ന്യൂഡല്‍ഹി: ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍ മിഗ് 21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍നിന്നു വിടവാങ്ങുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങള്‍ സെപ്തംബര്‍ 26ന് വിരമിക്കും. 62 വര്‍ഷത്തെ സേവനത്തിനിടെ, 1971 ലെ യുദ്ധം, കാര്‍ഗില്‍ യുദ്ധം, മറ്റ് നിരവധി ദൗത്യങ്ങള്‍ എന്നിവയില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചു. ചണ്ഡീഗഡ് എയര്‍ബേസില്‍ വെച്ചാണ് യുദ്ധവിമാനത്തിന് വിട നല്‍കുക. വ്യോമസേനയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന 2 മിഗ് 21 സ്‌ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം.

1965ലെയും 71ലെയും ഇന്ത്യ-പാക് യുദ്ധങ്ങള്‍, 99ലെ കാര്‍ഗില്‍ യുദ്ധം, 2019ലെ ബാലകോട്ട് ആക്രമണം, ഏറ്റവും ഒടുവില്‍ ഓപ്പറേഷന്‍ സിന്ദൂര്‍... ഇങ്ങനെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ പോര്‍മുഖങ്ങളില്‍ എല്ലാം ഇന്ത്യയുടെ കുന്തമുനയായിരുന്നു മിഗ് 21. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലും പിന്‍കാലത്ത് പറക്കും ശവപ്പെട്ടി എന്നുവരെ പഴികേള്‍ക്കേണ്ടി വന്ന യുദ്ധവിമാനം. ആ പോരാളിക്ക് യാത്രയയപ്പ് നല്‍കുന്നതോടെ വിരാമമാകുന്നത് ശത്രുക്കളില്‍നിന്ന് രാജ്യത്തെ സംരക്ഷിച്ച ഒരുപിടി ഓര്‍മകള്‍ക്ക് കൂടിയാണ്.

1960കള്‍, മിഗ് 21 ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ പേരെടുത്തിരുന്ന സമയം. അക്കാലത്താണ് ഇന്ത്യയും പുതിയൊരു യുദ്ധവിമാനം വാങ്ങാന്‍ തയ്യാറെടുക്കുന്നത്. അമേരിക്കന്‍ യു-2 നിരീക്ഷണ വിമാനത്തെ നേരിടാനുതകുന്ന ഫൈറ്റര്‍ ജെറ്റായിരുന്നു ലക്ഷ്യം. അങ്ങനെയിരിക്കെ 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം സൈനികശക്തി വര്‍ധിപ്പിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമായിവന്നു. അക്കാലത്ത് പാകിസ്ഥാനില്‍നിന്നുള്ള വര്‍ധിച്ച വെല്ലുവിളി നേരിടാനും എന്തിനുംപോന്നൊരു യുദ്ധവിമാനം വ്യോമസേനയ്ക്ക് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് 1963 ഒക്ടോബറില്‍ സോവിയറ്റ് യൂണിയനില്‍നിന്ന് ഇന്ത്യ മിഗ് 21 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

കരാറിന്റെ ഭാഗമായി, സോവിയറ്റ് യൂണിയന്‍ സാങ്കേതികവിദ്യയുടെ പൂര്‍ണ കൈമാറ്റവും ഇന്ത്യയ്ക്ക് നല്‍കി. അന്നുമുതല്‍ നാളിന്നുവരെ ഏകദേശം 900 മിഗ് 21 വ്യോമസേനയുടെ ഭാഗമായി. ഇതില്‍ 657 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചവയാണ്. ഇതില്‍ അവസാന ബാച്ചിലുള്ള 36 വിമാനങ്ങളാണ് എന്നെന്നേക്കുമായി നിലംതൊടുന്നത്.

1963 ലാണ് മിഗ്-21 ആദ്യമായി ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത് . ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍സോണിക് ജെറ്റായിരുന്നു, അതായത് ശബ്ദ വേഗത്തേക്കാള്‍ മുമ്പേ പറക്കാന്‍ ഇതിന് കഴിയും (സെക്കന്‍ഡില്‍ 332 മീറ്റര്‍).യുദ്ധവിമാനത്തിന്റെ അവസാന രണ്ട് സ്‌ക്വാഡ്രണുകള്‍ (36 മിഗ്-21 വിമാനങ്ങള്‍) രാജസ്ഥാനിലെ ബിക്കാനീറിലെ നാല്‍ എയര്‍ബേസിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അവ നമ്പര്‍ 3 സ്‌ക്വാഡ്രണ്‍ കോബ്രാസ്, നമ്പര്‍ 23 സ്‌ക്വാഡ്രണ്‍ പാന്തേഴ്സ് എന്നിങ്ങനെ അറിയപ്പെടുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 400 ലധികം മിഗ്-21 വിമാനങ്ങള്‍ തകര്‍ന്നുവീണു. 200 ലധികം പൈലറ്റുമാര്‍ മരിച്ചു. അതുകൊണ്ടാണ് യുദ്ധവിമാനത്തെ 'പറക്കുന്ന ശവപ്പെട്ടി' എന്നും 'വിധവ നിര്‍മാതാവ്' എന്നും അധിക്ഷേപം ഏറ്റുവാങ്ങിയാണ് വിടവാങ്ങുന്നത്.

