- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മത്സ്യബന്ധന നഷ്ടം സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ലെന്ന വാദത്തിന് പ്രാഥമിക അംഗീകാരമില്ല; 1200 കോടി കെട്ടിവയ്ക്കണം; ഇതു ചെയ്താല്‍ വിഴിഞ്ഞത്തുള്ള അകിറ്റെറ്റ-2ന് മടങ്ങാം; എംസിസി ഷിപ്പിംഗ് കമ്പനിക്ക് തിരിച്ചടി; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: അറബിക്കടലില്‍ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പണം കെട്ടിവെച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ചെയ്ത എംഎസ്‌സി അകിറ്റെറ്റ - 2 കപ്പല്‍ വിട്ടയക്കുക.
കപ്പലിന്റെ ഉടമകളായ എംഎസ്സി ഷിപ്പിംഗ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സ്യൂട്ടില്‍ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എണ്ണചോര്‍ച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഉപജീവന മാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നും പുറംതള്ളിയ മാലിന്യങ്ങള്‍ നീക്കല്‍ എന്നിവ ചൂണ്ടികാട്ടിയാണ് നഷ്ടപരിഹാരം തേടിയത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. തൂത്തുക്കുടിവിഴിഞ്ഞംകൊച്ചിമംഗളൂരു കടല്‍മാര്‍ഗം സര്‍വീസ് നടത്തുന്ന എംഎസ്സി എല്‍സ 3 ല്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്.
അറബിക്കടലില്‍ എംഎസ്സി എല്‍സ -3 കപ്പല്‍ മുങ്ങിയസംഭവത്തില്‍ നഷ്ടപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. അന്ന് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്സി അകിറ്റെറ്റ എന്ന കപ്പല്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് വിഴിഞ്ഞം പോര്‍ട്ടിലുള്ള കപ്പലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയില്‍ കൈ മലര്‍ത്തുകയായിരുന്നു കപ്പല്‍ കമ്പനി. 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി അറിയിക്കുകയും ചെയ്തു. എംഎസ്‌സി എല്‍സ - 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നതായിരുന്നു വാദം.
കപ്പലപകടം സംഭവിച്ചത് രാജ്യത്തിന്റെ കടല്‍ അധികാര പരിധിക്ക് പുറത്ത്. അറസ്റ്റ് ചെയ്ത എംഎസ്‌സി അകിറ്റെറ്റ കപ്പല്‍ വിട്ടയക്കണംമെന്നും കപ്പല്‍ കമ്പനി കോടതിയില്‍ പറഞ്ഞിരുന്നു. മത്സ്യബന്ധന നഷ്ടം സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ലെന്നും മത്സ്യബന്ധന നിരോധനത്തിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും കമ്പനി പറഞ്ഞു. കൂടാതെ മത്സ്യബന്ധന നിരോധനം ഏര്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു കമ്പനിയുടെ വാദം. ഇതെല്ലാം ഫലത്തില്‍ തള്ളുകയാണ് ഹൈക്കോടതിയെന്നാണ് ഇടക്കാല ഉത്തരവില്‍ നിറയുന്നത്.
മേയ് 24-ന് ആലപ്പുഴ തീരത്തോടു ചേര്‍ന്ന് കടലില്‍ തകര്‍ന്ന എംഎസ്സി എല്‍സ-3 കപ്പലിലെ രാസവസ്തുക്കള്‍ കടലില്‍ വലിയ മലിനീകരണമുണ്ടാക്കിയതായി പഠനം പറയുന്നുണ്ട്. കേന്ദ്ര ഭൗമമന്ത്രാലയത്തിനു കീഴിലെ സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി(സിഎംഎല്‍ആര്‍ഇ)യാണ് പഠനം നടത്തിയത്. കപ്പലിന്റെ ഇന്ധന കംപാര്‍ട്‌മെന്റുകള്‍ ചോര്‍ച്ചയുണ്ടാകാതെ അടയ്ക്കണമെന്നും കപ്പല്‍ തകര്‍ന്ന പ്രദേശം ദീര്‍ഘകാലം നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുമുണ്ട്. ജൂണ്‍ രണ്ടുമുതല്‍ 12 വരെ കൊച്ചിക്കും കന്യാകുമാരിക്കും ഇടയില്‍ കടലിലെ 23 ഇടങ്ങളില്‍നിന്ന് സാംപിളെടുത്താണു പരിശോധിച്ചത്. കപ്പല്‍ 367 ടണ്‍ ഫര്‍ണസ് ഓയിലും 84 ടണ്‍ ലോ സള്‍ഫര്‍ ഡീസലുമാണു വഹിച്ചിരുന്നത്.
