- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ഒരു ഒക്ടോബര്‍ ! സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി; സ്വര്‍ണ്ണഖനിയില്‍ കുടുങ്ങിയ 33 പേരുടെ രക്ഷാദൗത്യവും ദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും ചിലിയുടെ ഓര്‍മ്മകളില്‍ നിറയുമ്പോള്‍
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മയില്‍ ചിലി
സാന്റിയാഗോ: വീണ്ടും ഒരു ഒക്ടോബര്‍ കൂടി വരുമ്പോള്‍ ചിലിയുടെ ഓര്‍മ്മകളില്‍ അ 33 പേരുടെ പേരുകള്‍ വീണ്ടും നിറയും. അവിശ്വസനീയമെന്ന് അടിവരയിട്ട് പറയാവുന്ന ചിലി സ്വര്‍ണ്ണഖനിയിലെ രക്ഷാദൗത്യത്തിന് 15 വയസ്സ് പൂര്‍ത്തിയാകുന്നു. ഓഗസ്റ്റ് 5-ന് ഖനി തകര്‍ന്ന് 69 ദിവസങ്ങള്‍ക്ക് ശേഷം, 2010 ഒക്ടോബര്‍ 13-ന് സാന്‍ ജോസ് സ്വര്‍ണ്ണ, ചെമ്പ് ഖനിയില്‍ നിന്ന് 33 തൊഴിലാളികളെ രക്ഷപ്പെടുത്തി. ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ രക്ഷാപ്രവര്‍ത്തനമായാണ് ഇതിനെ കണക്കാക്കുന്നത്.
രാജ്യത്തെ പിടിച്ചുലച്ച ആഗസ്ത് 5 - കുടുങ്ങിയത് 33 ഖനന തൊഴിലാളികള്‍
2010 ഓഗസ്റ്റ് 5ന് ഉച്ചയ്ക്ക് ഏകദേശം 2:00 മണിയോടെ സാന്‍ ജോസ് ഖനിയില്‍ ഒരു തകര്‍ച്ചയുണ്ടായത്. 1889 ല്‍ തുറന്ന ഖനിയില്‍, 2007 ല്‍ മൂന്ന് ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ട ഒരു സ്‌ഫോടനം ഉള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2008 ല്‍ ചിലിയുടെ നാഷണല്‍ ജിയോളജി ആന്‍ഡ് മൈനിംഗ് സര്‍വീസ് ഖനിയില്‍ തുടര്‍ച്ചയായ ഖനനത്തിന് വീണ്ടും അനുമതി നല്‍കുന്നതുവരെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിന് കാര്യമായൊന്നും ചെയ്തില്ല.
തകര്‍ച്ചയുടെ സമയത്ത് ഖനിക്കുള്ളില്‍ 33 തൊഴിലാളികളുണ്ടായിരുന്നു; 32 പേര്‍ ചിലിയക്കാരും ഒരു ബൊളീവിയക്കാരനും. നിരവധി സബ് കോണ്‍ട്രാക്റ്റ് തൊഴിലാളികളും കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു പര്‍വതത്തിന്റെ ആഴത്തിലുള്ള ഖനിയുടെ ആഴം ഏകദേശം 2,625 അടി (800 മീറ്റര്‍) ആയിരുന്നു. പാറ പൊട്ടിയ ശബ്ദം മുഴങ്ങി, പൊടിയും പാറക്കഷണങ്ങളും നിറഞ്ഞ വായുവില്‍ വിളക്കുകള്‍ മങ്ങി. ഖനിയുടെ അഗാധ ഇരുട്ടില്‍ അവര്‍ കുടുങ്ങുകയായിരുന്നു.
ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാ വഴികളും അടഞ്ഞ നിലയിലായിരുന്നു. ഖനിയുടെ ഫോര്‍മാന്‍ ലൂയിസ് ഉര്‍സുവയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സുരക്ഷാ മുറിയിലേക്ക് മാറി അതിജീവനത്തിന് ഒരുങ്ങി.
