കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരും. ബെനാമി ഇടപാടും പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് വിവരം. കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. ഇതിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തല്‍.അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. വണ്ടിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടത്താനുള്ള ശ്രമം തുടങ്ങി.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ചതടക്കം ആയിരത്തിലേറെ വാഹനങ്ങള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട്. ഇതില്‍ 150-200 വാഹനങ്ങള്‍ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. കടത്തിന്റെ സൂത്രധാരന്മാരും ഡല്‍ഹി, ഹിമാചല്‍പ്രദേശ് സ്വദേശികളുമായ സന്തോഷ് കുമാര്‍, ഹരികുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, പിടിച്ചെടുത്ത 36 വാഹനങ്ങളുടെ ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെയും നോട്ടീസ് നല്‍കി വിളിപ്പിക്കും. ദുല്‍ഖറിനോട് രണ്ട് വാഹനങ്ങള്‍ കൂടി ഹാജരാക്കാനും നിര്‍ദ്ദേശിക്കും. ദുല്‍ഖറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത തൃശൂര്‍ രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂസര്‍ മറ്റൊരാളുടെ പേരിലാണ്. ഇത്തരം കാര്യങ്ങളും ദുരൂഹമാണ്.

ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകളുള്‍പ്പെടെ വാഹനങ്ങള്‍ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസില്‍ സംസ്ഥാനത്ത് കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സിനിമാതാരങ്ങളും കുടുങ്ങിയിരുന്നു. നടന്മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വസതികളിലടക്കമായിരുന്നു പരിശോധന. ഇടനിലക്കാരില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകളില്‍ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കുടുക്കിയത്. ദുല്‍ഖറിന്റെ വസതിയില്‍ നിന്ന് രണ്ട് ആഡംബര കാറുകളും അമിത്തിന്റെ എട്ട് വാഹനങ്ങളും ഉള്‍പ്പെടെ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ ഒരണ്ണം മാത്രമാണ് തന്റേതെന്ന് അമിത് പറഞ്ഞിരുന്നു. എന്നാല്‍ അമിത്തിന്റെ വിശദീകരണം കസ്റ്റംസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.

ഓപ്പറേഷന്‍ 'നുംഖോര്‍' എന്ന പേരിലായിരുന്നു പരിശോധന. ഭൂട്ടാനി ഭാഷയില്‍ നുംഖോര്‍ എന്നാല്‍ വാഹനമെന്നാണ്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്ന സംഘത്തെ പൂട്ടുകയായിരുന്നു ലക്ഷ്യം. 25 ലക്ഷം രൂപയിലധികം നല്‍കിയാണ് വാഹനങ്ങള്‍ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകളില്‍ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടന്നു.

കോയമ്പത്തൂരിലെ വാഹനക്കടത്ത് സംഘം മുഖേന എത്തിച്ച 150 മുതല്‍ 200വരെ വാഹനങ്ങള്‍ അനധികൃതമായി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ എത്തിച്ചെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച വിവരം. ഇടനിലക്കാര്‍ മുഖേന താരങ്ങളടക്കം വാഹനങ്ങള്‍ വാങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന. കള്ളപ്പണ ഇടപാടുകള്‍, ഇന്ത്യന്‍ എംബസിയുടെയും മിലിട്ടറിയുടെയും പേരില്‍ വ്യാജരേഖകള്‍ ചമയ്ക്കല്‍, എം പരിവാഹനില്‍ തിരുത്തല്‍ തുടങ്ങിയ കുറ്റങ്ങളും കസ്റ്റംസ് കണ്ടെത്തി. വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണര്‍ ഡോ.ടി. ടിജു പറഞ്ഞു.

ഭൂട്ടാനില്‍ നിന്ന് കുറഞ്ഞ വിലയ്ക്കു വാഹനങ്ങള്‍ വാങ്ങി പാര്‍ട്‌സുകളാക്കി വാനാതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. പിന്നീട് കൂട്ടിച്ചേര്‍ത്ത് കൂടിയ വിലയ്ക്ക് വില്‍ക്കും. ഇതിന് ഇടനിലക്കാരുണ്ട്. ഭൂട്ടാന്‍ സ്വദേശികള്‍ക്ക് കാറുമായി ഇന്ത്യയിലേക്ക് വരാമെന്ന വ്യവസ്ഥയും ദുരുപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.