ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ നടന്ന ഗൂഢാലോചന അന്വേഷണത്തില്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം മറ്റൊരു തരത്തില്‍ വഴിതിരിച്ചുവിടാനായിരുന്നു നീക്കം. ആര്‍ക്കൊക്കെ ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതെല്ലാം അന്വേഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമലയില്‍ എന്താണോ ക്രമക്കേട് ഉണ്ടായിട്ടുള്ളത് അതിന്മേലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിട്ടുള്ളത്. ആര്‍ക്കെല്ലാം വീഴ്ചകള്‍ സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കും. കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കരങ്ങളില്‍പ്പെടും. ആവശ്യമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കും. ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സര്‍ക്കാര്‍ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയുണ്ടായെന്നത് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടോ എന്നത് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ടതല്ല. അന്വേഷണത്തിലൂടെ ആര്‍ക്കൊക്കെ വീഴ്ചയുണ്ടായി എന്നത് കണ്ടെത്തും. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തില്‍ എത്തിക്കുവാന്‍ ആണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലുള്ള അവതാരങ്ങള്‍ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില കാര്യങ്ങള്‍ കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ദിവസം വെളിപ്പെടുത്തല്‍ നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ശബരിമലയിലെ പീഠം അവിടുന്ന് മാറ്റിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ എത്തിയെന്നും അങ്ങനെയാണ് കണ്ടെത്തിയത്. വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യങ്ങളാണിത്. ആ ഘട്ടത്തില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരുതരത്തിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണങ്ങള്‍ വന്നത്. അയ്യപ്പസംഗമം നടക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചവരുണ്ട്.

അവര്‍ ബദല്‍ സംഗമം നടത്താനും തീരുമാനിച്ചു. അവര്‍ക്കൊക്കെയുള്ള പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടിവരും. ആരൊക്കെ നേരിട്ടും പുറത്തുനിന്നും സഹായിച്ചു എന്നത് അന്വേഷണം കൃത്യമായി പോകുമ്പോള്‍ തെളിയും. അവരെല്ലാം പിടിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.