പെര്‍ത്ത്: ഓസ്ട്രേലിയയിലെ ജനവാസമില്ലാത്ത മേഖലയില്‍ തീപിടിച്ച നിലയില്‍ ഒരു വസ്തു കാണപ്പെട്ടതില്‍ ദുരൂഹതയേറുന്നു. ഇത് എങ്ങനെ അവിടെ എത്തി എന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ന്യൂമാന്‍ എന്ന ചെറിയ പട്ടണത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഖനനം നടക്കുന്ന ഒരു സ്ഥലത്തിന് സമീപമാണ് ഇത് കാണപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

തീപിടിച്ച വസ്തു പുകഞ്ഞു കൊണ്ടിരിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ഇത് ബഹിരാകാശത്ത് നിന്ന് വീണതാണ് എന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്. പ്രാദേശിക അധികൃതര്‍ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയും പ്രദേശം അടച്ചിടകയും ചെയ്തു.

പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ അജ്ഞാത വസ്തു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ്. ഇതൊരു റോക്കറ്റ് ടാങ്ക് ആയിരിക്കാമെന്നും അധികൃതര്‍ കരുതുന്നു.

ഇത് ഏതെങ്കിലും വിമാനത്തിന്റെ ഭാഗമാണോ എന്ന സംശയവും ഉയരുന്നുണ്ട്. എന്നാല്‍ ഇത് ഒരു വാണിജ്യ വിമാനത്തില്‍ നിന്നുള്ളതല്ലെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്. ചില ചിത്രങ്ങളില്‍ ഇതിന്റെ കത്തി നശിച്ച പുറംതോടും കാണാം. ഏതെങ്കിലും ബഹിരാകാശ വാഹനത്തില്‍ നിന്ന്് വീണ അവശിഷ്ടമാണോ ഇതെന്നും

സംശയമുണ്ട്. ഇതിന്റെ സ്വഭാവവും ഉറവിടവും തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയിലെ എഞ്ചിനീയര്‍മാര്‍ കൂടുതല്‍ സാങ്കേതിക വിലയിരുത്തല്‍ നടത്തുകയാണ്.

മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെ സഹായവും ഏജന്‍സി ഇതിനായി തേടിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഇത് ഒരു തരത്തിലും ഭീഷണിയല്ല എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഓസ്ട്രേലിയയില്‍ ഉടനീളം പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ടതും ഈ സംഭവുമായി പലരും ബന്ധപ്പെടുത്തുന്നുണ്ട്. 2023 ല്‍, ന്യൂമാനില്‍ നിന്ന് ഏകദേശം 1,000 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് വലിയൊരു ബഹിരാകാശ അവശിഷ്ടം കരയ്ക്കടിഞ്ഞിരുന്നു.

ഏകദേശം 2.5 മീറ്റര്‍ ഉയരമുള്ള സ്വര്‍ണ്ണ നിറത്തിലുള്ള സിലിണ്ടര്‍ ജൂലൈയില്‍ ആദ്യം പെര്‍ത്തില്‍ നിന്ന് 250 കിലോമീറ്റര്‍ വടക്കുള്ള ഗ്രീന്‍ ഹെഡിന് സമീപം കണ്ടെത്തിയിരുന്നു. ഇത് മിക്കവാറും ഒരു ഇന്ത്യന്‍ വിക്ഷേപണ വാഹനത്തില്‍ നിന്നായിരിക്കാമെന്നാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി അന്ന് പറഞ്ഞിരുന്നത്. 2022 ല്‍ ഓസ്‌ട്രേലിയയുടെ തെക്കന്‍ തീരത്ത് ആളുകള്‍ മധ്യ വിക്ടോറിയയുടെയും വടക്കന്‍ ടാസ്മാനിയയുടെയും ചില ഭാഗങ്ങളില്‍ ഉയരുന്ന ഒരു വലിയ തീഗോളം കണ്ടിരുന്നു.

റഷ്യയുടെ ഒരു ഉപഗ്രഹം വിക്ഷേപിച്ചതില്‍ നിന്നാണ് ഇത് ഉണ്ടായതെന്നാണ് വിദഗ്ദ്ധര്‍ പറഞ്ഞത്. റഷ്യക്ക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്ന ഉപഗ്രഹമായിരുന്നു ഇതെന്നാണ് പിന്നീട് കണ്ടെത്തിയത്.