കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ സ്‌കൂള്‍ യൂണിഫോമിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മതവിശ്വാസം നമ്മുടെ മനസ്സിലും നമ്മുടെ പൂജാമുറിയിലും ദേവാലയങ്ങളിലും ആണ് ഉണ്ടാവേണ്ടതെന്നും അത് പൊതു സമൂഹത്തില്‍ ഇറക്കി എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നതെന്നും കെവിന്‍ പീറ്റര്‍ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ജാതി മത സാമ്പത്തിക വ്യത്യാസങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അനുഭവപ്പെടാതിരിക്കാനും അവരിലത് മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതിരിക്കുവാനും വേണ്ടിയാണ് യൂണിഫോം ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി തുടങ്ങിയത്. പിന്നീടത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മറ്റു സമുദായങ്ങളുടെ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിച്ചു. അങ്ങിനെ കേരള വിദ്യാഭ്യാസ രംഗത്തെ അഭിവാജ്യ ഘടകമായി യൂണിഫോം സംവിധാനം മാറി.

യൂണിഫോമിന്റെ പ്രധാന ലക്ഷ്യമെന്ന് പറയുന്നത് കുട്ടികളില്‍ ജാതി മത സാമ്പത്തിക വ്യത്യാസം സൃഷ്ടിക്കാതെ താങ്കള്‍ എല്ലാം ഒന്നാണെന്ന സമത്വബോധം വളര്‍ത്തുക , യൂണിഫോമിലെ വ്യത്യാസങ്ങളിലൂടെ സ്‌കൂളുകള്‍ക്ക് സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക. യൂണിഫോം ധരിച്ച കുട്ടികളെ പുറത്തെവിടെയും തിരിച്ചറിയാവുന്നതുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ്.

ഇവിടെ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായ പള്ളുരുത്തിയിലെ സെന്റ് റീത്താ സ്‌കൂളിലെ അധികൃതരുടെ യൂണിഫോം വിഷയത്തിലുള്ള നിലപാട് 100% ശരി തന്നെയാണ് ....... കാരണം അവിടെ മുസ്ലിം പെണ്‍കുട്ടികളെ യൂണിഫോമിന് ഒപ്പം ഹിജാബ് ധരിക്കുവാന്‍ അനുവദിച്ചാല്‍ അവര്‍ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തരാവും അത് കൊച്ചു കുട്ടികളില്‍ മുതല്‍ ഈ പെണ്‍കുട്ടികള്‍ തങ്ങളില്‍ പെട്ടവരല്ല എന്നുള്ള ഒരു ചിന്താഗതി ഉണ്ടാകുവാന്‍ ഇടയാകും. അതുണ്ടാവാതിരിക്കണം ജാതിയും മതവും ഒന്നുമില്ലാതെ തങ്ങളെല്ലാം ഒന്നാണെന്ന് ചിന്തയില്‍ കുട്ടികള്‍ വളര്‍ന്നു വരട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഹിജാബിന്റെ പേരില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കന്യാസ്ത്രീകളുടെ വസ്ത്രത്തെ ചൂണ്ടിക്കാട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ അറിവില്ലായ്മ !

ഹിജാബിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറയായി സോഷ്യല്‍ മീഡിയയില്‍ ന്യായീകരണ സിംഹങ്ങള്‍ പൊക്കിക്കൊണ്ട് വരുന്ന ഒരു ചിത്രമാണ് യൂണിഫോം ധരിച്ച മറ്റു കുട്ടികള്‍ക്കൊപ്പം സന്യാസ വസ്ത്രത്തില്‍ ഇരുന്നു പഠിക്കുന്ന ഒരു കന്യാസ്ത്രീയുടെ ഈ പോസ്റ്റിലുള്ള ഒരു ചിത്രം !

ഇത് പ്രശസ്തമായ ഒരു വനിതാ കോളേജില്‍ വെച്ച് നടത്തപ്പെട്ട ഒരു സ്‌പെഷ്യല്‍ കോച്ചിംഗ് ക്ലാസിലെ ചിത്രമാണ്, ഇതില്‍ പ്രത്യേക നിറത്തിലെ സാരിയും ബ്ലൗസും ധരിച്ച് നിന്ന് പഠിപ്പിക്കുന്നതും ഒരു കന്യാസ്ത്രീയാണ്. അതേ വസ്ത്രം ധരിച്ച കന്യാസികള്‍ക്ക് പഠിക്കുന്ന രണ്ടുമൂന്നു കുട്ടികളും മറ്റു കുട്ടികള്‍ക്കൊപ്പം ഇടയില്‍ ഇരിക്കുന്നുണ്ട്. ഇത് ഒരു ദിവസത്തേക്ക് ആയി മാത്രം നടത്തപ്പെട്ട ഒരു സ്‌പെഷ്യല്‍ ക്ലാസ് മാത്രമാണ് അല്ലാതെ ഇത് സ്‌കൂളിലോ കോളേജിലോ നടക്കുന്ന റെഗുലര്‍ ക്ലാസിലെ ചിത്രമല്ല ( ഇത് അത്തരത്തില്‍ ഒരു കോച്ചിംഗ് ക്ലാസ് നടന്നതിനെ കുറിച്ച് കോളേജ് പ്രസിദ്ധീകരിച്ച മാഗസിനില്‍ വന്ന വാര്‍ത്തയ്ക്ക് ഒപ്പമുള്ള ചിത്രമാണിത് ) .

