- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വകാര്യ കമ്പനികള്‍ക്കു നല്‍കാനുള്ള കുടിശിക 158 കോടിരൂപ; സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ശസ്ത്രകിയാ ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കമ്പനികള്‍; ചികിത്സ ലഭിക്കാതെ വലഞ്ഞ് നിര്‍ധന രോഗികള്‍; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റെന്റ് ഉള്‍പ്പെടെ തിരിച്ചെടുത്തു; ആരോഗ്യ കേരളം 'വെന്റിലേറ്ററില്‍'!
തിരുവനന്തപുരം: അടിയന്തര ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വിതരണം ചെയ്ത വകയില്‍ 158 കോടിരൂപ കുടിശികയുള്ളതിനാല്‍ ഉപകരണങ്ങള്‍ വിവിധ കമ്പനികള്‍ തിരിച്ചെടുത്തു തുടങ്ങിയതോടെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ പ്രതിസന്ധി. ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ മുടങ്ങിയതോടെ നിര്‍ധന രോഗികള്‍ വലയുന്നു. അടിയന്തര ചികിത്സകള്‍ക്കായി നിരവധി രോഗികള്‍ കാത്തിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും തിരിച്ചെടുത്തു തുടങ്ങി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് നാലുകോടിയോളം രൂപ വിലവരും. കുടിശിക ലഭിക്കാത്തതിനാല്‍ തിരിച്ചെടുക്കല്‍ നടപടി തുടരാനാണ് സാധ്യത. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിതരണക്കാര്‍ വൈകാതെ തീരുമാനമെടുക്കും. 18 മാസത്തെ കുടിശ്ശികയില്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടിശിക തീര്‍ക്കുമെന്ന് കഴിഞ്ഞയാഴ്ച ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല.
കോടികള്‍ കുടിശിക ആയതിനാല്‍ കഴിഞ്ഞമാസം മുതലാണ് സ്വകാര്യ കമ്പനികള്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചത്. ഉപകരണങ്ങള്‍ വിതരണം ചെയ്ത വകയില്‍ ഇരുപത്തിയൊന്ന് ആശുപത്രികളില്‍ നിന്നായി 158 കോടി രൂപയിലേറെ കമ്പനികള്‍ക്ക് കുടിശ്ശികയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുടിശ്ശിക നല്‍കാന്‍ പത്തുദിവസം കൂടി സാവകാശം അനുവദിച്ചു. ഇതെത്തുടര്‍ന്ന് ഇവിടെ നിന്ന് ഉപകരണങ്ങള്‍ തിരികെയെടുത്തില്ല. കുടിശിക തീര്‍ത്തില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് വിതരണക്കാരുടെ സംഘടനയായ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസിബിള്‍സ് ആണ് അറിയിച്ചത്.
ഉപകരണങ്ങള്‍ തിരികെയെടുക്കുമെന്നു കാണിച്ച് സംഘടന സെപ്റ്റംബറില്‍ത്തന്നെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും മറ്റ് ആശുപത്രികളുടെ മേധാവികള്‍ക്കും കത്തു നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചിനുള്ളില്‍ തുക കൊടുത്തു തീര്‍ക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ 15 ദിവസം കൂടി അധികസമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് സമയം നീട്ടി നല്‍കി. ഈ തീയതിയിലും തുക ലഭ്യമാകാത്തതു കൊണ്ടാണ് ഉപകരണങ്ങള്‍ തിരികെയെടുക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ സ്റ്റോക്കിലുള്ള ഉപകരണങ്ങളുടെ പട്ടിക നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിക്കുന്നു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് കുടിശ്ശിക കൂടുതലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 11 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളജ് എട്ടുകോടി രൂപയും വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. അന്ന് ഉപകരണങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് ഏജന്‍സികള്‍ ഉറപ്പ് തന്നിരുന്നു.




