ശ്ചര്യവും അതിശയവും ജനിപ്പിക്കുന്നതാണ് പുതിയ തലമുറയുടെ ഭാഷാശൈലികൾ. സോഷ്യൽ മീഡിയയുടെ ലോകത്ത് വലിയ പ്രചാരം നേടിയ ഏകദേശം 6000 വാക്കുകളാണ് അടുത്തിടെ കേംബ്രിഡ്ജ് ഡിക്ഷണറി അതിൻ്റെ ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വാക്കുകൾ എവിടെ നിന്ന് ഉത്ഭവിച്ചു, എങ്ങനെയാണ് പുതുതലമുറയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം ഭാഷാപരമായ ഒരു വിപ്ലവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പുതുതലമുറയുടെ വാക്കുകൾ പരിചയപ്പെടുന്നതിന് മുമ്പ്, എന്താണ് ജെൻ-സി, ജെൻ-ആൽഫ എന്നീ വിഭാഗങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. സമാന കാലഘട്ടത്തിൽ വളരുന്നവർക്ക് പല കാര്യങ്ങളിലും സമാന സ്വഭാവങ്ങളുണ്ടാകാം. അവരുടെ കാഴ്ചപ്പാടുകൾ, ഇടപെടലുകൾ, ശീലങ്ങൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവയിലെല്ലാം സാമ്യങ്ങൾ കാണാം.

ഈ പ്രത്യേകതകളാണ് ഒരു പ്രത്യേക കാലഘട്ടത്തിൽ വളരുന്നവരെ ഒരുമിച്ച് പേരിട്ട് വിളിക്കാൻ കാരണം. 1960കളുടെ അവസാനത്തിലും 70കളിലും വളർന്നവരെ 'ജെനറേഷൻ എക്സ്' എന്നും, 80കളുടെ അവസാനത്തിലും 90കളിലും വളർന്നവരെ 'ജെനറേഷൻ വൈ' (മിലെനിയൽസ്, നയൻ്റീസ് കിഡ്സ്) എന്നും വിളിക്കുന്നു. ഈ രീതി പിന്തുടർന്നു വരുന്നതാണ് 'ജെൻ-സി' (ജനറേഷൻ Z) എന്ന പേരിൻ്റെ അടിസ്ഥാനം. 1990കളുടെ അവസാനത്തിലും 2000ത്തിലും വളർന്നവരാണ് ഇതിൽ ഉൾപ്പെടുന്നത്. 2000ത്തിനു ശേഷമുള്ള തലമുറയെ 'ജെൻ-ആൽഫ' എന്നും വിളിക്കുന്നു.

ഉദാഹരണത്തിന് ഏറെ പ്രചാരം നേടിയ ‘സ്കിബിഡി’ എന്ന വാക്ക് ഉണ്ടാകുന്നത് അലക്സി ജെറാസിമോവ് എന്ന വ്യക്തി 2023ല്‍ യുട്യൂബില്‍ പുറത്തിറക്കിയ സ്കിബിഡി ടോയിലറ്റ് എന്ന അനിമേഷന്‍ സീരിസിലൂടെയാണ്. ടോയ്ലറ്റില്‍ നിന്ന് ഒരു തല പുറത്തേക്ക് ഉയര്‍ന്നു വരുന്ന അനിമേഷന്‍ വീഡിയോ ആണിത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടിയ ഈ വീഡിയോയില്‍ നിന്നാണ് സ്കിബിഡി എന്ന ജെന്‍ സി വാക്ക് ജനിക്കുന്നത്.

'പൂക്കി' എന്ന് വാക്കും ഏറെ പ്രചാരത്തിലുള്ളതാണ്. പൂക്കി എന്നാല്‍ സൗന്ദര്യമുള്ളത് എന്നാണ് അര്‍ത്ഥം. കണ്ടന്‍റ് ക്രിയേറ്ററായ പ്രയാഗ് മിശ്ര സോഷ്യല്‍ മീഡിയയിൽ ഉപയോഗിച്ച ബിഗ് പൂക്കി എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ജെന്‍ സിയിലേക്കെത്തുന്നത്. 2023 ഓക്സോഫോര്‍ഡിന്‍റെ വേര്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ വാക്കാണ് റിസ്. വ്യക്തി പ്രഭാവത്തെ സൂചിപ്പിക്കുന്ന വാക്കാണിത്. ഇവ കൂടാതെ പരമ്പരാഗതമായ ഭാര്യയുടെ റോൾ ഇഷ്ടപ്പെടുന്ന സ്ത്രീകളെ സൂചിപ്പിക്കാന്‍ ട്രഡീഷണല്‍ വൈഫ് എന്നതിന്റെ ചുരുക്ക രൂപമായാ ട്രാഡ് വൈഫ്, യഥാര്‍ഥമോ സത്യമോ ആയ കാര്യം വിശ്വസിക്കുക എന്ന അര്‍ത്ഥത്തില്‍ ഡെല്യൂഷന്‍ എന്ന വാക്കിന്റെ ചുരുക്ക രൂപമായ ഡെലുലു എന്നിങ്ങനെ നിരവധി വാക്കുകള്‍ പ്രചാരത്തിൽ ഉണ്ട്.

2000ത്തിലും അതിനുശേഷവുമുള്ള തലമുറയിൽ നവമാധ്യമങ്ങൾ ചെലുത്തിയ വലിയ സ്വാധീനം, പുതിയ പദപ്രയോഗങ്ങൾ, ആംഗ്യങ്ങൾ, പ്രത്യേക അർത്ഥങ്ങൾ സൂചിപ്പിക്കുന്ന ഇമോജികൾ എന്നിവയെല്ലാം ആശയവിനിമയത്തിൽ പ്രധാനമായി ഉപയോഗിക്കാൻ കാരണമായിട്ടുണ്ട്. ഉദാഹരണത്തിന്, തള്ളവിരലും ചൂണ്ടുവിരലും കുറുകെ പിടിച്ച് ചെറിയ ഹൃദയ ചിഹ്നം ഉണ്ടാക്കുന്ന രീതി ഇന്ന് വ്യാപകമാണ്. ഈ ചിഹ്നം കൊറിയയിൽ നിന്നാണ് ഉത്ഭവിച്ചത്. കൊറിയൻ പോപ്പ് ഗായകർ 90കളിൽ ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഈ ചിഹ്നത്തിന് ഇന്നും അതേ അർത്ഥം തന്നെയാണ്.

ജെൻ-സിയും ജെൻ-ആൽഫയും ഉപയോഗിക്കുന്ന ഈ വാക്കുകൾക്ക് ഒറ്റപ്പെട്ട ഒരു ഉറവിടമില്ല. പ്രചാരത്തിലുള്ള സംഗീതം, നവമാധ്യമങ്ങൾ, ഗെയിമുകൾ, അനിമേ തുടങ്ങിയ മാധ്യമങ്ങളിൽ നിന്നാണ് പ്രധാനമായും ഇവ രൂപം കൊള്ളുന്നത്. ഈ വാക്കുകൾ കേംബ്രിഡ്ജ് ഡിക്ഷണറിയിൽ ഇടം നേടിയത്, പുതുതലമുറയുടെ ഭാഷാപരമായ സ്വാധീനത്തെയും ഡിജിറ്റൽ ലോകത്തിൻ്റെ വളർച്ചയെയും അടിവരയിടുന്നു. ഇത് ഭാഷയുടെ പരിണാമത്തിൽ ഒരു നാഴികക്കല്ലാണ്.