അടൂര്‍: മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് റദ്ദാക്കുകയും ടിക്കറ്റ് തുക തിരികെ നല്‍കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപികയക്ക് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പണം നല്‍കി അറസ്റ്റ് നടപടിയില്‍നിന്ന് ഒഴിവായി. മൈസൂരില്‍ എത്തേണ്ടിയിരുന്ന അധ്യാപിക ബസ് റദ്ദാക്കിയതിനെ തുടര്‍ന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് കമ്മീഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസ് അധ്യാപിക അടൂര്‍ ഏറത്ത് പ്രിയഭവനില്‍ പ്രിയ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ കെഎസ്ആര്‍ടിസിക്കെതിരെ നടപടി എടുത്തത്. കൊട്ടാരക്കരയില്‍ നിന്നും മൈസൂരിലേക്കുള്ള ബസാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിന് പോകാന്‍ ഒന്നിന് രാത്രി 8.30-ന് കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ പ്രിയ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 1003 രൂപ നല്‍കി ജൂലായ് 29-ന് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ് നടത്തിയത്.

ഓഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചിന് തന്നെ പ്രിയ കൊട്ടാരക്കര ബസ് സ്റ്റേഷനില്‍ എത്തി. രണ്ടുതവണ ഫോണില്‍ ബസ് ഉടന്‍ വരുമെന്ന് അറിയിപ്പുംവന്നു. ബസ് വൈകുന്നതുകാരണം പ്രിയ തിരുവനന്തപുരം ഡിപ്പോയില്‍ വിളിച്ച് ചോദിച്ചപ്പോഴും ബസ് വരുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാത്രി ഒമ്പതിന് ബസ് റദ്ദാക്കിയതായിട്ടുള്ള വിവരം കൊട്ടാരക്കര ഓഫീസില്‍നിന്ന് പ്രിയയെ വിളിച്ച് അറിയിച്ചു. ഇതോടെ പ്രിയയുടെ യാത്ര പ്രതിസന്ധിയിലായി.

15 കിലോമീറ്റര്‍ ടാക്‌സിയില്‍ യാത്രചെയ്താണ് ബസ് കയറാനായി ഹര്‍ജിക്കാരി കൊട്ടാരക്കരയില്‍ എത്തിയത്. പകരം ബസ് അന്വേഷിച്ചപ്പോള്‍ ഉണ്ടാകില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ രാത്രി 11.15-ന് കായംകുളത്തുനിന്ന് മൈസൂരിന് ബസ് ഉണ്ടെന്ന് അറിഞ്ഞ് ടാക്‌സിയില്‍ അവിടേക്കുപോയി. തുടര്‍ന്ന് ആ ബസിലാണ് പ്രിയ മൈസൂരിലേക്ക് പോയത്.

എന്നാല്‍ സമയത്തിന് മൈസൂരില്‍ എത്താന്‍ കഴിഞ്ഞുല്ല. രണ്ടിന് രാവിലെ എട്ടിന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തേണ്ടിയിരുന്ന പ്രിയയ്ക്ക് വൈകി 11-നാണ് എത്താന്‍ സാധിച്ചത്. താമസിച്ച് ചെന്നതിനാല്‍ ഗൈഡുമായുള്ള കൂടിക്കാഴ്ച റദ്ദായി. തുടര്‍ന്ന് മൂന്നുദിവസംകൂടി അധികം അവിടെ താമസിക്കേണ്ടിവന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രിയ റദ്ദാക്കിയ സ്‌കാനിയ ബസിന്റെ ടിക്കറ്റിന്റെ പണം ഹര്‍ജിക്കാരി തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. ഇരുകൂട്ടരെയും വിസ്തരിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നും വീഴ്ചവന്നതായി കമ്മിഷന്‍ കണ്ടെത്തി.

തുടര്‍ന്ന് ടിക്കറ്റിന്റെ തുകയായ 1003 രൂപ റീഫണ്ട് ചെയ്യാനും കോടതി ചെലവും നഷ്ടപരിഹാരവുമായി 82,555 രൂപ കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. ഇത് പാലിക്കാതെവന്നപ്പോള്‍ എംഡിയെ അറസ്റ്റുചെയ്ത് കമ്മിഷനില്‍ ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഉത്തരവ് അറിഞ്ഞ എംഡി നഷ്ടപരിഹാര തുക നല്‍കുകയായിരുന്നു. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.