സ്‌കോട്ടിഷ് വനത്തില്‍ തമ്പടിച്ച സ്വയം പ്രഖ്യാപിത ഗോത്ര രാജാവിനെയും രാജ്ഞിയേയും പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അറസ്റ്റ്. ഇംഗ്ലണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജെഡ്ബര്‍ഗിലെ വനത്തില്‍, കുബാല രാജ്യം എന്ന പേര് നല്‍കി കഴിഞ്ഞ മെയ് മാസം മുതല്‍ അവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നു. ആദ്യം ഒരു സ്വകാര്യ ഭൂമിയിലായിരുന്നു ഇവര്‍ തമ്പടിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതോടെ അവര്‍ ആ സ്ഥലം വിട്ട് തൊട്ടടുത്തുള്ള സ്‌കോട്ടിഷ് ബോര്‍ഡര്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. രാജാവിനും രാജ്ഞിക്കും സഹായിയ്ക്കും അവര്‍ നേരത്തെ താമസിച്ചിരുന്ന പ്ലോട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന് സെല്‍കിര്‍ക്ക് ഷെരീഫ് കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരും, സ്‌കോട്ടിഷ് പോലീസും ചേര്‍ന്ന് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്.

അറ്റേഹെന്‍ രാജാവ് എന്ന് സ്വയം വിളിക്കുന്ന 36 കാരനായ കോഫി ഒഫെ, അയാളുടെ ഭാര്യ, നന്ദി രാജ്ഞി എന്ന് അവകാശപ്പെടുന്ന 43 കാരിയായ ജീന്‍ ഗാഷോ, ആസ്‌നെറ്റ് എന്ന് സ്വയം വിളിക്കുന്ന സഹായി 21 കാരിയായ കൗര ടെയ്ലര്‍ എന്നിവരായിരുന്നു സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി തമ്പടിച്ചത്. തങ്ങളില്‍ നിന്നും 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈക്കലാക്കിയ രാജ്യം തിരിച്ചു പിടിക്കുന്നു എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്.

അതിനിടയില്‍ കൗരടെയ്ലറുടെ അമ്മ എന്ന് അവകാശപ്പെട്ട ഒരു സ്ത്രീ ടെക്സാസില്‍ നിന്നും ബ്രിട്ടീഷ് അധികൃതരുമായി ബന്ധപ്പെട്ടിട്ടൂണ്ട്. തന്റെ മകളെ അമേരിക്കയിലേക്ക് നാടുകടത്തണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.