- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കളത്തില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കരിയര്‍; വിരമിച്ച ശേഷം വരുമാനം കുതിച്ചുയര്‍ന്നു; ഫുട്‌ബോള്‍ ലോകത്തെ അതിസമ്പന്നന് മുന്‍ ആഴ്‌സണല്‍ താരം മാത്യു ഫ്‌ലാമിനി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ പത്തിരട്ടി സമ്പത്ത്; മുന്‍ സ്പാനിഷ് താരം ശതകോടീശ്വരനായ കഥ
ലണ്ടന്‍: മുന്‍ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ മാത്യു ഫ്‌ലാമിനി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ പത്തിരട്ടി സമ്പത്തുള്ള ഫുട്‌ബോള്‍ ലോകത്തെ അതിസമ്പന്നനെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ഫുട്‌ബോള്‍ കളിക്കളത്തില്‍ നിന്ന് ആദ്യത്തെ ശതകോടീശ്വരനായി പ്രഖ്യാപിക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആസ്തി 1.04 ബില്യണ്‍ പൗണ്ടാണെങ്കില്‍, ഫ്‌ലാമിനിയുടെ ആസ്തി ഏകദേശം 10 ബില്യണ്‍ പൗണ്ടാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം തുടങ്ങിയ ബയോകെമിക്കല്‍ കമ്പനിയിലൂടെയാണ് ഫ്‌ലാമിനി ഈ വന്‍ നേട്ടം കൈവരിച്ചത്.
അല്‍-നാസര്‍ താരമായ റൊണാള്‍ഡോ ഫുട്‌ബോള്‍ വരുമാനം, ലാഭകരമായ പരസ്യ കരാറുകള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയിലൂടെയാണ് ഈ വന്‍ സമ്പത്ത് നേടിയത്. എന്നാല്‍, 2000-കളിലും 2010-കളിലുമായിരുന്നു ഫ്‌ലാമിനിയുടെ കളി ജീവിതം. അക്കാലത്ത് കളിക്കാര്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലം ഇന്നത്തെ പോലെ കോടികള്‍ ആയിരുന്നില്ല. ഫ്രാന്‍സിനായി മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്.
ഫ്‌ലാമിനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ്സ് 2008-ല്‍ അദ്ദേഹം സഹസ്ഥാപകനായ ബയോകെമിക്കല്‍ കമ്പനിയാണ്. ഫോസില്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് പകരം സുസ്ഥിരമായ ബദലുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണിത്. കളിക്കളത്തില്‍ സജീവമായിരിക്കുമ്പോള്‍ത്തന്നെ ഈ സംരംഭം തുടങ്ങിയ ഫ്‌ലാമിനി ഇന്ന് കാലാവസ്ഥാ നൂതനത്വത്തിലും പാരിസ്ഥിതിക ഉത്തരവാദിത്തത്തിലും മുന്‍നിര ശബ്ദമാണ്.
കമ്പനിയുടെ സിഇഒ എന്ന നിലയില്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനിലും പ്രസംഗിക്കാന്‍ ഫ്‌ലാമിനിയെ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ ബയോഇക്കണോമി അലയന്‍സില്‍ അംഗമായതിന് ശേഷം അടുത്തിടെ അദ്ദേഹം ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കളിക്കളത്തില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കരിയറിന് ശേഷം, പരിസ്ഥിതി സൗഹൃദ സംരംഭത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും ധനികനായ കായിക താരങ്ങളില്‍ ഒരാളായി മാറിയ ഫ്‌ലാമിനി, കായിക മേഖലക്ക് പുറത്ത് വലിയ സ്വാധീനം ചെലുത്തുകയാണ്.