ഉള്ള വിഭവങ്ങള്‍ വച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു പിന്നിട്. ട്യൂണ, ബിസ്‌കറ്റ്, പാല്‍ ബോട്ടിലുകള്‍ തുടങ്ങിയവയാണ് മുറിയിലുണ്ടായിരുന്നത്. കഴിയുന്നത്ര ദിവസം അവ ചുരുക്കി പങ്കിട്ടു. വെള്ളം കുറവായതോടെ പൈപ്പുകളിലും ടാങ്കുകളിലും നിന്ന് ശേഖരിച്ചു.
താപനില 30 ഡിഗ്രിയിലധികമായതും വായുതടസ്സവും ശ്വാസംമുട്ടുന്നതുമായ അവസ്ഥയിലേക്ക് അവരെ എത്തിച്ചു.
അപകട വിവരം പുറത്തറിഞ്ഞതോടെ സ്ഥലത്തേക്ക് ഖനയിലകപ്പെട്ടവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും ഒഴുക്ക് ആരംഭിച്ചു.ആ രാത്രിയില്‍ ഒരു പ്രാദേശിക അടിയന്തര സംഘം രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ പ്രാരംഭ പരാജയത്തെത്തുടര്‍ന്ന്, ചിലിയന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ കോഡെല്‍കോയോട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉത്തരവിട്ടു. ഓഗസ്റ്റ് 7 ന് രണ്ടാമത്തെ തകര്‍ച്ച സംഭവിച്ചു, സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഗോവണി സ്ഥാപിച്ചിരുന്നെങ്കില്‍ പുരുഷന്മാര്‍ക്ക് പുറത്തേക്ക് പോകാന്‍ കഴിയുമായിരുന്ന വെന്റിലേഷന്‍ ഇതോടെ അടക്കേണ്ടി വന്നു.
പ്രതീക്ഷയുടെ വാതില്‍ തുറന്നത് 17 ദിവസങ്ങള്‍ക്ക് ശേഷം
ഓഗസ്റ്റ് 22ന്, ഒരു ഡ്രില്ലിങ് ഇടത്തില്‍ നിന്ന് ചെറുതായി കേട്ട ശബ്ദമാണ് യഥാര്‍ത്ഥത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ജീവന്‍ നല്‍കിയത്. എഞ്ചിനിയര്‍ പെഡ്രോ ബട്ടസോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. ഡ്രില്‍ ചെയ്ത ശേഷം ലോഹത്തില്‍ തീര്‍ത്ത ഒരു പേടകം താഴേക്കിറക്കി അതിലൂടെ തൊഴിലാളികളുടെ രക്ഷപ്പെടുത്തുകയായിരുന്നു. നാലു മാസത്തിലേറെ നീളുമെന്ന് കരുതിയ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത് ഡ്രിലിങ്ങിലെ കണിശത തന്നെയാണ്.
'പ്ലാന്‍ എ', 'പ്ലാന്‍ ബി', 'പ്ലാന്‍ സി' എന്നിങ്ങനെ മൂന്ന് രക്ഷാപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.വിവിധ ഡ്രില്ലിങ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചെങ്കിലും, പലപ്പോഴും മെഷീനുകള്‍ തകര്‍ന്നു, വഴി തെറ്റി.
ദീര്‍ഘമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ 9ന്, പ്ലാന്‍ ബിയുടെ ഭാഗമായി കൂടുതല്‍ സാധ്യതയുള്ള ഡ്രില്‍ സ്ഥലത്ത് എത്തിച്ചു.കൂടാതെ ചിലി നാവികസേനയും നാസയും ചേര്‍ന്ന് ഫീനിക്‌സ് കാപ്സ്യൂള്‍ എന്ന പേടകം നിര്‍മ്മിച്ചു. 66 സെ.മീ വീതിയുള്ള കുഴിയിലൂടെ മനുഷ്യനെ കയറ്റാനുള്ള അത്ഭുത സാങ്കേതിക വിദ്യ.
