- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനങ്ങളെ പാക് ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത് എന്തിന്? തിങ്കളാഴ്ച സര്‍ക്കാര്‍ വക ബോംബാക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധം; തെഹ്രികി താലിബാന്‍ ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നെന്നും പള്ളികളില്‍ ബോംബ് ശേഖരിക്കുന്നുവെന്നും ആരോപണം; പ്രവിശ്യയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം കൈവിട്ടുപോകുന്നു
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനങ്ങളെ പാക് ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത് എന്തിന്?
ഇസ്ലാമാബാദ്: സ്വന്തം നാട്ടുകാരുടെ മേല്‍ ബോംബിടുക. 30 സാധാരണക്കാര്‍ തല്‍ക്ഷണം കൊല്ലപ്പെടുക. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, പാക് ഭരണകൂടത്തിന് അവരുടേതായ ന്യായങ്ങള്‍ ഉണ്ടുതാനും.
പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്റെ ചൈന നിര്‍മ്മിത ജെ-17 യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിച്ചതായും, ഇതില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, കൊല്ലപ്പെട്ടവരെല്ലാം സാധാരണ ഗ്രാമവാസികളാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മുന്‍പും ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ ഭീകരവിരുദ്ധ നീക്കങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഡ്രോണ്‍ ആക്രമണങ്ങളും ഈ മേഖലയില്‍ നടന്നിരുന്നു. പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവനോടുള്ള അവഗണനയാണ് ഇത്തരം സംഭവങ്ങള്‍ കാണിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ ആരോപിച്ചിരുന്നു.
ദുരിതം വിതയ്ക്കുന്ന ഭരണകൂടത്തിന് എതിരെ പ്രതിഷേധം
കൂട്ടക്കൊല ഖൈബര്‍ പഖ്തൂന്‍ഖ്വയില്‍ വന്‍പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. സമീപ കാലത്തായി ഇവിടെ ഭീകരാക്രമണങ്ങളും പെരുകിയിരിക്കുകയാണ്. അതിനിടെയാണ് സര്‍ക്കാര്‍ വക ബോംബുവര്‍ഷം. കഴിഞ്ഞാഴ്ച പ്രവിശ്യയിലെ സ്വാത് താഴ് വരയിലെ മിംഗോര നഗരത്തില്‍ സമാധാനം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ പങ്കെടുത്ത വന്‍പ്രതിഷേധ പ്രകടനം ഉണ്ടായിരുന്നു. ഡ്രോണ്‍ ആക്രമണങ്ങളും, ബോംബാക്രമങ്ങളും ജനങ്ങളുടെ മനസ്സില്‍ വലിയ വിദ്വേഷത്തിന്റെ വിത്തുകളാണ് പാകിയിരിക്കുന്നതെന്ന് പാക്കിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ കക്ഷി തെഹ്രികി ഇന്‍സാഫ് വിമര്‍ശിച്ചിരുന്നു.
അഫ്ഗാനിസ്ഥാനുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലെ, ഭീകരവിരുദ്ധ നടപടികളുടെയും ഇന്റലിജന്‍സിന്റെയും നിലവാരത്തെ കുറിച്ചും സംഭവം ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. സാധാരണക്കാരെ മറയാക്കി ഭീകരര്‍ പ്രവിശ്യയില്‍ തമ്പടിച്ചിരിക്കുകയാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബോംബാക്രമണമെന്ന് പാക് സേന അവകാശപ്പെട്ടു. എന്നാല്‍, സംഗതി പാളി പോയി എന്നാണ് സാധാരണക്കാരുടെ മരണസംഖ്യയില്‍ നിന്ന് മനസ്സിലാകുന്നത്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന്റെ കഴിവുകേടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ ഉയരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഖൈബര്‍ പ്രവിശ്യയിലെ കട്‌ലാങ് പ്രദേശത്ത് തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോഴും ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നു എന്ന ന്യായവാദമാണ് സര്‍ക്കാര്‍ പറഞ്ഞത്.
വിദൂര മലപ്രദേശമായ ഖൈബര്‍ പഖ്തൂന്‍ഖ്വയിലെ ഭീകര സാന്നിധ്യം പാക്കിസ്ഥാനിലെ സര്‍ക്കാരുകളുടെ ദീര്‍ഘനാളായുള്ള തലവേദനയാണ്. ഈ മേഖലയുടെ നിയന്ത്രണം വരുതിയിലാക്കാനാണ് ശ്രമം.
എന്തിനാണ് ഖൈബറില്‍ ബോംബിട്ടത്?
അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹ്രികി താലിബാന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രമാണ് പാക് സേന ലക്ഷ്യമിട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് അഫ്ഗാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്ന് പാക് ഭരണകൂടം ആരോപിക്കുന്നുണ്ടെങ്കിലും കാബൂള്‍ അത് തള്ളിക്കളയുകയാണ്. അക്രമം നിയന്ത്രിക്കാന്‍ കഴിയാത്തതിന് തങ്ങളെ വെറുതെ പഴിക്കുകയാണെന്നാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ വാദം.
ടിടിപിയുടെ രണ്ടുകമാന്‍ഡര്‍മാര്‍, അമന്‍ ഗുല്ലും, മസൂദ് ഖാനും ഗ്രാമത്തില്‍ ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണക്കാരെ മനുഷ്യകവചമാക്കിയിരിക്കുകയാണെന്നും ഖൈബര്‍ പൊലീസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. നാടന്‍ ബോംബുകള്‍ നിര്‍മ്മിച്ച് സമീപത്തെ പള്ളിയില്‍ ശേഖരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. തെക്കന്‍ വസിരിസ്ഥാനില്‍ 12 പാക് സൈനികരുടെ മരണത്തിനിടയാക്കിയ ടിടിപി ഒളിയാക്രമണത്തിന് മറുപടിയാണ് തിങ്കളാഴ്ചത്തെ ആക്രമണമെന്നും പറയുന്നു. എന്തായാലും ഖൈബര്‍ പഖ്തൂന്‍ഖ്വയെ ടിടിപിയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കാനുള്ള പാക് സേനയുടെ പരിശ്രമം കൈവിട്ടുപോകുന്ന സ്ഥിതിയാണ്.