ലണ്ടന്‍: യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ എയര്‍വേയ്‌സ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്. പത്ത് ലക്ഷത്തിലധികം യാത്രക്കാരെയാണ് അടച്ചുപൂട്ടല്‍ ബാധിക്കുക. ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലാന്‍ഡിലെയും വിവിധയിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന ഈസ്റ്റേണ്‍ എയര്‍വേയ്‌സ് ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നതിനായി നോട്ടീസ് ഓഫ് ഇന്റന്‍ഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. അതായത്, 10 ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അടച്ചു പൂട്ടേണ്ടി വരും. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1997 ല്‍ ആരംഭിച്ച ഈസ്റ്റേണ്‍ എയര്‍വേയ്‌സ് പ്രതിവര്‍ഷം ഏകദേശം 13 ലക്ഷം യാത്രക്കാര്‍ക്കാണ് സേവനം നല്‍കുന്നത്. കമ്പനി അടച്ചു പൂട്ടുകയാണെങ്കില്‍ ഇവര്‍ നടത്തിയിരുന്ന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കേണ്ടതായി വരും. ഇത് യാത്രക്കാരെ എല്ലാം ബാധിക്കും. യൂറോപ്പിലെ കായിക ടീമുകള്‍ക്ക് ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ നല്‍കുന്ന പ്രധാന കമ്പനിയും കൂടിയാണ് ഈസ്റ്റേണ്‍ എയര്‍വേയ്‌സ്. വായ്പാ ദാതാക്കളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് ശേഷം നിലനില്‍പ്പിനായി ഏറെ ക്ലേശിക്കുകയാണ് ഈസ്റ്റേണ്‍ എയര്‍വേയ്‌സ്. ഏകദേശം 250 ജീവനക്കാരാണ് കമ്പനിക്കുള്ളത്.

തൊഴില്‍ അവസരങ്ങളില്‍ വന്‍ ഇടിവ്

ഈ വര്‍ഷം ഇതുവരെ യു കെയില്‍ തൊഴില്‍ അവസരങ്ങളില്‍ ഉണ്ടായിരിക്കുന്നത് ചരിത്രത്തിലെ എറ്റവും വലിയ ഇടിവാണെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടന്‍ ഒരു വലിയ 'തൊഴില്‍ പ്രതിസന്ധി'യുടെ വക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെര്‍ച്ച് എഞ്ചിനായ അഡ്‌സുമ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് സെപ്റ്റംബറില്‍ തൊഴില്‍ അവസരങ്ങളില്‍ 2.4 ശതമാനത്തിന്റെ ഇടിവുണ്ടായി എന്നാണ്. സെപ്റ്റംബറില്‍ വന്ന തൊഴില്‍ ഒഴിവുകള്‍ 8,26,205 ആയിരുന്നു.

അതേസമയം, ക്രിസ്ത്മസ് കാലം അടുത്തു വരുന്നതോടെ ചില്ലറ വില്പന മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മൊത്തം ഒഴിവുകളുടെ 2.5 ശതമാനവും ക്രിസ്ത്മസ് കാല ജോലിക്കായുള്ളതാണ്. ഇത്തരത്തിലുള്ള ഏകദേശം 20,000 ഒഴിവുകളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചില്ലറ വില്പന മേഖലയില്‍ 8 ശതമാനം തൊഴില്‍ അവസരങ്ങളാണ് കൂടുതലായി വന്നിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി, പ്രസ്സ് റിലേഷന്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളിലാണ്‍- അവസരങ്ങള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. മൊത്തം ഒഴിവുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

അതിര്‍ത്തികളിലെ പരിശോധനയില്‍ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍

അനധികൃത കുടിയേറ്റം എന്ന് പറയുമ്പോള്‍ ഓരോ ബ്രിട്ടന്‍ നിവാസിയുടെയും മനസ്സില്‍ ആദ്യമെത്തുക ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്നതായിരിക്കും. എന്നാല്‍, കൂടുതല്‍ മാര്‍ഗ്ഗങ്ങളിലൂടെ അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിലെക്ക് കടത്താന്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡുബ്ലിന്‍, ഹോളിഹെഡ് തുറമുഖങ്ങള്‍ വഴിയുള്ള മനുഷക്കടത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഹോളിഹെഡ് തുറമുഖം വഴി ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് റൊമേനിയന്‍ പൗരന്മാര്‍ കഴിഞ്ഞയാഴ്ച നടന്ന പരിശോധനയില്‍ പിടിയിലായി. ഇവരെ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു. ബ്രിട്ടീഷ് - ഐറിഷ് പൗരന്മാര്‍ക്ക് പരിശോധനകള്‍ ഇല്ലാതെ അതിര്‍ത്തികള്‍ കടക്കാന്‍ കഴിയുന്ന യു കെയുടെ കോമണ്‍ ട്രാവല്‍ ഏരിയയില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇതുവരെ അറസ്റ്റിലായത് 51 അനധികൃത കുടിയേറ്റക്കാരാണ്. ഇതില്‍ ചിലര്‍ കള്ളക്കടത്ത് സംഘാംഗങ്ങളാണെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍, വെയ്ല്‍സിലെ ഈ തുറമുഖത്ത് ഈ വര്‍ഷം ഇതുവരെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് 220 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍, മുന്‍പ് പറഞ്ഞ മൂന്ന് റൊമെനിയന്‍ പൗരന്മാര്‍ ഉള്‍പ്പടെ 177 പേരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. ഹീത്രൂ - ഗാറ്റ്വിക് വിമാനത്താവളങ്ങളിലും, ഡോവര്‍ ഉള്‍പ്പടെയുള്ള തുറമുഖങ്ങളിലും അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.