- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലന്‍സ് മേധാവിയായിരിക്കേ സര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രി ഗണേഷ്‌കുമാറിനും ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തിയെന്ന് സര്‍ക്കാര്‍; നിഷേധിച്ച് ഡിജിപിയും; യോഗേഷ് ഗുപ്തയ്ക്ക് 3 വര്‍ഷത്തിനിടെ 7 മാറ്റം; കേന്ദ്ര നിയമനത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനിയും നല്‍കുന്നില്ല; യോഗേഷ്-പിണറായി പോരിന്റെ യഥാര്‍ത്ഥ കാരണം പുറത്ത്
തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള നിയമപോരാട്ടം വീണ്ടും മുറുകുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പദവിയില്‍ ചുരുങ്ങിയത് 2 വര്‍ഷ കാലാവധി നല്‍കണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സര്‍ക്കാര്‍ അതു നടപ്പാക്കുന്നില്ല. ഈ വിഷയം കോടതികളില്‍ ചര്‍ച്ചയാക്കാനാണ് യോഗേഷ് ഗുപ്തയുടെ നീക്കം.
കേരളം വിട്ട് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുള്‍പ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ യോഗേഷ് സമര്‍പ്പിച്ച ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി പറയാന്‍ മാറ്റിയിരിക്കെയാണ് പുതിയ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. റോഡ് സുരക്ഷാ കമ്മിഷണറായി അദ്ദേഹം തിങ്കളാഴ്ച ചുമതലയേല്‍ക്കും. അതിനിടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനം അതിനിര്‍ണ്ണായകമായി മാറും.
ഒരു മന്ത്രിക്കും ഏഴു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും എതിരേ വിജിലന്‍സ് മേധാവിയായിരിക്കേ സര്‍ക്കാര്‍ അനുമതിയില്ലാതെ കേസെടുത്തെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് യോഗേഷ് ഗുപ്ത സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു. വിജിലന്‍സ് മേധാവിയായിരിക്കേ സര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തിയെന്ന ആരോപണത്തില്‍ യോഗേഷിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വാദം. മന്ത്രി ഗണേഷിനെതിരെ എടുത്ത കേസ് എന്താണെന്ന് ഇനിയും വ്യക്തമല്ല. അതായത് മുതിര്‍ന്ന പല ഐഎഎസുകാരുടേയും നടപടികള്‍ വിജിലന്‍സ് പരിശോധിച്ചെന്ന് സമ്മതിക്കുകയാണ് സര്‍ക്കാര്‍. കൈക്കൂലിക്കാരെ വിജിലന്‍സ് അറസ്റ്റു ചെയ്യുമ്പോള്‍ കൈയ്യടിക്കുന്ന സര്‍ക്കാര്‍ പക്ഷം വമ്പന്മാരെ തൊട്ടാല്‍ ആര്‍ക്കും എതിരാകും.
മന്ത്രി ഗണേഷിനും കെ എം എബ്രഹാമിനും എതിരെയുമെല്ലാം യോഗേഷിന്റെ വിജിലന്‍സ് കാലത്ത് നടപടികള്‍ തുടങ്ങിയിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാന്‍ സംസ്ഥാനം ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള വാദത്തിന്റെ ഭാഗമാണ് നടപടിയെന്നാണ് യോഗേഷ് ഗുപ്തയുടെ വാദം. ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ യോഗേഷ് ഗുപ്തയെ മൂന്നു വര്‍ഷത്തിനിടെ ഒന്‍പത് തവണ സര്‍ക്കാര്‍ സ്ഥലം മാറ്റി. ഈ സാഹചര്യത്തില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള യോഗേഷ് ഗുപ്തയുടെ നിയമ പോരാട്ടം നിര്‍ണ്ണായകമാണ്. വിധി യോഗേഷിന് അനുകുലമായാല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകും. മറിച്ചായാല്‍ യോഗേഷും അപ്പീല്‍ നല്‍കും.
ബിവറേജസ് കോര്‍പറേഷന്‍, സിവില്‍ സപ്ലൈസ്, വിജിലന്‍സ്, ട്രെയിനിംഗ്, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ഫയര്‍ഫോഴ്‌സ്, പോലീസ് അക്കാഡമി തുടങ്ങിയ ഇടങ്ങളിലാണ് മാറ്റിയത്. ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്ന് റോഡ് സുരക്ഷാ കമ്മീഷണറായാണ് മാറ്റിയത്. നിരന്തരമുള്ള പീഡനത്തില്‍ മനംനൊന്ത് കേന്ദ്രസര്‍വീസിലേക്കു പോകാന്‍ അപേക്ഷിച്ചപ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പലതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നല്‍കിയില്ല. ഇതിനെതിരേ യോഗേഷ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. 022ല്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനല്‍ ഡയറക്ടര്‍ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടര്‍, സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി, ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി, വിജിലന്‍സ് മേധാവി, അഗ്‌നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങള്‍.
സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ കഴിഞ്ഞ 9 മാസത്തിനിടെ 3 തവണയാണ് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. സ്ഥലംമാറ്റങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്നു കാട്ടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അശോകിന് ആശ്വാസം കിട്ടിയിരുന്നു. നിരന്തരമുള്ള സ്ഥാനചലനങ്ങളില്‍ മടുത്ത് കേന്ദ്ര സര്‍വീസിലേക്ക് പോകാന്‍ യോഗേഷ് അപേക്ഷിച്ചിട്ടും അതിനും തടയിടുകയാണ്. ഇതിനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം നല്‍കുന്നില്ല. ഇതിനെതിരേ യോഗേഷ് കേന്ദ്രഅഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കെയാണ് പുതിയ മാറ്റം. 1993 ബാച്ചുകാരനായ യോഗേഷിന് 2030 ഏപ്രില്‍ വരെ സര്‍വീസുണ്ട്. മുംബയ് സ്വദേശിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ അനുവദിച്ചാല്‍ സിബഐയുടേയോ ഇഡിയുടേയോ തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത ഏറെയാണ്.