- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവനു നേദിക്കും മുമ്പേ മന്ത്രിക്ക് വിശന്നു! ഇക്കാര്യം തന്ത്രിയെ അറിയിച്ചതും പരിഹാര ക്രിയ എഴുതി വാങ്ങിയതും ദേവസ്വം ബോര്‍ഡ്; സര്‍ക്കാരിനേയും വാസവനേയും ആചാര ലംഘകരാക്കാന് ഗൂഡാലോചന സംശയിക്കുന്ന പള്ളിയോട സേവാ സംഘം; ആറന്മുളയില് പിഴച്ചത് ആര്‍ക്ക്? പരിഹാരക്രിയയെ സിപിഎമ്മോ സര്‍ക്കാരോ എതിര്‍ക്കില്ല
ആറന്മുള വള്ളസദ്യ, ആറന്മുള, സിപിഎം
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യ നടന്ന ദിവസം ദേവനു നേദിക്കും മുന്‍പ് പുറത്ത് ദേവസ്വം മന്ത്രിക്കുള്‍പ്പെടെ സദ്യ വിളമ്പിയത് ആചാര ലംഘനമെന്നു തന്ത്രി. ആചാര ലംഘനത്തിനു ബന്ധപ്പെട്ടവര്‍ പരസ്യ പ്രായശ്ചിത്തം ചെയ്യണമെന്നു തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലം (മേമന) പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം കമ്മിഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, പള്ളിയോട സേവാ സംഘം, ഉപദേശകസമിതി എന്നിവര്‍ക്കാണ് തന്ത്രി കത്തു നല്‍കിയത്. അതിനിടെ ആറന്‍മുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോര്‍ഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം ആരോപിച്ചു. ബോര്‍ഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നല്‍കിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ വിവരം ബോര്‍ഡ് ആണ് കത്തിലൂടെ തന്ത്രിയെ അറിയിച്ചത്, ആചാരലംഘനം ഉണ്ടായിട്ടില്ല എന്നും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ പ്രതികരിച്ചു. ദേവന് നേദിക്കും മുന്‍പ് ദേവസ്വം മന്ത്രിക്ക് വിളമ്പി എന്നതാണ് ആക്ഷേപം അതില്‍ പരസ്യമായ പ്രായശ്ചിത്തം ക്ഷേത്രം തന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. മന്ത്രിയെ ദേവസ്വം ബോര്‍ഡ് ചതിച്ചു എന്ന തരത്തിലാണ് ചര്‍ച്ച.
ആചാര ലംഘനത്തില്‍ പരസ്യ പരിഹാരക്രിയ വേണമെന്നാണ് തന്ത്രിയുടെ കത്തില്‍ പറയുന്നത്. ഈ മാസം 12നാണ് തന്ത്രി ദേവസ്വം ബോര്‍ഡിനും ദേവസ്വം കമ്മിഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, പള്ളിയോട സേവാ സംഘം, ഉപദേശകസമിതി എന്നിവര്‍ക്കും കത്ത് നല്‍കിയത്. സെപ്റ്റംബര്‍ 14ന് ആയിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. മന്ത്രി വി.എന്‍.വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകന്‍. എന്നാല്‍ ശ്രീകോവിലില്‍ ഉച്ചപൂജയ്ക്ക് ഭഗവാനു നേദിക്കുന്നതിന് മുന്‍പ് ആനക്കൊട്ടിലിലെ പ്രത്യേക സ്ഥലത്ത് മന്ത്രി വിളക്കു കൊളുത്തുകയും തുടര്‍ന്ന് അവിടെ ഭഗവാനു സദ്യ വിളമ്പുകയും ചെയ്തു. ക്ഷേത്രത്തിനുളളില്‍ ഭഗവാന് ഉച്ചപൂജ നടത്തിയ ശേഷം ശ്രീലകത്തു നിന്നു വിളക്കു കത്തിച്ച് പുറത്തു വന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു കൊടിമരച്ചുവട്ടില്‍ വിളക്കു കത്തിച്ച് ഭഗവാനെ സാക്ഷിയാക്കി സദ്യ വിളമ്പുന്നതാണ് പതിവ്. എന്നാല്‍ അതിനു വിരുദ്ധമായി നടപടികള്‍ ഉണ്ടായതില്‍ അന്നു തന്നെ ഭക്തരില്‍ ചിലര്‍ പ്രതിഷേധിച്ചിരുന്നു. ഇതാണ് പിന്നീട് വിവാദമായത്. ഇതിനിടെയാണ് മന്ത്രിയെ പള്ളിയോട സേവാസംഘം അനുകൂലിക്കുന്നത്. ശബരിമല വിവാദത്തിനിടെ ഉയര്‍ന്ന ഈ വിവാദം സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയായിട്ടുണ്ട്. സൂക്ഷ്മതയോടെ പ്രതികരിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമുണ്ട്. ആവശ്യമെങ്കില്‍ പരിഹാര ക്രിയ ചെയ്യട്ടേ എന്നതാണ് നിലപാട്.
ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തു വന്നിരുന്നു. ഭഗവാന് നേദിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നത് തെറ്റായ പ്രചാരണമാണെന്നാണ് സിപിഎമ്മിന്റെ വാദം. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഇതു തന്നെയാണ് പള്ളിയോട സേവാ സംഘവും പറയുന്നത്. എന്നാല്‍ കുറ്റപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡിനേയും. ഇതും ചര്‍ച്ചകളില്‍ നിര്‍ണ്ണായകമാണ്. തന്ത്രിയുടെ പരിഹാര ക്രിയ ഇനി ചെയ്യുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഏതായാലും സര്‍ക്കാരും സിപിഎമ്മും ഈ വിഷയത്തില്‍ ഇനി ഇടപെടില്ല. പരിഹാര ക്രിയ അനുസരിച്ച് വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവന്‍ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്‍പില്‍ ഉരുളിവച്ച് എണ്ണാപ്പണം (സമ്പാദ്യത്തിലെ വിഹിതം എണ്ണാതെ) സമര്‍പ്പിക്കണം.
ഇതിനുപുറമേ ഇനി തെറ്റു വരുത്തില്ലെന്നും വിധിപ്രകാരം സദ്യ നടത്തിക്കൊള്ളാമെന്നും സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തില്‍ ആവശ്യപ്പെടുന്നു. അന്നു സദ്യ വിളമ്പിയത് തന്ത്രി തന്നെയല്ലേയെന്നും ആചാരലംഘനമെന്നു പിന്നീടു പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും മന്ത്രി വി.എന്‍.വാസവന്‍ ചോദിച്ചു. സംഭവത്തെപ്പറ്റി അറിയില്ലെന്നും തന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഇതിനിടെയാണ് ആചാരം പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയതെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍ പറഞ്ഞു. കാര്യങ്ങള്‍ തന്ത്രിയെ ബോധ്യപ്പെടുത്തും. ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഇതു വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനു നിവേദിക്കും മുന്‍പ് മന്ത്രിക്കു വള്ളസദ്യ വിളമ്പിയത് ആചാര ലംഘനമാണെന്നു ആറന്മുള ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിജയന്‍ നടമംഗലത്ത് പറഞ്ഞു.
ക്ഷേത്ര ആചാരങ്ങള്‍ കൃത്യമായി പാലിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ഉപദേശക സമിതിയ്ക്കുണ്ട്. തന്ത്രിയെ നേരിട്ടു കണ്ട് പരാതി നല്‍കി. ഇത് വെളിച്ചത്തു കൊണ്ടുവന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഉപദേശക സമിതി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.