ഒക്ടോബര്‍ 12-ന് രാത്രി, രക്ഷാപ്രവര്‍ത്തകന്‍ മാനുവല്‍ ഗൊന്‍സാലസ് ആദ്യമായി ഇറങ്ങി. കുറച്ച് മണിക്കൂറുകള്‍ക്കുശേഷം, ഫ്‌ലോറന്‍സിയോ അവലോസ് എന്ന തൊഴിലാളി പേടകത്തില്‍ കയറി ഭൂമിയുടെ മുകളിലെത്തി. അവനെ വരവേല്‍ക്കാനെത്തിയവര്‍ കണ്ണുനിറഞ്ഞു കൈയ്യടിച്ചു.അടുത്ത 24 മണിക്കൂറിനുള്ളില്‍ 33 പേരും ഒരൊന്നായി മുകളിലേക്കെത്തി.
രക്ഷാദൗത്യത്തിനിടയിലെ ത്രികോണ പ്രണയവും നാടകീയതയും
ആകാംഷകള്‍ നിറഞ്ഞ രക്ഷാ ദൗത്യത്തിലെ മറ്റൊരു നാടകീയതയായിരുന്നു ഒരു തൊഴിലാളിയെ തേടിയെത്തിയ രണ്ട് സ്ത്രീകള്‍. 21-ാമത്തെ തൊഴിലാളിയായ ബാരിയോസ് പുറത്തുവന്നപ്പോള്‍, ലോകമാകെ ശ്രദ്ധ നേടി.
കാരണം അയാളെ വരവേല്‍ക്കാന്‍ എത്തിയിരുന്നത് ഭാര്യ മാര്‍ട്ടാ സലിനാസ്യും കാമുകി ആയ സുസാന വാലെന്‍സ്വേലയുമായിരുന്നു.
രക്ഷാദൗത്യത്തിനൊപ്പം തന്നെ ഇയാളുടെ മേലുള്ള രണ്ട് സ്ത്രീകളുടെ അവകാശ വാദങ്ങളും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞു.
അഞ്ചുവര്‍ഷത്തിനിപ്പുറംം അഭ്രപാളികളില്‍.. രാഷ്ട്രീയ ചര്‍ച്ചകള്‍ വേറെ
വര്‍ഷങ്ങള്‍ കുറച്ച് കഴിഞ്ഞതോടെ ഈ സംഭവം സര്‍ക്കാരിനെതിരെയുള്ള ആയുധമായി. അതിജിവന കഥയ്ക്കപ്പുറം രാഷ്ട്രീയ നാടകമെന്ന് വരെ ഈ സംഭവത്തെ വിമര്‍ശിച്ചു. രക്ഷയ്ക്കുശേഷം സര്‍ക്കാര്‍ ആറുമാസത്തെ സൗജന്യ ചികിത്സയും കൗണ്‍സലിംഗും വാഗ്ദാനം ചെയ്തുവെങ്കിലും, പലരും പിന്നീട് വിഷാദത്തിലും കടബാധ്യതയിലുമാണ് വീണത്.രണ്ടുപേര്‍ സിലിക്കോസിസ് ബാധിതരായി, ചിലര്‍ മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'' എനിക്കിപ്പോള്‍ ശബ്ദം കേട്ടാല്‍ പേടിയാണ്. ഹൃദയം വേഗത്തില്‍ മിടിക്കുന്നു. ചെറിയ ഇടങ്ങളില്‍ പോകാനാവില്ല.'' എന്നാണ് ഒരു തൊഴിലാളി പില്‍ക്കാലത്ത് അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്. 2015-ല്‍, ആന്റോണിയോ ബാന്‍ഡറാസ് പ്രധാനവേഷത്തില്‍ അഭിനയിച്ച 'The 33' എന്ന സിനിമ ഈ യാഥാര്‍ത്ഥ്യ കഥയെ വീണ്ടും ലോകത്തിനു മുന്നിലെത്തിച്ചു.
ഇന്ന്, പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും, സാന്‍ ഹോസെ ഖനി അടഞ്ഞ നിലയിലാണ്.അവിടെ '33' എന്ന് അടയാളപ്പെടുത്തിയ ചെറിയ സ്മാരകം മാത്രമാണ് ബാക്കിയുള്ളത്. ചിലിക്കാര്‍ക്ക്, ഈ സംഭവം ഐക്യത്തിന്റെയും പ്രത്യാശയുടെയും കഥയായി തുടരുന്നു.
പക്ഷേ 33 പേരുടെ മനസ്സില്‍ അത് ഇന്നും ഒരു ഭാരം തന്നെയാണ്.