- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റില്‍ മനോരമാ ലേഖകനായിരുന്ന കോണ്‍ഗ്രസ് നേതാവ് ആനാട് ശശി; വെള്ളനാട് ശശിയ്ക്കെതിരെ കുറിപ്പെഴുതി മരിച്ച മുണ്ടേല മോഹനകുമാരന്‍; ഇപ്പോള്‍ വെള്ളനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍; വെളളൂര്പ്പാറയില് അനില്‍കുമാറിന് സംഭവിച്ചതും സഹകരണ ചതി; മാസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആത്മഹത്യ മൂന്നാകുമ്പോള്‍
തിരുവനന്തപുരം: വെള്ളനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജിനെ വീട്ടുവളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളൂര്‍പാറ സ്വദേശി വി.അനില്‍കുമാറാണ് മരിച്ചത്. ഒന്നരവര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലായിരുന്നു. മുന്‍പ് കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ ഭരണത്തിലാണ്. കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേര്‍ന്ന വെള്ളനാട് ശശി ബാങ്ക് പ്രസിഡന്റായിരിക്കുമ്പോഴാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഒന്നര കോടിരൂപ ബാങ്കിനു നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലിനു സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അടുത്ത വര്‍ഷം വിരമിക്കാനിരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളനാട്ടെ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധികളുണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളനാട് ശശി സിപിഎമ്മില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ ക്രമക്കേടിന്റെ പേരില്‍ തിരുവന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞ മാസങ്ങളില്‍ രണ്ട് ആത്മഹ്യതകള്‍ നടന്നിരുന്നു. മലയാള മനോരമ നെടുമങ്ങാട് ലേഖകനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായിരുന്ന ആനാട് ശശി സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 1.62 കോടി രൂപ തിരികെ നല്‍കാതെ തട്ടിയെടുത്തതില്‍ മനംനൊന്ത് കഴിഞ്ഞ ഓഗസ്തിലാണ് ആത്മഹത്യ ചെയ്തത്. മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിലാണ് ആനാട് ശശി വന്‍തുക നിക്ഷേപിച്ചത്. കോണ്‍ഗ്രസ് നേതാവും മുണ്ടേല സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായിരുന്ന മോഹനകുമാരന്‍ നായരും മാസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
വെള്ളനാട് മേഖലയിലെ രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം മുന്‍ പ്രസിഡന്റ് എം.മോഹനകുമാറിന്റെ ആത്മഹത്യ ഏറെ ചര്‍ച്ചയായിരുന്നു. മോഹന്‍കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുള്‍പ്പെടെ 6 പേര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മോഹനകുമാറിന്റെ മക്കള്‍ കൃപയും ഡോ.കൃഷ്ണയും ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതിയും നല്‍കി. ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ കോഴക്കേസില്‍ കള്ളമൊഴി നല്‍കണമെന്ന് വെള്ളനാട് ശശി പിതാവിനെ നിര്‍ബന്ധിച്ചതായും അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നപ്പോള്‍ കൂടെ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നതായും മക്കള്‍ പറഞ്ഞു. ഇതിനെല്ലാം സമ്മതിക്കാത്തതിനാല്‍ വൈരാഗ്യമുണ്ടായി. സംഘം പ്രതിസന്ധിയിലെന്നു പറഞ്ഞ് ജനത്തെ എതിരാക്കിയതും ശശിയും സംഘത്തിലെ 4 ജീവനക്കാരും അന്വേഷണത്തിന് എത്തിയ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുമാണെന്നും ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് മക്കള്‍ പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം എങ്ങും എത്തിയില്ല. ഇതിന് ഇടെയാണ് വെള്ളനാടിനെ ഞെട്ടിച്ച് മറ്റൊരു ആത്മഹത്യയും.
നിക്ഷേപിച്ചതില്‍ കുറച്ചു പണം തിരികെ നല്‍കാനുണ്ടെന്നു പറഞ്ഞ് ശശി വീട്ടിലെത്തി ഗേറ്റില്‍ അടിച്ചതായും മുണ്ട് വിരിച്ച് ഗേറ്റിന് മുന്നില്‍ കിടന്നതായും മോഹന്‍ കുമാറിന്റെ മക്കള്‍ പറഞ്ഞിരുന്നു. സംഘത്തെ ബാധിക്കരുതെന്ന് കരുതിയാണ് പിതാവ് പരാതി നല്‍കാതിരുന്നത്. ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്നവര്‍ ഗൂഢാലോചന നടത്തിയെന്ന് മരിക്കുന്നതിന് 2 ദിവസം മുന്‍പ് പിതാവ് പറഞ്ഞിട്ടുണ്ടെന്നും കൃപ പറഞ്ഞു. 20ന് ആണ് അമ്പൂരിയിലെ റിസോര്‍ട്ടിന് സമീപം മോഹനകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി വെള്ളനാട് ശശി, കാട്ടാക്കട എആര്‍ ബിനില്‍, അക്കൗണ്ടന്റ് മഞ്ജു, അശ്വതി, അര്‍ച്ചന, ശ്രീജ എന്നിവരാണെന്നായിരുന്നു അന്നുയര്‍ന്ന ആരോപണം.