1965ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധ വേളയില്‍ മിഗ് 21 വ്യോമസേനയുടെ ഭാഗമായിരുന്നെങ്കിലും അവ പോര്‍മുഖത്ത് പരിമിതമായി മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. പിന്നീട് നടന്ന 71-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ മിഗ് 21 ആയിരുന്നു ഇന്ത്യയുടെ വജ്രായുധം. 99 കാര്‍ഗില്‍ യുദ്ധത്തിലും മിഗ് 21 നിര്‍ണായക കരുത്തായി. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്ലാന്റിക് വിമാനത്തെ അത് വെടിവെച്ചിട്ടു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള 2019-ലെ ബാലകോട്ട് ആക്രമണത്തിലും 2025ലെ ഓപ്പറേഷന്‍ സിന്ദൂറിലും മിഗ് 21 പങ്കാളിയായി. 2019 ഫെബ്രുവരി 27-ന് പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഉപയോഗിച്ചതും മിഗ് 21 ആയിരുന്നു. അന്ന് പാകിസ്താന്റെ പോര്‍വിമാനമായ സാങ്കേതികതയില്‍ ഒരുപടി മുന്നിലുള്ള എ16യെ വെടിവെച്ചിട്ടതും മിഗ് 21 ആയിരുന്നു. 2010ഓടെ റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങള്‍ വന്നതോടെയാണ് മിഗ് 21 വ്യോമസേനയില്‍നിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്. റഷ്യക്കും ചൈനക്കും ശേഷം മിഗ്-21 വിമാനങ്ങള്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വലിയ കമ്പനിയാണ് ഇന്ത്യ. 1964 ല്‍ ആദ്യത്തെ സൂപ്പര്‍സോണിക് യുദ്ധവിമാനമായി ഈ വിമാനം വ്യോമസേനയില്‍ ഉള്‍പ്പെടുത്തി. ആദ്യമാദ്യം ജെറ്റുകള്‍ റഷ്യയിലാണ് നിര്‍മിച്ചത്, പിന്നീട് ഇന്ത്യ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അവകാശവും സാങ്കേതികവിദ്യയും നേടി. 900 മിഗ്-21 ജെറ്റുകള്‍ വാങ്ങി, ഇപ്പോള്‍ 36 എണ്ണം മാത്രം, 900 എണ്ണത്തില്‍ 660 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ചവയാണ്.

മിഗ് 21 സ്‌ക്വാഡ്രന്‍ ഇല്ലാതാകുമ്പോള്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാകും 29 സ്‌ക്വാഡ്രന്‍. നിലവിലെ സാഹചര്യത്തില്‍ വ്യോമസേനയ്ക്കു 42 സ്‌ക്വാഡ്രനുകള്‍ വേണമെന്നാണു വിലയിരുത്തല്‍. പ്രവര്‍ത്തിക്കുന്നതു 31 എണ്ണവും. സെപ്റ്റംബറില്‍ ഇതു 29 ആയി ചുരുങ്ങും. 16 മുതല്‍ 18 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓരോ സ്‌ക്വാഡ്രനും.

മിഗ് 21 പിറവി

1950കളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കലുഷിതമായിരുന്ന കാലത്താണ് മിഗ് 21 യുദ്ധവിമാനത്തിന്റെ പിറവി. അമേരിക്കന്‍ ബോംബറായ ബോയിങ് ബി-52നെ നേരിടുകയായിരുന്നു പ്രധാനലക്ഷ്യം. മികോയാന്‍ ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയായിരുന്നു വിമാനത്തിന്റെ നിര്‍മാതാവ്. അതിന്റെ ചുരുക്കെഴുത്തായാണ് വിമാനത്തിന് മിഗ് എന്നുപേരുവന്നത്.

ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ സൈനിക ശക്തിയുടെ പ്രതീകമായാണ് മിഗ് 21 വിലയിരുത്തപ്പെട്ടത്. അക്കാലത്ത് സോവിയറ്റ് സേനയുടെ ഭാഗമായുണ്ടായിരുന്ന മിഗ് 21 വിമാനങ്ങളുടെ എണ്ണം നാറ്റോയുടെ എല്ലാ വ്യോമസേനകളുടേയും പോര്‍വിമാനങ്ങളെക്കാള്‍ കൂടുതലായിരുന്നു. 1959 മുതല്‍ 11,496 മിഗ് 21 പോര്‍വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടു. പല കാലഘട്ടങ്ങളിലായി ഏകദേശം 60 രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി കാത്തതിന്റെ പാരമ്പര്യവുമുണ്ട് മിഗ് 21-ന്.

ഒറ്റ എന്‍ജിന്‍ യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനമാണ്. ഭാരം കുറഞ്ഞതും പെട്ടന്ന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ഇതിന് പരമാവധി പറക്കല്‍ സമയം 30 മിനിറ്റാണ്. മുകളിലേക്ക് 20 കിലോമീറ്റര്‍വരെ ഉയര്‍ന്ന് അരമണിക്കൂറിനുള്ളില്‍ ബോംബിട്ട് തിരികെയെത്താന്‍ മാത്രം രൂപകല്പന ചെയ്തവയാണ് ഇവ. അതിവേഗത്തില്‍ ശത്രുക്കളെ അക്രമിക്കാന്‍ കഴിയുന്ന മിഗ് 21ന് ചാരവിമാനങ്ങളെ വെടിവെച്ചിടലായിരുന്നു പ്രാഥമിക ദൗത്യം. പരമാവധി വേഗം മണിക്കൂറില്‍ 2,230 കിലോ മീറ്ററാണ്. 90കള്‍ക്ക് മുമ്പ് ഏറ്റവും തന്ത്രപരമായി കൈകാര്യം ചെയ്യാവുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നായിരുന്നു മിഗ്-21. വ്യോമയാനചരിത്രത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതും ഇന്ത്യയില്‍ കൂടുതല്‍കാലം സേവനത്തിലുണ്ടായിരുന്ന യുദ്ധവിമാനവും ഇതാണ്.

പറക്കും ശവപ്പെട്ടി, വിധവകളാക്കുന്ന വിമാനം

വിജയങ്ങള്‍ക്കൊപ്പം തന്നെ ദുരന്തങ്ങളുടെ ഒരുനീണ്ട കഥയും മിഗ് 21ന് പറയാനുണ്ട്. വിമാനം ഇന്ത്യയിലെത്തിയ 1963ല്‍ തന്നെ ആദ്യ അപകടമുണ്ടായി. രണ്ടുവിമാനങ്ങളാണ് ആ വര്‍ഷം തകര്‍ന്നത്. തുടര്‍ന്ന് മിഗിനെ കാത്തിരുന്നത് മുന്നൂറോളം അപകടങ്ങള്‍. 60 വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ തവണ മിഗ് വിമാനങ്ങള്‍ നിലംപൊത്തി. 171 പൈലറ്റുമാര്‍ക്കും 39 സാധാരണക്കാര്‍ക്കും യുദ്ധവിമാനം തകര്‍ന്നുവീണ് ജീവന്‍ നഷ്ടമായെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി 2012-ല്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

സൈനിക വ്യോമയാന മേഖലയില്‍ അപകടങ്ങള്‍ പതിവാണെങ്കിലും ഇന്ത്യയുടെ ക്രാഷ് നിരക്ക് വളരെ ഉയര്‍ന്നതാണെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നത്. കാലഹരണപ്പെട്ട യുദ്ധവിമാനങ്ങള്‍, മോശം അറ്റകുറ്റപ്പണികള്‍, അപര്യാപ്തമായ പരിശീലനം എന്നിവയെല്ലാം ഇതിന് കാരണങ്ങളായി നിരത്തപ്പെട്ടു. മിഗ്-21ന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടിയത് അവയുടെ പഴക്കം തന്നെയാണ്. തുടര്‍ച്ചയായി അപകടങ്ങള്‍ അവര്‍ത്തിച്ചതോടെ വിമര്‍ശകര്‍ ഇതിന് 'പറക്കും ശവപ്പെട്ടി' എന്ന പരിഹാസപ്പേരുമിട്ടു. 'വിധവകളാക്കുന്ന വിമാനം' എന്നതായിരുന്നു കളിയാക്കി വിളിച്ച മറ്റാരു പേര്.