തിരുവനന്തപുരം: രാജ്യമെമ്പാടും നവരാത്രി ആഘോഷം അതിന്റെ പ്രധാന ദിവസങ്ങളിലേക്ക് എത്തുകയാണ്. പതിവിന് വിപരീതമായി ഇത്തവണ 10 നാള്‍ പൂജ കഴിഞ്ഞ് 11 ആം നാളിലാണ് വിജയദശമി ആഘോഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുസ്തക പൂജയും ഇത്തവണ 4 നാള്‍ നീളും.

ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.

അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബര്‍ 29നാണ് പൂജ വയ്‌ക്കേണ്ടത്. അതിനാലാണ് തിങ്കളാഴ്ച്ച സന്ധ്യയോടെ തന്നെ പുസ്തക പൂജയ്ക്ക് തുടക്കമായത്.

ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങള്‍ 11 ദിവസവുമായി മാറുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.

ആയുധങ്ങള്‍ പൂജ വയ്‌ക്കേണ്ടത് 30 ന് വൈകിട്ടാണ്. ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഈ വര്‍ഷം ഒക്ടോബര്‍ 2 നാണ് പൂജയെടുപ്പും വിദ്യാരംഭവും.

ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യങ്ങള്‍ അറിയാം


ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍.

അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താന്‍ ശ്രമിക്കണം.

അതിനു ശേഷമാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.