- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജഭരണം കഴിഞ്ഞിട്ടും 'രാജാവിന്' സര്‍ക്കാര്‍ പെന്‍ഷന്‍; പ്രിവിപേഴ്സ് നിര്‍ത്തലാക്കിയിട്ടും പെന്‍ഷന്‍ വാങ്ങി അവധ് നാട്ടുരാജ്യത്തിലെ പിന്‍ഗാമികള്‍; 90 വയസുകാരന് സന്തോഷത്തോടെ 'വാസിക' വാങ്ങാന്‍ എത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ബിബിസി
രാജഭരണം കഴിഞ്ഞിട്ടും 'രാജാവിന്' സര്‍ക്കാര്‍ പെന്‍ഷന്‍
ലക്‌നൗ: ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച കാലഘട്ടത്തില്‍ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ ആയിരുന്നവര്‍ക്ക് പ്രിവിപേഴ്സ് എന്ന പേരില്‍ വലിയൊരു തുക മാസം തോറും പെന്‍ഷനായി അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഇത് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ അവധ് എന്ന നാട്ടുരാജ്യത്തിലെ ഭരണാധികാരികളുടെ പിന്‍ഗാമികള്‍ക്കും കൂട്ടാളികള്‍ക്കും ഇപ്പോഴും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്.
എല്ലാ മാസവും ഹുസൈനാബാദിലെ പിക്ച്ചര്‍ ഗാലറിയിലേക്ക് 90 വയസുള്ള ഫയാസ് അലിഖാന്‍ എന്ന രാജകുടുംബത്തിലെ പിന്‍ഗാമി പെന്‍ഷന്‍ വാങ്ങാന്‍ എത്തുന്ന വാര്‍ത്ത പ്രമുഖ മാധ്യമമായ ബി.ബി.സി പുറത്തുവിട്ടത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. വാസിക എന്നാണ് ഈ രാജകീയ പെന്‍ഷന്‍ അറിയപ്പെടുന്നത്.
ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ മധ്യമേഖലയായ അവധ്, 1856-ല്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുക്കുന്നതുവരെ നവാബുമാര്‍ എന്ന് വിളിക്കപ്പെടുന്ന മുസ്ലീം ഭരണാധികാരികളായിരുന്നു ഭരിച്ചിരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ രാജകുടുംബങ്ങള്‍ക്ക് പ്രവി പേഴ്സ് നിര്‍ത്തലാക്കി എങ്കിലും ഉത്തര്‍പ്രദേശും രാജസ്ഥാനും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ഇത്തരം ഭരണാധികാരികളുടെ പിന്‍ഗാമികള്‍ക്ക് ചില പെന്‍ഷന്‍ ക്രമീകരണങ്ങള്‍ തുടരുന്നതിന്റെ ഭാഗമായിട്ടാണ് ഫയാസ് അലിഖാനെ പോലെയുള്ള ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്. പ്രായാധിക്യം കൊണ്ട് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു എങ്കിലും ഏറെ സന്തോഷവാനായിട്ടാണ് അദ്ദേഹം പെന്‍ഷന്‍ വാങ്ങാനായി പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ ഓഫീസില്‍ എത്തുന്നത്.
ലഖ്‌നൗവിലെ ചരിത്രകാരനായ റോഷന്‍ തക്വി പറയുന്നത്, 1800-കളുടെ തുടക്കത്തില്‍, അന്ന് ബ്രിട്ടീഷ് വ്യാപാര സ്ഥാപനമായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ചില അവധ് രാജകുടുംബാംഗങ്ങള്‍ പണം കടം കൊടുത്തിരുന്നു എന്നാണ്. പലിശ അവരുടെ കുടുംബങ്ങള്‍ക്ക് പെന്‍ഷനായി നല്‍കണമെന്ന വ്യവസ്ഥയിലാണ് പണം നല്‍കിയത്. അതായത് കമ്പനി ഒരിക്കലും മുതലിന്റെ തുക തിരികെ നല്‍കേണ്ടതില്ല പകരം പലിശയായി കുടുംബത്തിന് പെന്‍ഷന്‍ നല്‍കിയാല്‍ മതിയായിരുന്നു.
