ലണ്ടന്‍: അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളില്‍ ബ്രിട്ടന്‍ തുര്‍ക്കിയെക്കാളും ലിത്വാനിയയേക്കാളും ദരിദ്ര രാഷ്ട്രമായി മാറുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സാമ്പത്തിക റാങ്കിംഗില്‍ ബ്രിട്ടന്‍ അതിവേഗം താഴേക്ക് പതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2050 ആകുമ്പോഴേക്കും ബ്രിട്ടന്‍ ലോകത്തിലെ നാല്‍പത്തിയാറാമത്തെ സമ്പന്ന രാജ്യം മാത്രമായി മാറുമെന്നാണ് സെന്റര്‍ ഫോര്‍ ഇക്കോണമിക് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്റെ (സെബര്‍) പഠനത്തില്‍ വ്യക്തമാകുന്നത്.

1998 നും 2003 നും ഇടയില്‍ പ്രതിശീര്‍ഷ ജി ഡി പിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍ ലോകത്തിലെ ഇരുപത്തിയഞ്ചാമത്തെ സമ്പന്ന രാജ്യമായിരുന്നു എന്നത് ഓര്‍ക്കേണ്ടതാണ്. പ്രതിശീര്‍ഷ ജി ഡി പിയുടെ കാര്യത്തില്‍ 2030 ആകുമ്പോഴേക്കും ലിത്വാനിയ യു കെയെ മറികടക്കും എന്നാണ് സെബറിന്റെ പഠനം വെളിപ്പെടുത്തുന്നത്. 2031 ആകുമ്പോഴേക്കും ചെക്ക് റിപ്പബ്ലിക്കും സൗദി അറേബ്യയും ബ്രിട്ടനെ മറികടക്കും. 2034 ല്‍ പോളണ്ടും ബ്രിട്ടനേക്കാള്‍ സമ്പന്ന രാജ്യമായി മാറും.

2043 ആകുമ്പോഴേക്കും തുര്‍ക്കിക്കും ലാത്വിയയ്ക്കും ബ്രിട്ടനേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ ജി ഡി പി കൈവരിക്കാനാകും. 2050 ആകുമ്പോള്‍ പനാമയിലെയും സ്ലോവാക്യയിലേയും ശരാശരി ജീവിത നിലവാരം ബ്രിട്ടനേക്കാള്‍ ഉയര്‍ന്ന നിലയിലെത്തും. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ ഡോക്ടര്‍ ആര്‍തര്‍ ലാഫറും മറ്റു ചിലരും ചേര്‍ന്നെഴുതിയ പ്രോസ്പെരിറ്റി ത്രൂ ഗ്രോത്ത് എന്ന പുതിയ പുസ്തകത്തിലാണ് സെബറിന്റെ പുതിയ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ പ്രൊജക്ഷന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2024 ല്‍ ബ്രിട്ടന്‍ ലോകത്തിലെ മുപ്പതാമത്തെ സമ്പന്ന രാഷ്ട്രമായിരുന്നു. എന്നാല്‍, വരുന്ന 25 വര്‍ഷക്കാലത്തിനിടയില്‍, സമ്പന്നരായ അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടീഷുകാര്‍ കൂടുതല്‍ ദരിദ്രരാകും എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന 20 വര്‍ഷത്തില്‍ ബ്രിട്ടനെ മറികടക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രമായ രാഷ്ട്രം തുര്‍ക്കിയാണ്. ഇക്കാലയളവില്‍, ബ്രിട്ട്ന്റ പുറകില്‍ പ്പൊകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള രണ്ട് സമ്പന്ന രാഷ്ട്രങ്ങളെയുള്ളു, കാനഡയും ഫ്രാന്‍സും.

നിലവില്‍ ഫ്രാന്‍സ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്, മാത്രമല്ല, ജി ഡി പിയും കടവുമായുള്ള അനുപാതം ഉയര്‍ന്നതോടെ സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കുന്നുണ്ട്. ഇതോടെ രാജ്യം കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്കും കടന്നിരിക്കുന്നു. അതേസമയം, ഉല്‍പ്പാദനക്ഷമത കുറയുന്നതാണ് കാനഡ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. കടം വര്‍ദ്ധിക്കുന്നതും, നിക്ഷേപങ്ങള്‍ കുറയുന്നതും കാനഡയെ പ്രതികൂലമായി ബാധിക്കും.