സോഷ്യല്‍ മീഡിയയിലൂടെ തന്റെ കഠിനമായ പരിശീലന രീതികള്‍ ആരാധകരെ കാണിക്കുന്നതിലൂടെ പ്രശസ്തനായ ബ്രസീലിയന്‍ ബോഡി ബില്‍ഡര്‍ക്ക് അപ്രതീക്ഷിത മരണം. വേദിയില്‍ വെച്ച് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് റിക്കാര്‍ഡോ നോളാസ്‌കോ ഡോസ് സാന്റോസ് അന്തരിച്ചത്. മുപ്പത്തിഒന്നാമത്തെ വയസിലാണ് റിക്കാര്‍ഡോ വിട വാങ്ങുന്നത്. തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മരണകാരണം ഇതുവരെ പരസ്യമാക്കിയിട്ടില്ല.

മരണവാര്‍ത്ത പുറത്തുവന്നതിനുശേഷം, അദ്ദേഹത്തിന്റെ പിതാവ് അമൗരി സാന്റോസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം. എന്റെ പ്രിയപ്പെട്ട മകന്‍ എന്നായിരുന്നു. കാഡു സാന്റോസ് എന്നറിയപ്പെടുന്ന ശക്തനായ മനുഷ്യന്‍, 11 തവണ ബോഡി ബില്‍ഡിംഗ് ചാമ്പ്യനായിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ 13,000 ഫോളോവേഴ്‌സിന് തന്റെ ശിക്ഷണ വ്യായാമങ്ങളും കരത്തുള്ള കൈകാലുകളുടെ പേശികളും അദ്ദേഹം കാണിച്ചുകൊടുക്കുകയും അവിടെ എങ്ങനെ ഫിറ്റ്‌നസ് നിലനിര്‍ത്താമെന്ന് ഉപദേശവും നല്‍കുന്നത് പതിവായിരുന്നു. 2021 ഓഗസ്റ്റില്‍ താന്‍ ഡേറ്റിംഗ് ആരംഭിച്ച പേഴ്സണല്‍ ട്രെയിനറായ സബ്രീന വോള്‍മാനോട് വേദിയില്‍ മുട്ടുകുത്തി നിന്ന് റിക്കാര്‍ഡോ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

ഈ വര്‍ഷം ജൂലൈ 19 ന് അവര്‍ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. ഒരു പേഴ്‌സണല്‍ ട്രെയിനറായ വോള്‍മാന്‍ അന്ന് പറഞ്ഞത് ഞാന്‍ നിന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു, ഞാന്‍ നിന്നെ അഭിനന്ദിക്കുന്നു, ഈ വര്‍ഷങ്ങളില്‍ നമ്മള്‍ ഒന്നിച്ചിരിക്കുന്നതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു എന്നായിരുന്നു. കഴിഞ്ഞ ദിവസം നടന്ന റിക്കാര്‍ഡോയുടെ സംസ്‌ക്കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. റിക്കാര്‍ഡോ തികച്ചും അസാധാരണമായ, ഒരു കായികതാരം, പരിശീലകന്‍, അതിലുപരി ഒരു വ്യക്തി എന്ന നിലയില്‍ അവിശ്വസനീയനായ ഒരു വ്യക്തിയായിരുന്നു എന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. പലര്‍ക്കും അദ്ദേഹത്തിന്റെ മരണം ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന പരിശീലന കേന്ദ്രമായ പവര്‍സിടിയും ഒരു പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

റിക്കാര്‍ഡോയുടെ പ്രതിശ്രുത വധു ഇന്നലെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ പോസ്റ്റ് ചെയ്തെങ്കിലും ഇതുവരെ ഔദ്യോഗികമായി ഒരു അഭിപ്രായവും നല്‍കിയിട്ടില്ല. കഴിഞ്ഞ മെയ് മാസത്തില്‍ മറ്റൊരു ബ്രസീലിയന്‍ ബോഡി ബില്‍ഡറായ വാന്‍ഡേഴ്‌സണ്‍ ഡാ സില്‍വ മൊറേര മത്സരത്തിനിടയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ മരിച്ചിരുന്നു. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു മണിക്കൂറിലധികം മെഡിക്കല്‍ സ്റ്റാഫ് അദ്ദേഹത്തെ ചികിത്സിച്ചു എങ്കിലും പക്ഷേ താമസിയാതെ മരിച്ചതായി പ്രഖ്യാപിച്ചു. ജൂലൈയില്‍, 37 വയസ്സുള്ള ഒരു സ്പാനിഷ് വനിതാ ബോഡിബില്‍ഡറും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.