ആ സമയത്ത്, നിരവധി നവാബുമാര്‍ അഫ്ഗാന്‍ യുദ്ധം നടത്താന്‍ കമ്പനിക്ക് പണം കടം കൊടുക്കാന്‍ നിര്‍ബന്ധിതരായി എന്നും തക്വി വ്യക്തമാക്കി. എന്നാല്‍ ഫയാസ് അലിഖാന്‍ പറയുന്നത് പെന്‍ഷന്‍ തുക തീരെ തുച്ഛമായതിനാല്‍ മാസങ്ങള്‍ കൂടുമ്പോഴാണ് താന്‍ പെന്‍ഷന്‍ തുക ഒരുമിച്ച് വാങ്ങാന്‍ എത്താറുള്ളത് എന്നാണ്.
പ്രതിമാസം ഒമ്പത് രൂപയും 70 പൈസയുമാണ് പെന്‍ഷനായി അനുവദിച്ചിട്ടുള്ളത്. ഒരുകാലത്തെ സമ്പന്നമായ ഭൂതകാലവുമായുള്ള അവരുടെ അവസാനത്തെ ബന്ധമായിട്ടാണ് കുടുംബാംഗങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. ഏകദേശം 1200 പേര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്.. എന്നാല്‍ പെന്‍ഷന്‍ തുക ഓരോ തലമുറയിലും കുറയുകയാണ്.
ഉദാഹരണമായി ഒരാള്‍ക്ക് 100 രൂപ ലഭിക്കുകയും രണ്ട് കുട്ടികളുണ്ടാകുകയും ചെയ്താല്‍, അവരുടെ മരണശേഷം പെന്‍ഷന്‍ പകുതിയായി കുറയ്ക്കുകയും ഓരോരുത്തര്‍ക്കും 50 രൂപ വീതം അവശേഷിക്കുകയും ചെയ്യും. കാലക്രമേണ പിന്‍ഗാമികള്‍ വളര്‍ന്നപ്പോള്‍, പെന്‍ഷനുകളുടെ വിഹിതം കൂടുതല്‍ കുറഞ്ഞു.
1817-ല്‍ അവധിലെ നവാബ് ഷുജ-ഉദ്-ദൗളയുടെ ഭാര്യ ബാഹു ബീഗം, ബന്ധുക്കള്‍ക്കും കൂട്ടാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ ലഭിക്കണമെന്ന വ്യവസ്ഥയില്‍ രണ്ട് ഗഡുക്കളായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 40 ദശലക്ഷം രൂപ നല്‍കിയതോടെയാണ് വാസികയുടെ വിതരണം ആരംഭിച്ചതെന്നാണ് തഖി പറയുന്നത്.
രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റ് ആളുകളും സമാനമായ വ്യവസ്ഥകളില്‍ കമ്പനിക്ക് വായ്പ നല്‍കിയതായി ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, ബാഹു ബീഗം കടം കൊടുത്ത പണത്തിന്റെ ഒരു ഭാഗം ഒരു ബാങ്കില്‍ നിക്ഷേപിച്ചു. ഏകദേശം 30 ലക്ഷം രൂപ ആദ്യം കൊല്‍ക്കത്തയിലെ ബാങ്കില്‍ നിക്ഷേപിക്കുകയും പിന്നീട് കാണ്‍പൂരിലേക്കും പിന്നീട് ലഖ്‌നൗവിലേക്കും മാറ്റുകയും ചെയ്തു.
ഇന്ന്, നഗരത്തിലെ ഒരു പ്രാദേശിക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന ഏകദേശം 2.6 ദശലക്ഷം രൂപയ്ക്ക് ലഭിക്കുന്ന പലിശയില്‍ നിന്നാണ് പെന്‍ഷനുകള്‍ നല്‍കുന്നത്. പിക്ചര്‍ ഗാലറിയിലെ രണ്ട് ഓഫീസുകളാണ് പണമടയ്ക്കല്‍ നടത്തുന്നത്: ലഖ്‌നൗ ജില്ലാ ഭരണകൂടം നടത്തുന്ന ഹുസൈനാബാദ് ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വാസിക ഓഫീസ്. സര്‍ക്കാര്‍ ഇപ്പോള്‍ പെന്‍ഷനുകള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു, അതേസമയം ട്രസ്റ്റ് പണമായി നല്‍കുന്നു.