കൊച്ചി: ഒക്ടോബര്‍ ഒന്നിനു ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് പുതിയ വ്യവസ്ഥ. ആധാര്‍ പരിശോധനയ്ക്കു വിധേയരായവര്‍ക്ക് മാത്രമേ റിസര്‍വേഷന്‍ ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന തരത്തിലാണ് ചട്ടം മാറുന്നത്. തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള നയം എല്ലാ റിസര്‍വേഷനും കൊണ്ടു വരുകയാണ്. ഇനി ഇത് ജനറല്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും ബാധകമാകും. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇത്.

ടിക്കറ്റ് റിസര്‍വേഷനുകള്‍ക്കായുള്ള ഈ നിയമം ഐആര്‍സിടിസി വെബ്സൈറ്റിനും ആപ്പിനും ബാധകമായിരിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍, ജനറല്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍, ആധാര്‍ ആധികാരികമാക്കിയ ഉപയോക്താക്കള്‍ക്കു മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ റിസര്‍വ് ചെയ്ത ജനറല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ജൂലൈ മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് ഈ പുതിയ നിയമം വരുന്നത്. അതേസമയം, കംപ്യൂട്ടറൈസ്ഡ് പിആര്‍എസ് കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നവര്‍ക്കുള്ള സമയവും നടപടിയും അതേപടി തുടരും.

അതായത് അടുത്ത മാസം മുതല്‍ ആധാര്‍ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകള്‍ക്കാണു മുന്‍ഗണന നല്കുക. ആദ്യത്തെ 15 മിനിറ്റിനുള്ളില്‍, പരിശോധിച്ചുറപ്പിച്ച ആധാര്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ ഒഴികെ മറ്റാര്‍ക്കും ബുക്കിംഗ് ചെയ്യാന്‍ കഴിയില്ല. ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ, ടിക്കറ്റ് അലോക്കേഷനില്‍ സുതാര്യത കൊണ്ടുവരാനും മൊത്ത ബുക്കിംഗ് കുറയ്ക്കാനും ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. തിങ്കളാഴ്ചയാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.

റിസര്‍വേഷന്‍ സംവിധാനത്തിന്റെ ആനുകൂല്യങ്ങള്‍ സാധാരണ ഉപയോക്താവിലേക്ക് എത്തുന്നുണ്ടെന്നും ടിക്കറ്റ് ബ്രോക്കര്‍മാര്‍ അത് ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാനാണു തീരുമാനം. ആഘോഷക്കാലത്തും മറ്റും ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതില്‍ കൃത്രിമം കാണിക്കുന്നതു തടയലാണ് ലക്ഷ്യം. അംഗീകൃത റെയില്‍വേ ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് ആദ്യ ദിവസത്തെ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണം മാറ്റങ്ങളൊന്നുമില്ലാതെ പ്രാബല്യത്തില്‍ തുടരുമെന്നാണ് സൂചന.

നിലവില്‍ 60 ദിവസം മുന്‍പ് ഒരുവണ്ടിക്ക് മുന്‍കുട്ടി റിസര്‍വ് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍ കൗണ്ടറുകളിലും ഐആര്‍സിടിസി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലും രാവിലെ എട്ടിനാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങുക. റിസര്‍വേഷന്‍ ആരംഭിക്കുന്ന ആദ്യ 15 മിനിറ്റില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.