ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി എമിറേറ്റ്സ് എയര്‍ലൈന്‍സിനെ ഫോബ്സിന്റെ സര്‍വ്വേ തെരഞ്ഞെടുത്തത് കഴിഞ്ഞയാഴ്ചയാണ്. വ്യോമയാന മേഖലയിലെ ഈ നമ്പര്‍ വണ്‍ കമ്പനി ഇപ്പോള്‍ അതിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. വെറും രണ്ട് വിമാനങ്ങളുള്ള സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ലോകത്തിലെ ഏറ്റവും അംഗീകൃത വിമാനക്കമ്പനികളില്‍ ഒന്നിലേക്കുള്ള എമിറേറ്റിസിന്റെ കുതിപ്പില്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത് അവരുടെ ആദ്യത്തെ വിമാനം പറത്തിയ പൈലറ്റാണ്. പാക്കിസ്ഥാന്‍ സ്വദേശിയായ ക്യാപ്റ്റന്‍ ഫാസില്‍ ഘാനിയാണ് ഈ വ്യക്തി.

1985 ഒക്ടോബര്‍ 25-ന്, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സീനിയര്‍ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ ഘാനി, ദുബായില്‍ നിന്ന് കറാച്ചിയിലേക്കുള്ള എമിറേറ്റ്‌സ് ഫ്ലൈറ്റ് ഇകെ 600-ന് കമാന്‍ഡര്‍ ആയിരുന്നു. പുതിയ എയര്‍ലൈനിന്റെ ആദ്യ സര്‍വീസായിരുന്നു ഇത്. അറബിക്കടലിന് കുറുകെയുള്ള ഹ്രസ്വമായ യാത്ര എമിറേറ്റ്‌സിന്റെ ആഗോള യാത്രയുടെ തുടക്കം കുറിച്ചു. ഇപ്പോള്‍ എമിറേറ്റ്സ് ആറ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നതും 140-ലധികം നഗരങ്ങളെ ബന്ധിപ്പിക്കുന്നതുമായ സ്ഥാപനമാണ്. ആദ്യത്തെ ടേക്കോഫ് ഒരു സ്വപ്നത്തിന്റെ തുടക്കമായിരുന്നു എന്നാണ് ക്യാപ്റ്റന്‍ ഘാനി പിന്നീട് അതിനെ കുറിച്ച് പ്രതികരിച്ചത്. വളരെ പരിമിതമായ സംവിധാനങ്ങളോടെയാണ് എമിറേറ്റ്സ് ആരംഭിച്ചത് എന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.

എന്നാല്‍ ദൃഢനിശ്ചയം ഒന്ന് മാത്രമാണ് തങ്ങള്‍ക്ക് തുണയായതെന്നാണ് ഘാനി പറയുന്നത്. ഒരു ദേശീയ എയര്‍ലൈന്‍ സ്ഥാപിക്കുന്നതിനായി യു.എ.ഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തുണ തേടി പാക്കിസ്ഥാനെയാണ് ആദ്യം സമീപിച്ചത്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സാണ് ഇക്കാര്യത്തില്‍ അവര്‍ക്ക് സാങ്കേതികവും പ്രവര്‍ത്തനപരവുമായ സഹായം നല്‍കിയത്. ഒരു എയര്‍ബസും ഒരു ബോയിംഗും പാട്ടത്തിനെടുത്താണ് വിമാന സര്‍വ്വീസ് ആരംഭിച്ചത്. എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുന്നതിനായി വ്യോമയാന പ്രൊഫഷണലുകളുടെ ഒരു സംഘത്തെയും പാക്കിസ്ഥാന്‍ ദുബായിലേക്ക് അയച്ചു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ക്യാപ്റ്റന്‍ ഘാനിയെ പ്രോജക്ട് ഡയറക്ടറായും ചീഫ് പൈലറ്റായും നിയമിച്ചു. അദ്ദേഹം 1985 ഒക്ടോബര്‍ 1 ന് ദുബായില്‍ എത്തി, ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമിനെ കണ്ടതായി എമിറേറ്റ്സ് പുറത്തിറക്കിയ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ അദ്ദേഹം പറയുന്നു. 'ഒക്ടോബര്‍ 18 ന്, പാകിസ്ഥാനില്‍ നിന്നുള്ള പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, ഫ്ലൈറ്റ് സ്റ്റാഫ് എന്നിവരുടെ ഒരു സംഘം എത്തുന്നു. എല്ലാം പദ്ധതി പ്രകാരം നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പരീക്ഷണ പറക്കലുകളും പരിശോധനകളും ആരംഭിച്ചതായി ക്യാപ്റ്റന്‍ പറയുന്നു.

