ബീജിങ്: വര്‍ഷങ്ങളായി അലട്ടുന്ന കടുത്ത നടുവേദന മാറാന്‍ ജീവനുള്ള എട്ട് തവളകളെ വിഴുങ്ങിയ 82കാരി ആശുപത്രിയില്‍. കിഴക്കന്‍ ചൈനയിലാണ് സംഭവം. കടുത്ത നടുവേദന മാറാന്‍ ചൈനയിലെ നാടന്‍ ചികിത്സാരീതി പിന്തുടര്‍ന്നതാണ് പ്രശ്‌നമായത്. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാങ് എന്ന വയോധികയാണ് തവളയെ ജീവനോടെ വിഴുങ്ങി പുലിവാല് പിടിച്ചത്.

ചൈനീസ് പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഒരു വിചിത്രമായ വിശ്വാസത്തിന്റെ പേരിലാണ് ഷാങ് ഈ ചികിത്സാരീതി പരീക്ഷിച്ചത്. ജീവനുള്ള തവളകളെ വിഴുങ്ങിയാന്‍ നടുവേദന മാറുമെന്നായിരുന്നു അവരുടെ വിശ്വാസം. കുറച്ചു കാലമായി ഒരു ഹെര്‍ണിയേറ്റഡ് ഡിസ്‌കുമായി മല്ലിടുകയായിരുന്ന ഷാങ്. ഷാങ്ങിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബാംഗങ്ങള്‍ തവളകളെ പിടികൂടി നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പിടികൂടിയ തവളകളില്‍ ആദ്യ ദിവസം തന്നെ മൂന്നെണ്ണത്തിനെ ഷാങ് വിഴുങ്ങി. അടുത്ത ദിവസം അഞ്ചെണ്ണം കൂടി വിഴുങ്ങി.

കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ എട്ട് തവളകളെ വിഴുങ്ങിയതിന്റെ ഫലം ഷാങ്ങിന്റെ ശരീരത്തില്‍ പ്രകടമായി തുടങ്ങി. തുടക്കത്തില്‍, ഷാങ്ങിന് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, എന്നാല്‍ പിന്നീട് അടുത്ത കുറച്ച് ദിവസങ്ങളില്‍ വയറു വേദന വഷളായി. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് കുടുംബാംഗങ്ങള്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഷാങ്ങിന്റെ അവസ്ഥ കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ വിഷമിച്ച ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ മകന്‍ സത്യം തുറന്നു പറയുക ആയിരുന്നു.

ഷാങ്ങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍, പ്രാഥമികമായി വയറുവേദനയ്ക്ക് കാരണമായ ട്യൂമറുകളോ മറ്റ് ഗുരുതര രോഗങ്ങളോ ഇവര്‍ക്ക് ഇല്ലെന്ന് ഉറപ്പുവരുത്തി. എന്നിരുന്നാലും, ചില പരിശോധനാ ഫലങ്ങള്‍ അപകടകരമായ സൂചനകള്‍ നല്‍കി. തുടര്‍ന്നുള്ള പരിശോധനകളിലാണ് ഷാങ്ങിന് വലിയ രീതിയിലുള്ള അണുബാധ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ഷാങ്ങിന്റേതിന് സമാനമായ കേസുകള്‍ ചൈനയില്‍ അസാധാരണമല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.