കാസര്‍കോട്: സ്‌കൂളിലേക്ക് ബസ് കാത്തുനില്‍ക്കവെ കളഞ്ഞുകിട്ടിയ കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നോട്ട് ബുക്കിലെ പേപ്പറില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. 'ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളും.'-എന്നാണ് കുട്ടികള്‍ കത്തില്‍ എഴുതിയിരുന്നത്. കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവായുള്ള ഈ കത്തും കത്ത് എഴുതിയ വിദ്യാര്‍ഥികളുടെ പേരും ചിത്രങ്ങളും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹമാണ്.

കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറാന്‍ നില്‍ക്കുന്നതിനിടെയാണ് കണ്ണട കിട്ടിയത്. ഉടന്‍ നോട്ട് ബുക്കില്‍ നിന്ന് ഒരു കടലാസ് ചിന്തിയെടുത്ത് ആദി എഴുതിത്തുടങ്ങി. 'സ്‌കൂള്‍ ബസ് കേറാന്‍ നില്‍ക്കുന്ന കുട്ടികള്‍: ഈ കണ്ണാടി വീണുകിട്ടിയതാണ്, ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ എടുത്തോളും. രാവിലെ എട്ടര മുതല്‍ ഒമ്പത് മണി വരെ നമ്മള്‍ ഉണ്ടാകും''. കൂട്ടുകാരായ ശങ്കുവിന്റെയും പാച്ചുവിന്റെയും പേരുകളും കുറിപ്പിലുണ്ട്. കൂടെയൊരു കണ്ണടയും.

പെരിങ്ങാരയിലെ വള്ളിയില്‍ കൃഷ്ണന്റെ കണ്ണടയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. കണ്ണട അന്വേഷിച്ച് അദ്ദേഹത്തിന്റെ മകന്‍ ബസ് സ്റ്റോപ്പില്‍ എത്തിയതോടെയാണ് കണ്ണടക്കൊപ്പം കുട്ടികളുടെ ഹൃദയഹാരിയായ കുറിപ്പും കരുതലും കണ്ടെത്തിയത്. കുട്ടികളുടെ കരുതലിനെ കുറിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സമൂഹ മാധ്യമത്തില്‍ കുറിപ്പു പങ്കുവെച്ചു.

സ്‌കൂളിലേക്ക് പോകുമ്പോള്‍ കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തന്നെ തിരികെ കിട്ടാനുള്ള ജാഗ്രതയാണ് കയ്യൂര്‍-ചീമേനി കൂളിയാട് ഗവ. ഹൈസ്‌കൂളിലെ എട്ടാം തരത്തിലെ ആദിദേവും ആറിലെ ആര്യതേജും അഞ്ചിലെ നവനീതും കുറിപ്പിലൂടെ ഉറപ്പുവരുത്തിയത്. ഇവരുടെ കരുതലും കുറിപ്പും സാമൂഹിക പ്രതിബദ്ധതയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

അനില്‍ കല്യാണി എഴുതി: എന്നെ അത്ഭുതപെടുത്തിയ എന്റെ നാട്ടിലെ കുഞ്ഞു മക്കള്‍.. ഈ കുഞ്ഞു മക്കളുടെ ചിന്തയെ എന്ത് വെച്ചാണ് ഞാന്‍ അളക്കേണ്ടത്? എന്റെ പ്രിയപ്പെട്ട ആദിയും പാച്ചുവും ശങ്കുവും. നിങ്ങള്‍ക്ക് മുന്നില്‍ നമ്മളൊക്കെ വല്ലാതെ ചെറുതാകുന്നോല്ലോ മക്കളെ....

പുതിയകാലത്തെ മക്കളെ പരമ്പരാഗത കണ്ണ് കൊണ്ട് കാണാതെ, പുതിയ കണ്ണും പുതിയ കണ്ണടയും വേണ്ടുന്നത് നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ആണ്. മുതിര്‍ന്നവര്‍ക്ക് തന്നെയാണ്. വൈറലായ കുറിപ്പ് പങ്കുവെച്ച് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അക്കാളത്ത് ഷൗക്കത്തലി ഇങ്ങനെ കുറിച്ചത് എന്റെ സ്‌കൂളിലെ മക്കളാണ് എന്നായിരുന്നു.

മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

'സത്യസന്ധതയും പരസ്പരസഹകരണവും നമ്മുടെ കുട്ടികള്‍ നമ്മെ പഠിപ്പിക്കുകയാണ്.'

ചീമേനിയില്‍ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോള്‍ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവര്‍ സ്‌കൂള്‍ ബസില്‍ കയറുന്നതിനിടയില്‍ വഴിയില്‍ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാന്‍ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.

'ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിന്റെ ഉടമസ്ഥന്‍ വന്നു എടുത്തോളു.' ഈ വാക്കുകള്‍, കുട്ടികളുടെ നിര്‍മലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.

അതിയായ അഭിമാനത്തോടെ പറയാം, നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠനത്തിലും സാമൂഹ്യജീവിതത്തിലും മറ്റുള്ളവര്‍ക്കുള്ള കരുതലിലും മാതൃകകളായി മാറുന്നു.

ആദിയും, പാച്ചുവും, ശങ്കുവും നിങ്ങളെന്ന കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണ്.

വിദ്യാഭ്യാസം നമ്മെ അറിവിലേക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ പാതയിലേക്കാണ് നയിക്കേണ്ടത്. നമ്മുടെ കുട്ടികള്‍ തന്നെയാണ് അതിന് തെളിവാകുന്നത്.