കപ്പല്‍ തകര്‍ന്നതിന്റെ രണ്ടു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആദ്യം എണ്ണപ്പാളി കണ്ടിരുന്നു. പെട്രോളിയത്തില്‍നിന്നുള്ള മാലിന്യമായിരുന്നു അത്. ആ സമയം കടല്‍ ശാന്തമായിരുന്നതിനാല്‍ മാലിന്യം മധ്യ ആഴത്തിലാണ് നിലകൊണ്ടത്. എന്നാല്‍, അതേ പ്രദേശം വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ ഉപരിതലത്തില്‍ കൂടുതല്‍ എണ്ണപ്പാളി കണ്ടതായി റിപ്പോര്‍ട്ട് പറയുന്നു. നാഫ്തലീന്‍, ലൂറീന്‍, ആന്ത്രാസീന്‍, ഫിനാന്ത്രീന്‍, ഫ്‌ലൂറാന്തീന്‍, പൈറീന്‍ എന്നീ മൂലകങ്ങള്‍ കണ്ടു. ഇതില്‍ നാഫ്തലീന്റെ അളവ് വളരെക്കൂടുതലായിരുന്നു. കപ്പലില്‍നിന്ന് വലിയ ചോര്‍ച്ചയുണ്ടായെന്നാണ് ഇതു വ്യക്തമാക്കുന്നത്. നിക്കല്‍, ലെഡ്, കോപ്പര്‍, വനേഡിയം എന്നീ ലോഹങ്ങളുടെ സാന്നിധ്യം അപകടമുണ്ടായ സ്ഥലത്തെ വെള്ളത്തിലും അവശിഷ്ടങ്ങളിലും കണ്ടു. ഘനലോഹ മാലിന്യങ്ങളുടെ സാന്നിധ്യമാണ് ഇതു സൂചിപ്പിക്കുന്നത്.
മീനുകള്‍ ഭക്ഷണമാക്കുന്ന സൂപ്ലാങ്ക്ടണില്‍ പെട്രോളിയത്തില്‍നിന്നുള്ള മാലിന്യം കണ്ടു. മീനുകളുടെ പ്രജനനസമയമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണായിരുന്നത് സ്ഥിതി വഷളാക്കി. പ്രദേശത്തുനിന്നു ശേഖരിച്ച മീന്‍മുട്ടകളും മീന്‍കുഞ്ഞുങ്ങളും നാശത്തിലായിരുന്നു. ഇതു മലിനീകരണത്തിന്റെ ആഘാതമാണെന്ന സൂചന നല്‍കുന്നു. കടലിന്റെ അടിത്തട്ടിലെ പല സൂക്ഷ്മജീവികളും നശിച്ചു. മാലിന്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളവ മാത്രമാണ് ബാക്കിയായത്. ഇതു ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കടല്‍ക്കാറ്റും അടിയൊഴുക്കും ഉണ്ടായിട്ടും അപകടം നടന്ന് ദിവസങ്ങള്‍ക്കു ശേഷവും പ്രദേശത്ത് എണ്ണസാന്നിധ്യം കണ്ടത് ചോര്‍ച്ച തുടരുന്നുവെന്ന സൂചനയാണ്.
കപ്പലപകടം നടന്ന സ്ഥലത്ത് ഹൈഡ്രോകാര്‍ബണുകളെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയയുടെ അളവു കൂടുതലായിരുന്നു. ഇതു മലിനീകരണത്തിന്റെ തോത് വ്യക്തമാക്കുന്നുവെന്നാണ് പഠനം.