- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിയായ വിയറ്റ്‌നാം സ്വദേശിനി കാണക്കാരിയിലെ പേയിങ് ഗസ്റ്റ്; ഭാര്യയെക്കുറിച്ച് അറിഞ്ഞ് പിണങ്ങി പിരിഞ്ഞപ്പോള്‍ ടെഹ്റാനില്‍പോയി ഇറാനിയന്‍ യുവതിയെ കൂടെക്കൂട്ടി; പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചു; ജെസിയെ കൊലപ്പെടുത്തി ദസറ ആഘോഷിക്കാന്‍ മൈസൂരുവിലേക്ക് സാം പോയതും ഇറാനിയന്‍ യുവതിയുമൊത്ത്; വീട്ടിലെത്തിയപ്പോള്‍ സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയില്‍ തള്ളിയ കേസില്‍ സാം കെ. ജോര്‍ജിന്(59) കുരുക്കായി പിടിയിലാകുമ്പോള്‍ കൂടെയുണ്ടായിരുന്ന ഇറാനിയന്‍ യുവതിയുടെ മൊഴി. കൊലപാതകം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഇറാനിയന്‍ യുവതിയുമായി സാം കാണക്കാരി രത്നഗിരിയിലെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് സാമും ജെസിയും മലയാളത്തില്‍ വഴക്കിട്ടിരുന്നതായാണ് ഇറാനിയന്‍ യുവതി പോലീസിന് മൊഴിനല്‍കിയത്. ഇതിന് പിന്നാലെയാണ് ജെസിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇറാനിയന്‍ യുവതി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 26-നാണ് കാണക്കാരി സ്വദേശിനിയായ ജെസി സാമിനെ(49) ഉഴവൂര്‍ അരീക്കര സ്വദേശിയായ ഭര്‍ത്താവ് സാം കെ. ജോര്‍ജ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി ഇടുക്കി ഉടുമ്പന്നൂരിലെ റോഡരികിലെ കൊക്കയില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെത്തിയ പ്രതി ഇറാനിയന്‍ യുവതിക്കൊപ്പം ബസില്‍ മൈസൂരുവഴി ബെംഗളൂരുവിലെത്തി. ഇവിടെവെച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെയും കൂടെയുണ്ടായിരുന്ന ഇറാനിയന്‍ യുവതിയെയും കോട്ടയത്ത് എത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെയാണ് സാം ജോര്‍ജ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിച്ചസ്ഥലവും ഇയാള്‍ പോലീസിന് വെളിപ്പെടുത്തുകയായിരുന്നു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ സാമുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കാറും മറ്റ് തെളിവുകളും കണ്ടെത്തിയിരുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ഒരു ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് സാം മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ഒരു വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാം കെ. ജോര്‍ജിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ജെസി ചോദ്യം ചെയ്തതും, സ്വത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ വിധി പ്രതികൂലമാകുമെന്ന ഭയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് 10 ദിവസം മുന്‍പ് സാം ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളത്തെ വ്യൂപോയിന്റില്‍ എത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. പ്രതിയുടെ ഫോണില്‍ നിന്ന് വ്യൂപോയിന്റിന്റെ ഫോട്ടോകളും പൊലീസ് കണ്ടെടുത്തു.
ഒട്ടേറെ വിദേശവനിതകളുമായി സാം ബന്ധം പുലര്‍ത്തിയിരുന്നു. കൊലപാതകത്തിന് പിന്നാലെ സാം ബെംഗളൂരുവിലെത്തിയത് ഒരു ഇറാനിയന്‍ യുവതിക്കൊപ്പമാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ ഇവരെ ടെഹ്റാനില്‍പോയി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതും എംജി യൂണിവേഴ്സിറ്റിയില്‍ യോഗ കോഴ്സിന് ചേരാന്‍ പറഞ്ഞതും സാം ജോര്‍ജ് ആയിരുന്നു. ഇവിടെ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് സാം കെ. ജോര്‍ജ് ഇറാനിയന്‍ യുവതിയുമായി സൗഹൃദത്തിലായതെന്നും അവിവാഹിതനാണെന്നാണ് യുവതിയോട് പറഞ്ഞിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
എംജി സര്‍വകലാശാലാ ക്യാംപസില്‍ സാമിന്റെ സഹപാഠിയായ വിയറ്റ്‌നാം സ്വദേശിനി കാണക്കാരിയിലെ ഇവരുടെ വീട്ടില്‍ വാടകയ്ക്ക് (പേയിങ് ഗസ്റ്റ്) താമസിച്ചിരുന്നു. ഒരു ദിവസം ജെസിയും സാമും തമ്മില്‍ വഴക്കിട്ടതോടെ യുവതി അവിടെ നിന്ന് താമസം മാറി.പിന്നീട് ഇവിടെ പേയിങ് ഗസ്റ്റായി എത്തിയ സാമിന്റെ സഹപാഠിയായ യുവാവാണ് സാം വിവാഹിതന്‍ ആണെന്ന കാര്യം വിയറ്റ്‌നാം സ്വദേശിനിയെ അറിയിച്ചത്. വിയറ്റ്‌നാം യുവതി പിണങ്ങാന്‍ കാരണം ജെസി ആണെന്ന ധാരണയില്‍ സാം വഴക്കിട്ടിരുന്നു. വിയറ്റ്‌നാം യുവതി അകന്നതോടെയാണ് ഇറാനിയന്‍ യുവതിയെ ടെഹ്‌റാനിലെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
മിസിങ് കേസ് കൊലപാതക കേസായി
ജെസിയുടെ വിദേശത്തുള്ള മക്കള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് നാട്ടിലുള്ള കുടുംബസുഹൃത്തുക്കളെ വിവരമറിയിച്ചു. സെപ്റ്റംബര്‍ 26 വെള്ളിയാഴ്ചയാണ് ജെസി അവസാനമായി മക്കളെ ഫോണില്‍വിളിച്ചത്. ഇതിനുശേഷം മക്കള്‍ ജെസിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് നാട്ടിലുള്ള കുടുംബസുഹൃത്തിനെ ഇവര്‍ വിവരമറിയിച്ചത്. മമ്മിയെ കാണാനില്ലെന്നാണ് അവര്‍ പറഞ്ഞത്. വെള്ളിയാഴ്ചയാണ് അവസാനം വിളിച്ചതെന്നും പിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞു. കുടുംബസുഹൃത്തിന്റെ പരാതിയില്‍ മിസങ് കേസായി അന്വേഷണം തുടങ്ങിയ കേസാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ജെസിയും സാമും തമ്മില്‍ പ്രശ്നമുള്ളത് അറിയാമായിരുന്നു. പക്ഷേ, ഒരാള്‍ മറ്റൊരാളുടെ ജീവനെടുക്കുന്നനിലയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബസുഹൃത്ത് പറഞ്ഞു. 1994-ലാണ് ജെസിയും സാമും ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. ഏറെനാള്‍ ഇരുവരും വിദേശത്തായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. സാമിന്റെ പരസ്ത്രീബന്ധത്തെച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ 15 വര്‍ഷത്തോളമായി അകല്‍ച്ചയിലായിരുന്നു. കാണക്കാരിയിലെ വീട്ടില്‍ രണ്ടുനിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. വീട്ടില്‍ താമസിക്കുന്നതിനിടെ പലസ്ത്രീകളുമായും സാം ഇവിടെയെത്തിയിരുന്നു. ഇത് ജെസി ചോദ്യംചെയ്തതും പ്രതിയുടെ പകയ്ക്ക് കാരണമായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.