8 മാസമായി സംഘം തകരാന്‍ പോകുന്നു എന്ന് പ്രചാരണം നടത്തിയത് ഇവരാണ്. നിക്ഷേപകരെ കൊണ്ട് പണം പിന്‍വലിപ്പിച്ചു. 30 കുടുംബത്തിന്റെ ജീവിതം ഇല്ലാതാക്കി. ഞാനും ഭാര്യയും ജോലി ചെയ്ത് ഉണ്ടാക്കിയ വസ്തു വകകളെല്ലാം കടബാധ്യതയിലായി. 25 വര്‍ഷം ഈ മേഖലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനം മുഴുവന്‍ എന്നെ കേന്ദ്രീകരിച്ചായിരുന്നു. കഴിഞ്ഞ 5 അസംബ്ലി, പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലായി കോടിക്കണക്കിന് രൂപയാണ് പലരുടെ പേരുകളിലായി എന്നെ കൊണ്ട് എടുപ്പിച്ചത്. ഇതില്‍ 80 ശതമാനം വരെ എന്റെ വസ്തു വകകള്‍ വിറ്റ് ഞാന്‍ തിരിച്ചടച്ചു. എന്റെ സഹായം വാങ്ങാത്ത കുടുംബങ്ങള്‍ നാട്ടില്‍ കുറവാണ്. ഒരു ദുഷ്പ്രചാരണത്തില്‍ എല്ലാം ഒലിച്ചുപോയി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലായി 60 ലക്ഷം വരെ രൂപ ഇയാള്‍ എന്നെ കൊണ്ട് പലരുടെ പേരുകളിലായി വായ്പ എടുപ്പിച്ച് കൊണ്ടുപോയി. ഇത് പലിശ ഉള്‍പ്പെടെ കോടികളായി ഞാന്‍ തിരിച്ചടയ്‌ക്കേണ്ടി വന്നു. ഞാന്‍ ഇയാളുടെ കൂടെ സിപിഎമ്മില്‍ പോകാന്‍ വിസമ്മതിച്ചതു മുതല്‍ പണി തുടങ്ങിയെന്ന് കത്തില്‍ പറയുന്നു.
നെടുമങ്ങാട് ആനാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മലയാള മനോരമ നെടുമങ്ങാട് വാര്‍ത്താപ്രതിനിധിയുമായ നെടുമങ്ങാട് മുക്കോലയ്ക്കല്‍ 'ശിവകാമി'യില്‍ കെ.ശശിധരന്‍ നായരെ (ആനാട് ശശി-76) മരിച്ച നിലയില്‍ കണ്ടെത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. വെള്ളയമ്പലം കനകനഗറിലെ ഹെഡ് സര്‍വേയര്‍ ഓഫിസിനു മുന്‍വശത്തെ ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിന്റെ മനോവിഷമവും തുടര്‍ന്നുള്ള ശാരീരിക അസ്വാസ്ഥ്യവുമാണ് കാരണമെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. 2021ലാണു ശശിധരന്‍ നായര്‍ സംഘത്തില്‍ സ്ഥിരനിക്ഷേപമായി വന്‍തുക നിക്ഷേപിച്ചത്. തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു പലതവണ സംഘം അധികൃതരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടെങ്കിലും തുക മടക്കി നല്‍കിയില്ല. ചികിത്സ നടത്തുന്നതിനു തുക അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും രണ്ടാഴ്ച മുന്‍പ് 25,000 രൂപ മാത്രമാണു നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്ന രാജീവ് ഗാന്ധി റസിഡന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിലാണു തുക നിക്ഷേപിച്ചത്. സഹകരണ സംഘം നടത്തിയ അന്വേഷണത്തില്‍ 24.74 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘം പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. നിക്ഷേപത്തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു നിക്ഷേപകര്‍ പ്രക്ഷോഭത്തിലേക്കു നീങ്ങിയതോടെ അന്നത്തെ സംഘം പ്രസിഡന്റ് എം.മോഹനകുമാര്‍ ഒളിവില്‍ പോയി. നവംബറില്‍ ഇദ്ദേഹത്തെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിനു പിന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.