1552-ല്‍ ലണ്ടനിലെ അനാഥരും ദരിദ്രരുമായ കുട്ടികള്‍ ഉള്‍പ്പെടെ പഠിച്ചിരുന്ന Christ's Hospital School ല്‍ സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും വ്യത്യാസം ദൃശ്യമായാല്‍ അത് കുട്ടികള്‍ക്കിടയില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ സ്‌കൂള്‍ അധികൃതരായ മിഷനറിമാരാണ് ആദ്യമായി സ്‌കൂള്‍ യൂണിഫോം നടപ്പില്‍ വരുത്തുന്നത്. പിന്നീട്ത് ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ യൂണിഫോം ഒരു പ്രധാന ഘടകമായി മാറി. തുടര്‍ന്ന് യൂണിഫോം സിസ്റ്റം യൂറോപ്പ് മുഴുവനും അമേരിക്കയിലും ആഫ്രിക്കയിലും അങ്ങനെ മിഷനറിമാരിലൂടെ അത് ഭാരതത്തിലും ഈ കൊച്ചു കേരളത്തിലും എത്തി.

കേരളത്തില്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനാണ് പൂര്‍ണ്ണ തോതില്‍ സ്‌കൂള്‍ യൂണിഫോമിന് തുടക്കമിടുന്നത്. താഴ്ന്ന ജാതിക്കാരുടെയും ഉയര്‍ന്ന ജാതിക്കാരുടെയും മക്കളെ ഒരേ ബെഞ്ചില്‍ ഇരുത്തി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവരിലെ ജാതി മത സാമ്പത്തിക വ്യത്യാസങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അനുഭവപ്പെടാതിരിക്കാനും അവരിലത് മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതിരിക്കുവാനും വേണ്ടിയാണ് യൂണിഫോം ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കി തുടങ്ങിയത് പിന്നീടത് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും മറ്റു സമുദായങ്ങളുടെ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിച്ചു അങ്ങിനെ കേരള വിദ്യാഭ്യാസ രംഗത്തെ അഭിവാജ്യ ഘടകമായി യൂണിഫോം സംവിധാനം മാറി.

യൂണിഫോമിന്റെ പ്രധാന ലക്ഷ്യമെന്ന് പറയുന്നത് കുട്ടികളില്‍ ജാതി മത സാമ്പത്തിക വ്യത്യാസം സൃഷ്ടിക്കാതെ താങ്കള്‍ എല്ലാം ഒന്നാണെന്ന സമത്വബോധം വളര്‍ത്തുക , യൂണിഫോമിലെ വ്യത്യാസങ്ങളിലൂടെ സ്‌കൂളുകള്‍ക്ക് സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുക. യൂണിഫോം ധരിച്ച കുട്ടികളെ പുറത്തെവിടെയും തിരിച്ചറിയാവുന്നതുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ്.

ഇവിടെ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായ പള്ളുരുത്തിയിലെ സെന്റ് റീത്താ സ്‌കൂളിലെ അധികൃതരുടെ യൂണിഫോം വിഷയത്തിലുള്ള നിലപാട് 100% ശരി തന്നെയാണ് ....... കാരണം അവിടെ മുസ്ലിം പെണ്‍കുട്ടികളെ യൂണിഫോമിന് ഒപ്പം ഹിജാബ് ധരിക്കുവാന്‍ അനുവദിച്ചാല്‍ അവര്‍ മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തരാവും അത് കൊച്ചു കുട്ടികളില്‍ മുതല്‍ ഈ പെണ്‍കുട്ടികള്‍ തങ്ങളില്‍ പെട്ടവരല്ല എന്നുള്ള ഒരു ചിന്താഗതി ഉണ്ടാകുവാന്‍ ഇടയാകും. അതുണ്ടാവാതിരിക്കണം ജാതിയും മതവും ഒന്നുമില്ലാതെ തങ്ങളെല്ലാം ഒന്നാണെന്ന് ചിന്തയില്‍ കുട്ടികള്‍ വളര്‍ന്നു വരട്ടെ.

??ഇനി സെന്റ് റീത്താ സ്‌കൂളിലെ കന്യാസ്ത്രീകള്‍ എന്തിനാണ് ശിരോവസ്ത്രം ധരിച്ചിട്ട് മുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് പാടില്ലായെന്ന് പറയുന്നതെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത്

