ നിലത്ത് ടാക്സി ചെയ്യുന്നതിനിടെ ചിറകുകള്‍ കൂട്ടിയിടിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, സാങ്കേതിക തകരാറുകള്‍ കാരണം ഒന്നിലധികം വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതരായിരുന്നു.

എയര്‍ലൈന്‍ റിവ്യൂ സൈറ്റായ എയര്‍ലൈന്റേറ്റിംഗ്‌സിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം യുഎസിലെ ഏറ്റവും സുരക്ഷിതമായ ഫുള്‍-സര്‍വീസ് എയര്‍ലൈനുകളില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.