ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെബാസ്റ്റ്യനുമായി പോലീസ് നടത്തിയ തെളിവെടുപ്പ് നിര്‍ണ്ണായകം. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. പരിചയക്കാരിയായ സ്ത്രീയെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തെങ്കിലും മുമ്പു നല്‍കിയ മൊഴിയും ഇപ്പോള്‍ നല്‍കുന്ന മൊഴിയും വ്യത്യസ്തമാണെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയ നിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇവര്‍ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. അതിനിടെ ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം നടത്തിയ ഐഷയുടെ അയല്‍ക്കാരിയുടെ രഹസ്യമൊഴിയും എടുത്തു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലാണ് മൊഴിയെടുത്തത്. പോലീസിന്റെ നിഗമനങ്ങളും കണ്ടെത്തലുകളും ശരിയെന്നു തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. സെബാസ്റ്റ്യന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇയാളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച് തെളിവെടുക്കും.

2012 മെയ് 13-ന് ഐഷ കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം. ഐഷയുമായി സൗഹൃദത്തിലായിരുന്ന സെബാസ്റ്റ്യന്‍ ഇവരില്‍ നിന്നു തന്ത്രപൂര്‍വം സ്വര്‍ണവും പണവും കൈപ്പറ്റിയിരുന്നു. ഐഷ ഇതു മടക്കിച്ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മ, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭന്‍ എന്നിവരുടെ കൊലപാതകത്തിലും പ്രതിയാണ് സെബാസ്റ്റ്യന്‍. 28 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ പരിചയക്കാരിയായ സ്ത്രീയുടെ വീട്ടിലുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ 11ഓടെയായിയരുന്നു തെളിവെടുപ്പ് നടത്തി. സെബാസ്റ്റ്യന്‍ പരിചയക്കാരിയുടെ വീട്ടില്‍ സ്ഥിരമായി വന്നിരുന്നുവെന്നും സമീപവാസികളും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഐഷ കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേത്യത്വത്തിലാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനു കൊണ്ടുപോയത്. പരിചയക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് സെബാസ്റ്റ്യന്‍ പോയിരുന്ന വഴികള്‍ സെബാസ്റ്റ്യന്‍ പോലീസിനു കാണിച്ചു കൊടുത്തു. പരിചയക്കാരിയെയും സെബാസ്റ്റ്യനെയും ഒരുമിച്ചിരുത്തിയെങ്കിലും സെബാസ്റ്റ്യനെ അറിയാമെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും പരിചയക്കാരി പറയുന്നില്ല. പരിചയക്കാരിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യനും സമ്മതിച്ചു. പരിചയക്കാരിയായ സ്ത്രീ മുഖേനയാണ് സെബാസ്റ്റ്യന്‍ സ്ഥലം കച്ചവടം സംബന്ധിച്ച് ഐഷയെ പരിചയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ പോദ്യം ചെയ്യും.

വാരനാട് നിന്നു 13 വര്‍ഷം മുന്‍പു കാണാതായ റിട്ട.ഗവ ജീവനക്കാരിയാണ് ഐഷ. സ്ഥലം വാങ്ങാന്‍ ഐഷ സ്വരുക്കൂട്ടി വച്ചിരുന്ന പണവും സ്വര്‍ണവും ആവശ്യമുള്ള സമയത്തു തിരിച്ചുതരാം എന്ന ഉറപ്പില്‍ സെബാസ്റ്റ്യന്‍ വാങ്ങിയിരുന്നു. ഐഷ ഇതു തിരിച്ചു ചോദിച്ചപ്പോഴാണു കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. തദ്ദേശവകുപ്പ് ജീവനക്കാരിയായിരുന്ന ഐഷയെ 2012 മേയ് 13നാണു കാണാതായത്. വൈകിട്ട് 5ന് ആലപ്പുഴയിലേക്ക് എന്നു പറഞ്ഞു വാരനാട്ടെ വീട്ടില്‍ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ലെന്നാണു പരാതി. അന്നു തന്നെ സെബാസ്റ്റ്യന്‍ ഐഷയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്‌തെന്നാണു പൊലീസിന്റെ റിപ്പോര്‍ട്ട്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ഐഷയുടേതാണോ എന്നു സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഐഷയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷം മകന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ലെന്നു കാണിച്ചു 2012 ഒക്ടോബര്‍ 16ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.