ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ തുടര്‍ച്ചയായി ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. റോഡിന്റെ തെറ്റായ വശത്ത് കൂടി വാഹനമോടിക്കുക, ചുവന്ന സിഗ്നലുകള്‍ക്ക് മുന്നില്‍ നിര്‍ത്താതിരിക്കുക തുടങ്ങിയ പരാതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധികൃതര്‍ക്ക് ലഭിച്ചത്. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ പ്രകാരം ഇത്തരം കാറുകള്‍ നിയമലംഘനങ്ങള്‍ നടത്തിയതിന്റെ 58 റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

പൂര്‍ണ്ണ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുള്ള ഏകദേശം 2.9 ദശലക്ഷം കാറുകള്‍ അന്വേഷണത്തിന് വിധേയമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ടെസ്ല ഉടമയും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്‌ക്ക് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പൂര്‍ണ്ണ സ്വയം-ഡ്രൈവിംഗ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്നങ്ങള്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ വിലയിരുത്തും. ഈ മോഡില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ലെയ്ന്‍ മാറ്റങ്ങളും തിരിവുകളും നടത്താന്‍ കഴിയും. എന്നാല്‍ ഡ്രൈവര്‍മാര്‍ എപ്പോള്‍ വേണമെങ്കിലും വാഹനത്തിന്റെ നിയന്ത്രണം എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ട്രാഫിക്് സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ് ഓണായിരിക്കുമ്പോള്‍ കാറുകള്‍ നിര്‍ത്താതെ പോയ സംഭവങ്ങളില്‍ ആറ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നാലെണ്ണത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി ടെസ്ല അറിയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ടെസ്ലയുടെ ചില കാറുകളില്‍ കുട്ടികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം, കാറുകളുടെ ഡോര്‍ ലോക്കിംഗ് സംവിധാനങ്ങളെക്കുറിച്ച് ടെസ്ലയുടെ വാഹനങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ചില സന്ദര്‍ഭങ്ങളില്‍, കാര്‍ ഉടമകള്‍ ജനാലകള്‍ പൊട്ടിച്ച് പുറത്തിറങ്ങേണ്ടി വന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന വിലകുറഞ്ഞ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ടെസ്ല ഈയിടെ അവരുടെ ഏറ്റവും ജനപ്രിയമായ രണ്ട് കാറുകളുടെ വിലകുറഞ്ഞ മോഡലുകള്‍ പുറത്തിറക്കി.

ടെസ്ല ഉടമയായ ഇലോണ്‍ മസ്‌ക്ക് നേരത്തേ അമേരിക്കന്‍ പ്രസിഡന്റം് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആയിരുന്നു. പിന്നീട് അദ്ദേഹം ട്രംപുമായി തെറ്റുകയും റിപ്പബ്ലിക്കന്‍മാരെയും ഡെമോക്രാറ്റുകളെയും എതിര്‍ക്കുന്നതിനായി, കഴിഞ്ഞ ജൂലൈയില്‍, അമേരിക്ക പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഏതായാലും പിന്നീട് ഇതിനെ കുറിച്ച് അധികം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ല. എന്നാല്‍ ട്രംപും മസ്‌ക്കുമായുള്ള അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും ശക്തമായ തോതില്‍ തന്നെ തുടരുകയാണ്. കുറേ നാളുകള്‍ മുമ്പ് ട്രംപ് ടെസ്ല കാറുകളെ കുറിച്ച് മോശം അഭിപ്രായ പ്രകടനം നടത്തിയിരുന്നു.