ആ ആദ്യകാലങ്ങളെ നര്‍മ്മത്തോടെ ഓര്‍മ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് യൂണിഫോമുകളും ഫ്ലൈറ്റ് ക്യാപ്പുകളും കുറവായിരുന്നു എന്നാണ് ചിലത് പൈലറ്റുമാര്‍ക്ക് വളരെ വലുതായിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ പണിയെടുക്കുകയായിരുന്നു തങ്ങള്‍. കൃത്യസമയത്ത് തന്നെ വളരെ സുരക്ഷിതമായി വിമാനം പറന്നുയര്‍ന്നു എന്ന കാര്യവും അദ്ദേഹം അഭിമാനത്തോടെ പറയുന്നു. ആദ്യസര്‍വ്വീസ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പവും എയര്‍ലൈന്‍ സ്ഥാപിക്കുന്നതില്‍ പാകിസ്ഥാന്റെ നിര്‍ണായക പങ്കും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് എമിറേറ്റ്‌സിന്റെ ആദ്യ ലക്ഷ്യസ്ഥാനമായി കറാച്ചിയെ തിരഞ്ഞെടുത്തത്. അതേ ദിവസം തന്നെ ദുബായ് മുംബൈ സര്‍വ്വീസും ആരംഭിച്ചിരുന്നു.

പി.ഐ.എയുടെ അന്നത്തെ മേധാവിയായിരുന്ന എയര്‍ മാര്‍ഷല്‍ അര്‍ഷാദ് മാലിക് പിന്നീട് ക്യാപ്റ്റന്‍ ഘാനിയെ എമിറേറ്റ്‌സിന്റെ മുഖ്യ സ്ഥാപക പൈലറ്റ് എന്നാണ് വിശേഷിപ്പിച്ചത്. എയര്‍ലൈനിന്റെ ചരിത്രപരമായ ആദ്യ ടേക്ക് ഓഫിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു. എമിറേറ്റ്‌സിന്റെ വിജയത്തിന് അടിത്തറ പാകാന്‍ സഹായിച്ച പ്രൊഫഷണലിസവും നേതൃത്വവും ക്യാപ്റ്റന്‍ ഫാസില്‍ ഘാനി ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റ മരണശേഷം പറഞ്ഞത്. 2018 ല്‍ എമിറേറ്റേ്സ്് ആദ്യമായി പാകിസ്ഥാനിലേക്ക് ആദ്യമായി എ 380 വിമാനത്തിന്റെ സര്‍വ്വീസ് ആരംഭിച്ചപ്പോള്‍ അവര്‍ ക്യാപ്റ്റന്‍ ഘാനിയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചര്‍ ജെറ്റിനടുത്ത് നിന്നപ്പോള്‍ അദ്ദേഹം ഏറെ വികാരഭരതിനായിരുന്നതായി പലരും ഓര്‍ക്കുന്നു. കുറേ നാള്‍ മുമ്പാണ് ദീര്‍ഘകാലം രോഗൂാൃബാധിതനായിരുന്നതിന് ശേഷം ക്യാപ്റ്റന്‍ ഘാനി അന്തരിച്ചത്.