ബേൺ: ശാസ്ത്ര സാങ്കേതിക രംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് വഴിയൊരുക്കി, മനുഷ്യ കോശങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'ജീവനുള്ള' കമ്പ്യൂട്ടറുകൾ നിർമ്മിക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു. സ്വിറ്റ്സർലൻഡിലെ സെൻ്റ് ഗാലെൻ ആസ്ഥാനമായുള്ള ഫൈനൽ സ്പാർക്ക് എന്ന ലാബിലെ ശാസ്ത്രജ്ഞരാണ് ഈ നൂതന സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

നിലവിലെ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഊർജ്ജം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, കൃത്രിമ ബുദ്ധിയുടെ (AI) പഠന രീതികളെ അനുകരിക്കുന്ന 'ജീവനുള്ള' സെർവറുകൾ ഡാറ്റാ സെൻ്ററുകളിൽ സ്ഥാപിക്കുമെന്നാണ് ഇവരുടെ സ്വപ്നം. അതായത് കൃത്യമായി പറഞ്ഞാൽ അന്യൻ സിനിമയിൽ അംബി എന്ന കഥാപാത്രത്തിന് വരുന്ന അതെ അവസ്ഥ തന്നെയായിരിക്കും ഇതിലും സംഭവിക്കുക.

ഫൈനൽ സ്പാര്ക് ന്റെ സഹസ്ഥാപകൻ ഡോ. ഫ്രെഡ് ജോർദാൻ പറയുന്നതനുസരിച്ച്, ഈ സാങ്കേതികവിദ്യയെ 'വെറ്റ്‌വെയർ' (wetware) എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ കമ്പ്യൂട്ടറുകളിലെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്ന ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യ ശരീരത്തിലെ ന്യൂറോണുകളെ (നാഡീകോശങ്ങൾ) ഓർഗനോയിഡുകൾ എന്നറിയപ്പെടുന്ന കൂട്ടങ്ങളായി വളർത്തി, അവയെ ഇലക്ട്രോഡുകളുമായി ബന്ധിപ്പിച്ച് മിനി കമ്പ്യൂട്ടറുകൾ പോലെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഈ ആശയത്തിന് ശാസ്ത്ര ഫിക്ഷനിൽ വേരുകളുണ്ടെങ്കിലും, ആധുനിക ഗവേഷണത്തിലൂടെ ഇത് യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ. ജപ്പാനിലെ ഒരു ക്ലിനിക്കിൽ നിന്ന് വാങ്ങുന്ന, മനുഷ്യ ചർമ്മ കോശങ്ങളിൽ നിന്ന് എടുത്ത സ്റ്റെം സെല്ലുകളാണ് ഫൈനൽ സ്പാർക്ക് ലാബിൽ ഇതിനായി ഉപയോഗിക്കുന്നത്. ദാതാക്കളുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഉയർന്ന നിലവാരമുള്ള കോശങ്ങളാണ് ഇതിന് അത്യന്താപേക്ഷിതമെന്നും, ഇതിനായി ധാരാളം ആളുകൾ സന്നദ്ധത അറിയിക്കുന്നുണ്ടെന്നും ഡോ. ജോർദാൻ വ്യക്തമാക്കി.

ലാബിൽ, കോശങ്ങളെ വികസിപ്പിച്ച് നാഡീകോശങ്ങളുടെ കൂട്ടങ്ങളായ ചെറിയ 'മിനി ബ്രെയിൻ' ഓർഗനോയിഡുകൾ രൂപപ്പെടുത്തുന്നു. ഇവയെയാണ് കമ്പ്യൂട്ടർ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നത്. ഈ ഗവേഷണം പൂർത്തിയാകുന്നതോടെ ഊർജ്ജക്ഷമതയേറിയതും, മെച്ചപ്പെട്ട പഠനശേഷിയുള്ളതുമായ പുതിയ തലമുറ കമ്പ്യൂട്ടറുകൾക്ക് വഴിതുറന്നേക്കാം.