കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ എട്ടാം വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നം സങ്കീര്‍ണമാകുന്നു. സര്‍ക്കാര്‍ ഇടപെടലാണ് ഇതിന് കാരണം. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത്തരം സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഫെയ്‌സ് ബുക്കിലൂടെ മന്ത്രി പ്രതികരിക്കുന്നത് ശരിയോ എന്ന ചോദ്യവും ഉയരുന്നു.

യൂണിഫോം വസ്ത്രധാരണം സംബന്ധിച്ചു സ്‌കൂളിന്റെ നിയമങ്ങള്‍ പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് വ്യക്തമാക്കിയതായി ഹൈബി ഈഡന്‍ എംപി അറിയിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ കരണംമറിച്ചില്‍ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാക്കി. ഇതിന് പിന്നില്‍ 'വര്‍ഗ്ഗീയത' കത്തിക്കലാണെന്ന ആരോപണം സ്‌കൂള്‍ മാനേജ്‌മെന്റ് ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രിയുടെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തിയിലാണ്. ഭിന്നശേഷി വിവാദം ആളകത്തിച്ചത് മന്ത്രിയുടെ ഇടപെടലുകളാണ്. അതിന് മുഖ്യമന്ത്രി പരിഹാരം ഉണ്ടാക്കി. പിന്നാലെ വീണ്ടും വിവാദം മന്ത്രിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിങ്കളാഴ്ച പറഞ്ഞതില്‍ നിന്നും വിരുദ്ധമാണ് പുതിയ പ്രസ്താവന. ''സ്‌കൂള്‍ യൂണിഫോം എല്ലാവര്‍ക്കും ബാധകമാണ്, ഒരു കുട്ടി മാത്രം പ്രത്യേകവസ്ത്രം ധരിച്ചുവരുന്നത് ശരിയല്ല''-ഇതായിരുന്നു തിങ്കളാഴ്ച പ്രസ്താവന. ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചത് മറിച്ചൊരു അഭിപ്രയാവും. ''വിദ്യാര്‍ഥിനിക്ക് ഹിജാബ് ധരിച്ച് തുടര്‍പഠനം നടത്താന്‍ അനുമതി നല്കണം. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി''-ഇതായിരുന്നു കുറിപ്പ്. ഇത്തരം നിലപാട് മാറ്റം മുഖ്യമന്ത്രിയെ അലോസപ്പെടുത്തുന്നുണ്ട്.

വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്‌തെന്നും മന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിനു വിരുദ്ധമായ നടപടിയാണു സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിനിക്കു മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ചു സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്കു തീരുമാനിക്കാം. വിദ്യാര്‍ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനും മന്ത്രി സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മാനേജ്‌മെന്റ് യൂണിഫോ നിര്‍ബന്ധം എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

മന്ത്രിയുടെ പ്രസ്താവന ഹൈക്കോടതി വിധിക്ക് എതിരാണെന്ന വാദവുമുയരുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമിന്റെ കാര്യത്തില്‍ മാനേജ്‌മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. അനസുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനിയും പിതാവും നിലപാട് മയപ്പെടുത്തിയെന്ന് ഹൈബി ഈഡന്‍ അറിയിച്ചത്. അതേസമയം വിഷയത്തിന്റെ പേരില്‍ വര്‍ഗീയമായ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്നും എംപി പറഞ്ഞു. പരീക്ഷകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നിലെയാണ് മന്ത്രിയുടെ പ്രസ്താവന.