സ്‌കൂളില്‍ കുട്ടികള്‍ക്കാണ് യൂണിഫോമിന്റെ ആവശ്യം , അല്ലാതെ അധ്യാപകര്‍ക്ക് അല്ല......... കന്യാസ്ത്രീ ധരിക്കുന്നത് അവരുടെ സന്യാസ സമൂഹത്തിന്റെ യൂണിഫോമാണ് , വ്യത്യസ്തങ്ങളായ സന്യാസ സമൂഹങ്ങള്‍ക്ക് വ്യത്യസ്ത യൂണിഫോമുകളാണ് അവര്‍ക്ക് ഉള്ളത്. അവര്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നിട്ട് തങ്ങള്‍ക്ക് ചുരിദാര്‍ മതിയെന്ന് വാശിപിടിക്കുകയല്ല മറിച്ച് അവര്‍ ആ സന്യാസ സമൂഹത്തിന്റെ യൂണിഫോമിന്റെ കാര്യത്തിലെ നിയമം അനുസരിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ പൊതു സമൂഹത്തില്‍ യൂണിഫോം ആവശ്യമുള്ള മേഖലകളില്‍ ജോലിചെയ്യുന്ന കന്യാസ്ത്രീകള്‍ ആ ജോലികള്‍ക്ക് അനുസരിച്ചുള്ള യൂണിഫോം ധരിക്കാറുമുണ്ട്....... ഉദാഹരണത്തിന് അഭിഭാഷകരായ നിരവധി കന്യാസ്ത്രീകള്‍ ഉണ്ട് അവര്‍ കോടതിയിലേക്ക് പോകുമ്പോള്‍ മാത്രം തങ്ങളുടെ സന്യാസ്ത്ര വസ്ത്രം അഴിച്ചുവെച്ച് വക്കീലിന്റെ കുപ്പായം ഇട്ടാണ് പോകുന്നത്. കാരണം മതപരമായ നിയമം ഉണ്ടെങ്കില്‍ പോലും പൊതുസമൂഹത്തില്‍ യൂണിഫോമിന്റെ ആവശ്യമുള്ള സ്ഥലത്ത് അവിടുത്തെ നിയമം അവര്‍ അംഗീകരിക്കുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ മുസ്ലീങ്ങളും ഹൈന്ദവരും ആയ അധ്യാപകരും അധ്യാപികമാരും ധാരാളം ജോലി ചെയ്യുന്നുണ്ട് അവരോട് ആരോടും തട്ടമോ ഹിജാബോ ഇടരുതെന്ന് ആരും പറയില്ല........ ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ 9 വര്‍ഷം തുടര്‍ച്ചയായി PTA പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. എന്റെ ആ സ്‌കൂളില്‍ ഒരു ലൈല ടീച്ചര്‍ ആയിരുന്നു ഹൈസ്‌കൂളിലെ കണക്ക് അധ്യാപിക. ലൈല ടീച്ചര്‍ ആ സ്‌കൂളില്‍ വരുന്ന ആദ്യ കാലഘട്ടങ്ങളില്‍ സാരി തലയിലൂടെ ഒഴുക്കന്‍ മട്ടില്‍ ചുറ്റിയിടുകയായിരുന്നു പതിവ്. കേരളത്തിന് സംഭവിച്ച മാറ്റങ്ങള്‍ ആയിരിക്കാം എന്റെ അവസാന സമയത്ത് സാരിക്ക് ഒപ്പം ടീച്ചര്‍ മുഖം മാത്രം പുറത്തു കാണുന്ന ഹിജാബ് ധരിക്കുന്നത് കണ്ടിട്ടുണ്ട്. അതൊന്നും ആ സ്‌കൂളില്‍ ആരും ശ്രദ്ധിച്ചിട്ടില്ല. ഞങ്ങള്‍ എല്ലാവരും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ലൈല ടീച്ചറിന്റെ വ്യക്തിപരമായ കാര്യത്തില്‍ ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല കാരണം അത് സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുന്ന കാര്യമല്ല.

ഇനി പള്ളുരുത്തി സെന്റ് റീത്താ സ്‌കൂളില്‍ ഒരു മുസ്ലിം അധ്യാപിക ഉണ്ടെന്നിരിക്കട്ടെ , അവര്‍ക്ക് തട്ടമോ ഹിജാബോ ഇട്ടുകൊണ്ട് സ്‌കൂളില്‍ വന്ന് പഠിപ്പിക്കുന്നതിന് ഒരുവിധ തടസ്സവുമില്ല. കാര്യം അധ്യാപകര്‍ക്ക് അവിടെ യൂണിഫോം ഇല്ല അവര്‍ക്ക് ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കാം......... അവിടെ യൂണിഫോം ഉള്ളത് കുട്ടികള്‍ക്ക് മാത്രമാണ് അതിന്റെ ഡ്രസ്സ് കോഡ് എന്താണോ അത് അംഗീകരിച്ചേ പറ്റൂ എന്ന നിലപാടിന് എന്താണ് തെറ്റ് ???

എന്റെ പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ ,

മതവിശ്വാസം നമ്മുടെ മനസ്സിലും നമ്മുടെ പൂജാമുറിയിലും ദേവാലയങ്ങളിലും ആണ് ഉണ്ടാവേണ്ടത് അത് പൊതു സമൂഹത്തില്‍ ഇറക്കി എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത് ???

എല്ലാവരും മുന്നോട്ടു നടക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ പുറകോട്ട് നടക്കുന്നവരുടെ കൂട്ടത്തില്‍ ദയവായി ഉള്‍പ്പെടുത്തരുത്