- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂ; മാറ്റത്തിനായി നമ്മുടെ വിദ്യാഭ്യാസ രീതി കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് പുറത്തുവരണമെന്ന് ഗവര്‍ണര്‍; ഫ്യൂച്ചര്‍ കേരള മിഷന്‍: കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ ലെക്ച്ചര്‍ സീരിസിനും ഐഡിയ ഫെസ്റ്റിനും തുടക്കം കുറിച്ച് രാജേന്ദ്ര അര്‍ലേക്കര്‍
കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ ലെക്ച്ചര്‍ സീരിസിനും ഐഡിയ ഫെസ്റ്റിനും തുടക്കമായി
കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂര്‍ണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ച ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായുള്ള ലെക്ചര്‍ സീരിസിന്റെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിങ്ങും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
വികസിത ഭാരതം എന്ന സങ്കല്‍പ്പത്തിന് കേവലം സാമ്പത്തിക അളവുകോലുകള്‍ക്കപ്പുറം വിശാലമായ അര്‍ത്ഥങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭൗതികമായ സമൃദ്ധി എന്ന ആശയത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള ആശയം തികച്ചും വ്യത്യസ്തമാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക സ്ഥിരത മാത്രം അടിസ്ഥാനമാക്കി വികസിത രാജ്യം എന്ന് പറയാന്‍ കഴിയില്ല. ഭാരതീയ തത്വചിന്തയനുസരിച്ച് യഥാര്‍ത്ഥ വികസനത്തിന്റെ അടിസ്ഥാനം 'സര്‍വേ ജാ സുഖിനോ ഭവന്തു' എന്ന ദര്‍ശനമാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ സമഗ്രമായ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം.
കൊളോണിയല്‍ കാഴ്ചപ്പാടുകളില്‍ നിന്ന് ഭാരതീയ ചിന്തയെ മോചിപ്പിക്കാനുള്ള സുപ്രധാന ശ്രമമാണിത്. അടിമത്ത മനോഭാവമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിലൂടെയല്ല, മറിച്ച് സ്വാഭിമാനവും പുരോഗമന ചിന്തയുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെയാണ് വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുക എന്നും ഗവര്‍ണര്‍ പറഞ്ഞു.
ചെറിയ സംസ്ഥാനമായ ഗോവയ്ക്ക് പോലും നിരവധി സമുദ്ര അനുബന്ധ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള മാറ്റത്തിനായി നമ്മുടെ വിദ്യാഭ്യാസ രീതി കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് പുറത്തുവരണം. തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിന് പകരം സംരംഭകരെ വാര്‍ത്തെടുക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറണം. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ സാംസ്‌കാരിക വേരുകളുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പാണ്. കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യമാണ് ഭാവിയുടെ പുരോഗതിക്ക് അടിത്തറ പാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഫ്യൂച്ചര്‍ കേരള മിഷന്‍ എന്നത് കേവലം ഒരു വിദ്യാഭ്യാസ പദ്ധതി മാത്രമല്ല, സമൂഹത്തെയും ഭരണനിര്‍വഹണത്തെയും ഒരുപോലെ ക്രിയാത്മകമായി മാറ്റിമറിക്കാന്‍ ലക്ഷ്യമിടുന്ന ഒരു കൂട്ടായ പരിശ്രമമാണെന്ന് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു. പരമ്പരാഗത പാഠ്യപദ്ധതികള്‍ക്ക് അതീതമായി യഥാര്‍ത്ഥ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും വിമര്‍ശനാത്മകമായി ചിന്തിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സര്‍വ്വകലാശാലയോടൊപ്പം സമൂഹത്തോടും ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ മിഷന്‍ പ്രവര്‍ത്തിക്കുന്നത്. നൂതനവും ഊര്‍ജ്ജസ്വലവുമായ ഒരു ഭാവിക്കുവേണ്ടി കേരളത്തെ വാര്‍ത്തെടുക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും പ്രൊ വൈസ് ചാന്‍സിലര്‍ പറഞ്ഞു.
എല്ലാ മാസവും പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര കേരളത്തിന്റെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി പറഞ്ഞു.
'സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റ് കേരളം നേരിടുന്ന വികസന, സാമൂഹിക വെല്ലുവിളികള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. മാലിന്യം കലാരൂപങ്ങളാക്കി മാറ്റുക, കൊച്ചിക്കായി ജലമലിനീകരണ സൂചിക നിര്‍മ്മിക്കുക, കുളവാഴ പ്രശ്‌നത്തിന് പരിഹാരം കാണുക, വ്യവസായ പ്രമുഖരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ 'പ്രൊഫസേഴ്‌സ് ഓഫ് പ്രാക്ടീസ്' തുടങ്ങിയ പദ്ധതികളും ഫ്യൂച്ചര്‍ കേരള മിഷന്റെ' ഭാഗമായി നടപ്പാക്കും. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്ന് മാറി, സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് സര്‍വ്വകലാശാല ഇതിലൂടെ ശ്രമിക്കുന്നത് ' - അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ.ഡോ. ജെ. ലത, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജാമണി, കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. മധു കുമാര്‍, ഫിനാന്‍സ് മേധാവി രാധാകൃഷ്ണന്‍, മറ്റ് വിശിഷ്ടാതിഥികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.