- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്‍വറില്‍ നിന്ന് വിമാനം പറന്നുയരവെ കോക്ക്പിറ്റിന്റെ മുന്നിലെ വിന്‍ഡ് ഷീല്‍ഡില്‍ എന്തോ ഇടിച്ചു; പ്രധാന ജനാലയുടെ ഒരു പാളി പൊട്ടിവീണതോടെ പരിഭ്രാന്തി; 36,000 അടി ഉയരത്തില്‍ പറക്കവെ ശ്വാസം അടക്കിപ്പിടിച്ച് 134 യാത്രക്കാരും ആറ് ജീവനക്കാരും; ആശങ്കകള്‍ക്ക് ഒടുവില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ലോസ് ഏഞ്ചല്‍സിലേക്കുള്ള ബോയിംഗ് വിമാനത്തില്‍ സംഭവിച്ചത്
ലോസ് ഏഞ്ചല്‍സിലേക്കുള്ള ബോയിംഗ് വിമാനത്തില്‍ സംഭവിച്ചത്
ഒരു വിമാനത്തിലെ കോക്ക്പിറ്റിന്റെ മുന്നിലെ വിന്‍ഡ് ഷീല്‍ഡ് പറക്കുന്ന വേളയില്‍ തകര്‍ന്നാല്‍ എന്ത് ചെയ്യും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഒരു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നു. കൊളറാഡോയിലെ ഡെന്‍വറില്‍ നിന്ന് പറന്നുയര്‍ന്ന് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ കോക്ക്പിറ്റിന്റെ പ്രധാന ജനാലയുടെ ഒരു പാളിയാണ് പൊട്ടിയത്.
ഉട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് 200 മൈല്‍ തെക്കുകിഴക്കായി, ഏകദേശം 36,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. വിന്‍ഡ്ഷീല്‍ഡില്‍ എന്തോ ഇടിക്കുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നു. 134 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ബോയിംഗ് 737 മാക്സ് 8 ഇനത്തില്‍ പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനം പിന്നീട് സാള്‍ട്ട് ലേക്ക് സിറ്റിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിന്‍ഡ് സ്‌ക്രീന്‍ പോട്ടിവീണതിന്റെ ഫലമായി പൈലറ്റിന്റെ കൈകളില്‍ പരിക്കേറ്റതായും പറയപ്പെടുന്നു. പിന്നീട് എല്ലാ യാത്രക്കാരെയും മറ്റൊരു വിമാനത്തില്‍ ലോസ് ഏഞ്ചല്‍സിലേക്ക് കൊണ്ടുപോയതായി യുണൈറ്റഡ് എയര്‍ലൈന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. മള്‍ട്ടി-ലെയേര്‍ഡ് വിന്‍ഡ്ഷീല്‍ഡിന് ഇത്രയും വലിയ കേടുപാടുകള്‍ സംഭവിക്കാന്‍ കാരണം എന്താണെന്ന് ബോര്‍ഡ് ഇനിയും കണ്ടെത്തിയിട്ടില്ല. വിമാനത്തിന്റെ സ്ഥിരീകരിക്കാത്ത ഫോട്ടോകളില്‍ വിന്‍ഡ്‌സ്‌ക്രീനിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി കാണിച്ചു.
ഏതെങ്കിലും പാളിക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിന്‍ഡ്ഷീല്‍ഡില്‍ ഇടിച്ച വസ്തുവിനെ പൈലറ്റ് 'സ്‌പേസ് മാറ്റര്‍' എന്നാണ് വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. കോക്ക്പിറ്റ് വിന്‍ഡോകള്‍ക്ക് മൂന്ന് പാളികളുണ്ടെന്നും അകത്തും പുറത്തും ഗ്ലാസ്, മധ്യത്തില്‍ പോളിമര്‍ എന്നിങ്ങനെയാണ് ഇവ
ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ഗ്ലാസ് പാളികളും പൊട്ടിയതായിട്ടാണ് കാണപ്പെട്ടത്. ഏതെങ്കിലും ബഹിരാകാശ അവശിഷടമാണോ വിമാനത്തില്‍ വന്നിടിച്ചത് എന്നാണ് സംശയിക്കപ്പെടുന്നത്.
ഓരോ ആഴ്ചയും ശരാശരി രണ്ട് ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നുണ്ട്. അതായത് പ്രതിവര്‍ഷം ഏകദേശം 100 വലിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ ആകാശത്ത് നിന്ന് വീഴുന്നു. ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളും ഭ്രമണപഥത്തിലെ
ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും തിരക്കേറിയ വാണിജ്യ വ്യോമാതിര്‍ത്തിയിലൂടെ ഭൂമിയിലേക്ക് തിരികെ വീഴാനുള്ള സാധ്യത നാലില്‍ ഒന്ന് ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ യുഎസ്, യൂറോപ്പ്, ഏഷ്യ-പസഫിക് മേഖലയിലെ പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തികളില്‍ ഇവ വീഴാന്‍ സാധ്യതയുള്ളതായി ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.