തിരുവനന്തപുരം: ചികിത്സയിലിരുന്ന ഭാര്യയെ ആശുപത്രിയില്‍വെച്ച് കഴുത്തുഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി മരിച്ചതിന് പിന്നില്‍ ദയാവധം. കരകുളം ഹൈസ്‌കൂള്‍ ജങ്ഷന്‍ 'അനുഗ്രഹ'യില്‍ ജയന്തി(63)യെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഭാസുരാംഗന്‍ ആശാരി(73)യാണ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടി മരിച്ചത്. പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗന്‍ പറയാറുണ്ടായിരുന്നു. ഭാസുരാംഗനെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായം മാത്രമേയുള്ളൂ. ഭാര്യയെ ജീവനു തുല്യം സ്‌നേഹിച്ച ഭാസുരാംഗന്‍ ഈ കൃത്യം ചെയതത് സാമ്പത്തിക പ്രതിസന്ധിയും സ്‌നേഹ കൂടുതലും കാരണമെന്നാണ് വിലയിരുത്തല്‍. നാട്ടിലെ പൊതുപരിപാടികളില്‍ സജീവമായിരുന്ന ഭാസുരാംഗന്‍ പുരുഷ സംഘത്തിലെ അംഗമായിരുന്നു.

രോഗവും നിരന്തരചികിത്സകളും കാരണമുണ്ടായ മാനസികസമ്മര്‍ദ്ദമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമായി. വൃക്കരോഗിയായ ജയന്തി ഈ മാസം ഒന്നു മുതല്‍ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയും ജയന്തിക്ക് ഡയാലിസിസ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഭാസുരാംഗന്‍ കെട്ടിടത്തില്‍നിന്നു ചാടിയത്. പ്രധാന ബ്ലോക്കിന്റെ അഞ്ചാംനിലയിലെ പടിക്കെട്ടിനു സമീപത്തുനിന്ന് കെട്ടിടത്തിന്റെ അകത്തളത്തിലേക്കാണ് ചാടിയത്. ഉടന്‍തന്നെ ഇയാളെ ഐസിയുവിലേക്കു മാറ്റി. രാവിലെ പത്തോടെ മരിച്ചു. ആര്‍ക്കൊപ്പം വന്ന കൂട്ടിരിപ്പുകാരനാണ് ഇയാളെന്ന് അറിയാനായി ആ ബ്ലോക്കിലെ മുറികള്‍ പരിശോധിച്ചപ്പോഴാണ് ജയന്തിയെ മരിച്ചനിലയില്‍ കണ്ടത്. ഇലക്ട്രിക് കട്ടിലില്‍ ഉപയോഗിക്കുന്ന കേബിളുപയോഗിച്ച് കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം.

പ്രവാസിയായിരുന്ന ഭാസുരാംഗന് ഗള്‍ഫില്‍നിന്നു മടങ്ങിയശേഷം ആശാരിപ്പണിയായിരുന്നു. മരപ്പണി കരാര്‍ എടുത്തു ചെയ്തിരുന്നെങ്കിലും പ്രായത്തിന്റെ അവശത കാരണം കുറച്ചുകാലമായി ജോലിക്കു പോകുന്നില്ല. ഇതിനിടെ പക്ഷാഘാതം കാരണം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. രോഗം ഭേദപ്പെട്ടെങ്കിലും നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ വലിയ പ്രതിസന്ധിയായിരുന്നു. 'വൃക്ക രോഗത്തെ തുടര്‍ന്ന് ചേച്ചിക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. ഇനിയുള്ള സര്‍ജറിക്ക് 5 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണു പറഞ്ഞത്' ജയന്തിയുടെ സഹോദരി കെ.ഗിരിജ പറഞ്ഞു.

ചികിത്സാച്ചെലവുകള്‍ക്കായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. 'ചേച്ചിക്കു ഭക്ഷണം നല്‍കിയിരുന്നത് ചേട്ടനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേച്ചിയെ കാണിക്കാന്‍ ഒപി ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു'- ഗിരിജ പറയുന്നു. വൃക്ക തകരാറിലായതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ജയന്തിക്കു ഡയാലിസിസ് ആരംഭിച്ചത്. രോഗം മൂര്‍ഛിച്ചതോടെ കഴിഞ്ഞ ഒന്നിന് ഉച്ചയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസിന് കയ്യില്‍ ട്യൂബിട്ടതുമായി ബന്ധപ്പെട്ട് അണുബാധ ഉണ്ടായി. തുടര്‍ന്ന് കഴിഞ്ഞ 5ന് ഒരു ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ശസ്ത്രക്രിയയ്ക്കു വലിയ തുക കണ്ടെത്തേണ്ടിയിരുന്നു.

ആഴ്ചയില്‍ 2 ഡയാലിസിസാണ് നടത്തിയിരുന്നത്. സ്വകാര്യ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്കു വലിയ ചെലവായി. തുടര്‍ ചികിത്സയ്ക്ക് സാമ്പത്തികമായി കുടുംബം ബുദ്ധിമുട്ടിയിരുന്നു. ഭാര്യയുടെ രോഗാവസ്ഥയിലും അവര്‍ വേദന അനുഭവിക്കുന്നതിലും ഭാസുരാംഗന് വലിയ ദുഃഖമുണ്ടായിരുന്നെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തികപ്രയാസം കൂടി ഏറിയതാവാം ദാസുരാംഗനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ സാധാരണക്കാര്‍ക്ക് അസുഖം വന്നാല്‍ എത്രമാത്രം പ്രതിസന്ധികളുണ്ടെന്നതിന് തെളിവാണ് ഈ ദുരന്തം. സംവിധാനങ്ങളിലെ പോരായ്മ എടുത്ത ജീവന്‍ കൂടിയാണ് ഇവരുടേത്.