കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു പാലായില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതീവ സുരക്ഷാ മേഖലയില്‍ വന്‍ സുരക്ഷ വീഴ്ച. ഗതാഗത നിയന്ത്രണം ലംഘിച്ച് അതീവ സുരക്ഷ മേഖലയിലൂടെ മൂന്നംഗ സംഘം ബൈക്കില്‍ യാത്ര ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. കൊട്ടാരമറ്റം ആര്‍.വി. ജങ്ഷനില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമായിരിക്കെയാണ് പോലീസിനെ വെട്ടിച്ച് സംഘം മുന്നോട്ട് പോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

പാലായില്‍ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കില്‍ പോയത്. പൊലീസ് തടഞ്ഞിട്ടും നില്‍ക്കാതെ യുവാക്കള്‍ ബൈക്കില്‍ യാത്ര തുടര്‍ന്നു. യുവാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ എല്‍ 06 ജെ 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കള്‍ എത്തിയത്.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലായില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. ഈ സമയത്താണ് ഒരു ബൈക്കില്‍ മൂന്ന് യുവാക്കള്‍ പോലീസ് വലയം ഭേദിച്ച് കടന്നു കളഞ്ഞത്. രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്ത് തിരിക്കും മുമ്പാണ് ഈ സംഭവം നടന്നത്. കൊട്ടാരമറ്റം ഭാഗത്ത് നിലയുറപ്പിച്ചിരുന്ന പോലീസിനെ അവഗണിച്ച് ബൈക്ക് മുന്നോട്ടെടുത്ത സംഘം, കടപ്പാട്ടൂര്‍ ഭാഗത്തെ പോലീസുകാരെയും വെട്ടിച്ച് ചടങ്ങ് നടന്ന സെന്റ് തോമസ് കോളേജ് ഭാഗത്തേക്ക് നീങ്ങി. തുടര്‍ന്ന് കോളേജിന് മുന്നിലൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും മറികടന്ന് കോട്ടയം ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുപോയി.

ബൈക്ക് യാത്രികരെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരെയും അവരുടെ ശ്രമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുന്ന ബൈക്കിനെയും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. തടയാന്‍ ശ്രമിച്ച പോലീസുകാരിലൊരാള്‍ ബൈക്കിലേക്ക് അടിച്ചതായും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. KL -6 - J -6920 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്കിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. സുരക്ഷാ കാരണങ്ങളാല്‍ ആംബുലന്‍സുകള്‍ക്കും പാസുള്ള വാഹനങ്ങള്‍ക്കും മാത്രമാണ് ഈ സമയം പ്രവേശന അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് യുവാക്കള്‍ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചത്. ഈ സംഭവത്തോടെ പാലായിലെ സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.

അതേസമയം, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ട്. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. രാജ്ഭവനില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആര്‍. നാരായണന്‍ നടത്തിയ പരിശ്രമങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമര്‍പ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആര്‍. നാരായണന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയത്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആര്‍. നാരായണന്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു.