കൊച്ചി: കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി വന്‍ കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍നിന്ന് 80 ലക്ഷം രൂപ കവര്‍ന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് 80 ലക്ഷം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കവര്‍ച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറില്‍ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് ശേഷിക്കുന്ന മുഖംമൂടി സംഘം എത്തി പണം കവര്‍ന്നത്. പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതേയുള്ളൂ എന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ആണ് തോക്ക് ചൂണ്ടിയത്. പെപ്പര്‍ സ്‌പ്രേ അടിച്ച ശേഷമാണ് പണം കവര്‍ന്നത്. കാറില്‍ വന്നവര്‍ പണം കവര്‍ന്ന് വേഗത്തില്‍ രക്ഷപ്പെട്ടു. സ്റ്റീല്‍ വില്പന കേന്ദ്രത്തിലെ സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്. 80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലായിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമെന്ന് പൊലീസ് പറയുന്നു.