ടെന്നസി: ടെന്നസിയിലെ ഒരു പ്രധാന സൈനിക സ്‌ഫോടക വസ്തു നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഹിക്ക്മാന്‍ കൗണ്ടിയില്‍, നാഷ്വില്ലിന് തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ആക്യുറേറ്റ് എനര്‍ജെറ്റിക് സിസ്റ്റംസ് (Accurate Energetic Systems) എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിന്റെ പ്രകമ്പനം സമീപ ജില്ലകളില്‍ വരെ അനുഭവപ്പെട്ടു. സംഭവസ്ഥലത്ത് വ്യാപകമായ നാശനഷ്ടം സംഭവിച്ചതായും, കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ചിതറിത്തെറിച്ച വാഹനങ്ങളും ചാമ്പലായ അവശിഷ്ടങ്ങളും പ്രദേശമാകെ കാണാം. നിരവധി പേരെയാണ് കാണാതായിട്ടുള്ളത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സംഭവസ്ഥലത്ത് വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ആദ്യത്തെ വലിയ സ്‌ഫോടനത്തിന് ശേഷം ചെറിയ സ്‌ഫോടനങ്ങളും തുടര്‍ച്ചയായി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഈ ചെറിയ സ്‌ഫോടനങ്ങള്‍ തടസ്സമുണ്ടാക്കി. സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹംഫ്രിസ് കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ ഒഡെല്‍ പോയ്നര്‍ പറയുന്നതനുസരിച്ച്, 19 ജീവനക്കാരെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടനം നടന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം കാരണം സമീപ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌ഫോടനം നടന്നതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് (ATF) സംഘം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനം നടന്ന കെട്ടിടത്തില്‍ നിന്നുള്ള സ്‌ഫോടകവസ്തുക്കള്‍ പൂര്‍ണ്ണമായും നശിക്കാത്തതിനാല്‍ കൂടുതല്‍ അപകട സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടമേഖലയിലേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങള്‍ ഒഴിവായി നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയാണ് ഇപ്പോള്‍ പ്രധാന പരിഗണനയെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹംഫ്രിസ് കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് അറിയിച്ചു.