- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നിര്‍ണായക വിവരങ്ങള്‍ മറച്ചുവച്ചു; കുടുംബത്തില്‍ പോലും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടന്നു; വേദന സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു; ഒപ്പം നിന്നവര്‍ക്ക് മാത്രം നന്ദി, നീതി അകലെയാണ്'; നീതിക്കായി പോരാടുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലുള്ള വേദനയും ദുഃഖവും സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായി കുടുംബം. കുടുംബത്തില്‍ പോലും ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമം നടന്നു. നീതി അകലെയാണ്. നീതിക്ക് വേണ്ടി പോരാടും. വേദനയില്‍ പങ്കുചേര്‍ന്ന ധാരാളം പേര്‍ ഉണ്ടെന്ന് ഭാര്യ കെ.മഞ്ജുഷ. മനുഷ്യത്വമുള്ള കേരള ജനത ഒപ്പം നിന്നു. ഇപ്പോഴും ആശ്വസിപ്പിക്കാന്‍ ആളുകള്‍ വരുന്നുണ്ട്. ക്രൈസ്തവ സഭകളും റവന്യൂ ജീവനക്കാരും ആശ്വസിപ്പിക്കാന്‍ ഒപ്പം നിന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും കൂടെ നിന്നു. എല്ലാവരുടെയും പിന്തുണയോടെ മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു.
നീതി ഇപ്പോഴും അകലെയാണെന്നാണ് തോന്നുന്നതെന്ന് സഹോദരന്‍ പ്രവീണ്‍ബാബു പറഞ്ഞു. കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. ഡിസംബര്‍ 16ന് പരിഗണിക്കും. തുടരന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പല നിര്‍ണായക കാര്യങ്ങളും മറച്ചുവച്ചതായി അഡീഷനല്‍ കുറ്റപ്പത്രം സമര്‍പിച്ചപ്പോള്‍ മനസ്സിലായി. 13 കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ വാദം കേള്‍ക്കാനുണ്ട്. പ്രശാന്തന്റെയും സിപിഎം നേതാവ് പി.പി.ദിവ്യയുടെയും കലക്ടറുടെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചില്ല. എല്ലാ നിയമവഴികളും തേടും. മറ്റു വഴികളും ആലോചിക്കുന്നുണ്ടെന്നും പ്രവീണ്‍ ബാബു പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കുടുംബത്തിന്റെ പരാതിയില്‍ ഒരു വര്‍ഷമായി അടയിരിക്കുകയാണ് കണ്ണൂര്‍ പൊലീസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ മുറിയില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു രാത്രി കണ്ണൂരിലെത്തിയ സഹോദരന്‍ പ്രവീണ്‍ ബാബുവും ബന്ധുക്കളും നല്‍കിയ പരാതി ഇപ്പോഴും പൊലീസ് തുറന്നിട്ടില്ല. സംഭവത്തില്‍ ആരോപണ വിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഗൂഢാലോചന ആരോപിച്ചാണു പരാതി നല്‍കിയത്.
ജന്മ നാടായ പത്തനംതിട്ടയിലേക്ക് എഡിഎമ്മായി സ്ഥലംമാറ്റം ലഭിച്ച് യാത്രയയപ്പ് വേദിയിലാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീന്‍ ബാബുവിനെ അപമാനിക്കും വിധം സംസാരിച്ചത്. തുടര്‍ന്നാണ്, നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം പി.പി.ദിവ്യ ഒളിവില്‍ പോവുകയും ചെയ്തു. പെട്രോള്‍ പമ്പ് ലൈസന്‍സ് അപേക്ഷകനായി വന്ന പ്രശാന്തന്റെ സാമ്പത്തിക സ്രോതസ്സ്, ആരുടെയെങ്കിലും ബിനാമിയാണോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ല.
പരസ്യ വിമര്‍ശനത്തിലും കുത്തുവാക്കുകളിലും മനംനൊന്ത് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷമായി. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. വാവിട്ട വാക്ക്, ഒരു ഉദ്യോഗസ്ഥന്റെ മരണവും, രാഷ്ട്രീയ നേതാവിന്റെ പതനവുമാണ് ബാക്കിയാക്കിയത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.
ദിവ്യയുടെ വാക്കുകളാണ് നവീന്‍ ബാബുവിന്റെ ജീവനെടുത്തതെന്നാണ് കുടുംബം പറയുന്നത്. രാത്രി 8.45 ന് മലബാര്‍ എക്‌സ്പ്രസില്‍ ചെങ്ങന്നൂരിലെ വീട്ടിലേക്ക് പോകേണ്ട നവീന്‍ ബാബു, കണ്ണൂര്‍ റയില്‍വെ സ്റ്റേഷന് സമീപത്ത് എത്തിയെങ്കിലും ട്രയിന്‍ കയറിയില്ല. പിറ്റേന്ന് രാവിലെ ഏഴുമണിക്ക് പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ഡ്രൈവര്‍ എത്തിയപ്പോള്‍ കണ്ടത് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയിലാണ്. യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപ പരാമര്‍ശം അപ്പോഴേക്കും നാടെങ്ങും പടര്‍ന്നിരുന്നു.
രണ്ടാംനാള്‍ ആത്മഹത്യാപ്രേരണാ കുറ്റത്തിന് സിപിഎം നേതാവ് കൂടിയായ പിപി ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധം പിന്നെയും കനത്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ രാജിവെക്കുകയും ചെയ്തു. ഒക്ടോബര്‍ 29 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ പൊലീസില്‍ കീഴടങ്ങി.
രാഷ്ട്രീയ സമ്മര്‍ദം ഏറിയതോടെ സംരക്ഷണം അവസാനിപ്പിച്ച്, നവംബര്‍ 7 ന് പിപി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടി വന്നു. അതിന്റെ പിറ്റേന്ന് ജാമ്യം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ജയിലിന് മുന്നില്‍ സ്വീകരിക്കാന്‍ എത്തി. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാനായി നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന പ്രതിരോധവുമായി സംരംഭകനായ ടി വി പ്രശാന്തന്‍ തുടക്കം മുതല്‍ രംഗത്തുവന്നിരുന്നു. അതിലൂന്നി പിന്നീട് പി പി ദിവ്യ പ്രതിരോധം ശക്തമാക്കി. ദിവ്യയുടെ ബെനാമിയാണ് പ്രശാന്തനെന്ന പ്രത്യാരോപണവും ശക്തമാണ്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവില്‍ പി പി ദിവ്യയെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഉള്‍പ്പടെ പുറത്ത് വന്നിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് നവീന്‍ ബാബു തന്നെ കാണാന്‍ വന്നുവെന്നും ഇക്കാര്യം ഉള്‍പ്പടെ റവന്യുമന്ത്രിയെ അറിയിച്ചുവെന്നുമുള്ള മൊഴി വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
എഡിഎം കൈക്കൂലി വാങ്ങിയെന്ന ടി വി പ്രശാന്തന്റെ ആരോപണത്തിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. ഇതാണ് കുടുംബത്തിന്റെ പിടിവള്ളി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ അവകാശവാദം. തലശേരി അഡീഷണല്‍സ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.