ന്യൂഡല്‍ഹി: സിനിമാ മേഖലക്കാകെയുള്ള പുരസ്‌കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടന്‍ മോഹന്‍ലാല്‍. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പുരസ്‌കാരം മലയാള സിനിമക്കും, പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്‌കാരത്തെക്കാണുന്നത്. അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയില്‍ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതില്‍ അങ്ങേയറ്റം വിനയാന്വിതനാണ്. ഈ നിമിഷം എന്റേത് മാത്രമല്ല. ഇത് മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. നമ്മുടെ സിനിമയുടെ പാരമ്പര്യത്തിനും സര്‍ഗാത്മകതയ്ക്കുമുള്ള ഒരു കൂട്ടായ ആദരവായിട്ടാണ് ഈ പുരസ്‌കാരത്തെ ഞാന്‍ കാണുന്നത്.

ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍, എന്നെ വികാരാധീനനാക്കിയത് ഈ ബഹുമതി മാത്രമല്ലായിരുന്നു. മറിച്ച് നമ്മുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദം മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ലഭിച്ചതിലാണ്. മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവര്‍ക്കും വേണ്ടി ഈ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യം പറഞ്ഞാല്‍, ഈ ഒരു നിമിഷം എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല', മോഹന്‍ലാല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പം അവാര്‍ഡ് ദാന വേദിയില്‍ ഉണ്ടായിരുന്നു. സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെയാണ് ഈ മുഹൂര്‍ത്തത്തിന് സാക്ഷികളായത്.

മോഹന്‍ലാലിനെ പ്രശംസിച്ച് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ്

2023ലെ പരമോന്നത പുരസ്‌ക്കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ 'ലാലേട്ടന്‍' എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാ?ഗതം ചെയ്തത്. മോഹന്‍ലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കള്‍ ഒരു ഉ?ഗ്രന്‍ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ സിനിമാ ജീവിതം സദസില്‍ സ്‌ക്രീന്‍ ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്‌കാരം. 2004-ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. പത്തുലക്ഷം രൂപയും സ്വര്‍ണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി. കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരനിര്‍ണയസമിതിയാണ് മോഹന്‍ലാലിനെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.