അടൂര്‍: മാനദണ്ഡങ്ങളും ചട്ടങ്ങളും മറി കടന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും മണ്ണടിയില്‍ സഹകരണ ബാങ്ക് സ്ഥാപിക്കുന്ന പെട്രോള്‍ പമ്പിന്റെ നിര്‍മാണം തുടരുന്നു. അന്തിമവിധി വരുന്നതു വരെ നിര്‍മാണം പാടില്ലെന്നും തല്‍സ്ഥിതി തുടരണമെന്നുമുളള കോടതി ഉത്തരവ് ലംഘിച്ചാണ് നിര്‍മാണം നടക്കുന്നത് എന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് പരാതിക്കാരന്‍ അറിയിച്ചു. മണ്ണടി സ്വദേശിയായ സുരേഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 11 ന് നിര്‍മാണം സ്റ്റേ ചെയ്ത കോടതി എതിര്‍ കക്ഷിയായ പെട്രോളിയം കമ്പനിയോട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍, അതിന് മുതിരാതെ പണി തുടരുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നിര്‍മാണം നടക്കുന്ന ഫോട്ടോകളും ദൃശ്യങ്ങളും സഹിതം ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. യാതൊരു എതിര്‍ സത്യവാങ്മൂലവും ഫയല്‍ ചെയ്യാത്ത സാഹചര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിഞ്ഞ 17 ന് ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. 29 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പായി എതിര്‍ സത്യവാങ്മൂലം നല്‍കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കടമ്പനാട്-ഏഴംകുളം റോഡരികില്‍ മണ്ണടി ജങ്ഷനില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തായിട്ടാണ് പുതിയ പെട്രോള്‍ പമ്പ് നിര്‍മാണം നടക്കുന്നത്. മണ്ണടി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഡീലര്‍ഷിപ്പ്. ഇതിനെതിരേയാണ് സുരേഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. നാലു കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. സ്ഥലം അനുയോജ്യമല്ല എന്നുള്ളതായിരുന്നു ആദ്യത്തേത്. പെട്രോളിയം കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്ന സൈറ്റ് മാപ്പുമായി യോജിക്കുന്നതല്ല നിര്‍ദിഷ്ട പമ്പിനുള്ള സ്ഥലം എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.

പമ്പിന് ജില്ലാ കലക്ടര്‍ നല്‍കിയ എന്‍.ഓ.സി പെട്രോളിയം നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് പുനഃപരിശോധിക്കണം. സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പമ്പ് നിര്‍മാണം തുടങ്ങിയത്. നിര്‍ദിഷ്ട പമ്പിന്റെ 10 മീറ്റര്‍ ചുറ്റളവില്‍ വീടുകളോ ആള്‍ത്താമസമോ ഉണ്ടാകാന്‍ പാടില്ലെന്നുണ്ട്. ഇതിന് പുറമേ പമ്പ് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് മറ്റൊരു റോഡ് കൂടി കടന്നു പോകുന്നുണ്ട്. ഇതൊക്കെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ഏപ്രില്‍ മാസം തന്നെ ഹൈക്കോടതി നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അന്തിമ കോടതി വിധി വരുന്ന മുറയ്ക്ക് മാത്രമേ പമ്പ് കമ്മിഷനിങ് പാടുളളൂവെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. അതിനര്‍ഥം പണികള്‍ നിര്‍ത്തി വയ്ക്കണമെന്നാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.