കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതല്ലേയെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ ചോദിച്ചു. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. ഹൈക്കോടതിയില്‍ സ്‌കൂള്‍ നല്‍കിയ ഹര്‍ജിയില്‍ കുടുംബത്തെയും കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് വരെ കുട്ടിയെ സ്‌കൂളിലേക്ക് വിടുന്നില്ല എന്നതായിരുന്നു കുടുംബത്തിന്റെ തീരുമാനം.

കുട്ടി സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാല്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്‌കൂളില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛന്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍നടപടി അവസാനിപ്പിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും ആയിരുന്നു കുടുംബത്തിന്റെ നിലപാട്.

അതേ സമയം ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പക്കണമെന്ന ഡിഡിഇ ഉത്തരവ് റദ്ദാക്കിയില്ല. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യ വിലോപമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശിരോവസ്ത്രം ധരിക്കാന്‍ കുട്ടിക്ക് അനുമതി നല്‍കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

വിഷയത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി സ്‌കൂള്‍ രംഗത്തെത്തി. തീവ്രവാദ സംഘടനകള്‍ വിഷയം ആളിക്കത്തിച്ചെന്നും അത്തരം ആളുകള്‍ക്കൊപ്പം ആണ് രക്ഷിതാവ് സ്‌കൂളിലെത്തിയതെന്നുമാണ് സ്‌കൂളിന്റെ വാദം. ഇത്തരം ഇടപെടലുകള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐയെന്നും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്‌കൂള്‍ ആരോപിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായാതായും കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലും രക്ഷിതാവിന് ഫോണ്‍കോള്‍ വന്നു. രക്ഷിതാവിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണം. ശിരോവസ്ത്രം നിരവധി രാജ്യങ്ങളില്‍ വിലക്കിയിട്ടുള്ളതായും വാദം. പ്രശ്‌നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് മാനേജ്‌മെന്റിനോട് കോടതി ചോദിച്ചു.

എന്നാല്‍ പ്രശ്‌നം വഷളാക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. ലത്തീന്‍ കത്തോലിക്കാ മാനേജ്മെന്റിനോട് എതിര്‍പ്പില്ല. രാജ്യത്ത് നിരവധി സ്‌കൂളുകള്‍ മാനേജ്മെന്റ് നടത്തുന്നുണ്ട്. ഈ സ്‌കൂളില്‍ മാത്രമാണ് പ്രശ്നമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ തുടര്‍പഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തില്‍ സംഘര്‍ഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടര്‍വിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനമെന്ന് പിതാവ് പ്രതികരിച്ചിരുന്നു. താന്‍ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്നവും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞു.

ലാറ്റിന്‍ കത്തോലിക്ക സമുദായം അസഹിഷ്ണുക്കളാണെന്ന വാദം തങ്ങള്‍ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവര്‍ രാജ്യത്ത് നിരവധി സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം നമുക്കെല്ലാം അറിയാം. കുട്ടിക്ക് അവിടെ പഠിക്കാനാവില്ല. വിഷയം ഇനി വഷളാക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

താന്‍ ഒരു കത്തോലിക്ക സ്‌കൂളിലാണ് പഠിച്ചതെന്ന് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു. അവിടെ എല്ലാ ദിവസവും പിതാവിന്റെ നാമത്തിലാണ് ക്ലാസ് തുടങ്ങു. താന്‍ അതിന്റെ ഗുണഭോക്താവാണെന്നും ജഡ്ജി പറഞ്ഞു. എന്നാല്‍, സ്ഥാപനം പ്രഥമദൃഷ്ട്യാ നിഷ്പക്ഷമല്ല എന്നല്ല, മറിച്ച് ആഴത്തിലുള്ള മതേതരത്വം ഇല്ല എന്നതാണ് വിഷയമെന്ന് കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചാണ് പ്രശ്നമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.

തുടര്‍ന്ന് കോടതി വിധി പറഞ്ഞു. ''വിശദമായ വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി രക്ഷിതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹരജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിരിക്കുന്നത്....ആത്യന്തികമായി നല്ല ബോധ്യം നിലനിന്നതില്‍ കോടതിക്ക് സന്തോഷമുണ്ട്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നായ സാഹോദര്യം ശക്തമായി നിലനില്‍ക്കുന്നുവെന്നും ഈ കോടതി ശ്രദ്ധിക്കുന്നു. ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയാണ്.''