- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗൂഗിള്‍ മാപ്പിലെ എളുപ്പ വഴി വിശ്വസിച്ചു; നിയന്ത്രണം വിട്ട വാഹനത്തെ മണ്‍തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നിടിച്ചത് മറുവശത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍; കമ്പി ഉപയോഗിക്കാതെ പ്ലാസ്റ്റിക്ക് ചാക്കുകള്‍ നിറച്ച് കോണ്‍ക്രീറ്റ് ഇട്ട 'കേരളാ അത്ഭുതം'! പാല്‍ചുരത്തില്‍ സെന്തില്‍കുമാറിന്റെ ജീവനെടുത്തത് ഇരട്ട ചതി
കണ്ണൂര്‍: ബോയ്സ് ടൗണ്‍ -പാല്‍ച്ചുരം റോഡില്‍ അപകടത്തില്‍പെട്ട ലോറി ചുരം ഇറങ്ങിയത് ഗൂഗിള്‍ മാപ്പിലെ എളുപ്പ വഴി നോക്കി. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് തിരുച്ചെങ്കോട് സ്വദേശി എല്‍. സെന്തില്‍കുമാറാണ് (49) മരിച്ചത്. റായ്പുരില്‍ നിന്ന് കൊളക്കാട് മാര്‍ഷന്‍ ഇന്‍ഡസ്ട്രിയിലേക്ക് കമ്പി കൊണ്ടുവന്ന ലോറിയാണ് കൊക്കയിലേക്ക് മറിഞ്ഞത്. നെടുംപൊയില്‍ ചുരം വഴി വന്നാല്‍ മതിയെന്ന മാര്‍ഷന്‍ ഇന്‍ഡസ്ട്രിസ് ഉടമ ജെയിംസ് കുര്യാക്കോസിന്റെയും ലോറിയിലെ ക്ലീനറുടെയും നിര്‍ദേശം അവഗണിച്ചാണ് ഡ്രൈവര്‍ കുത്തനെ ഇറക്കമുളള ബോയ്സ് ടൗണ്‍ -പാല്‍ച്ചുരം വഴി കൊളക്കാട് ലക്ഷ്യമാക്കി വന്നത്.കാഞ്ഞിരത്താംകുഴി തോമസിന്റെ ആള്‍ത്താമസമില്ലാത്ത വീടിന് പിന്‍വശത്തേക്കാണ് ലോറി വന്നുവീണത്.
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചുരം ഇറങ്ങിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം നൂറടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡരികിലെ വൈദ്യുതത്തൂണും തകര്‍ത്താണ് ലോറി കൊക്കയില്‍ വീണത്. മാനന്തവാടി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ക്ലീനര്‍ തിരുച്ചിറപ്പള്ളി സ്വദേശി സെന്തില്‍കുമാര്‍ രാമസ്വാമി (44) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിളുമായി കാസര്‍ഗോഡേക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറായ സെന്തില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗൂഗിള്‍ മാപ്പില്‍ കണ്ണൂരിലേക്കുള്ള മാര്‍ഗം കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡാണ് കാണിച്ചത്. ഈ വഴി അപകടകരമാണ് എന്ന് അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ക്ലീനര്‍ സെന്തില്‍ കുമാര്‍ രാമസ്വാമിയും മാര്‍ഷല്‍ ഇന്‍ഡസ്ട്രീസ് ഉടമ ജയിംസ് കുര്യാക്കോസും മരിച്ച ഡ്രൈവര്‍ എല്‍.സെന്തില്‍കുമാറിനോട് പറഞ്ഞിരുന്നു. എന്നാല്‍ വേഗത്തില്‍ സ്ഥലത്ത് എത്താന്‍ കഴിയുമെന്ന് പറഞ്ഞാണ് ഡ്രൈവര്‍ ഈ വഴി തിരഞ്ഞെടുത്തത്.
നിയന്ത്രണം വിട്ട വാഹനത്തെ മണ്‍തിട്ടയില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറുവശത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയിലാണ് ചെന്നിടിച്ചത്. ഇവ നിര്‍മിക്കാന്‍ കമ്പി ഉപയോഗിച്ചിട്ടില്ല. പകരം പ്ലാസ്റ്റിക് ചാക്കുകളാണ് കോണ്‍ക്രീറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവിടെയുള്ള വൈദ്യുതത്തൂണിലും ഇടിച്ച് ലോറി 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനത്തില്‍ എത്തിയവര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിന്നും പേരാവൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി ഡ്രൈവര്‍ മരിച്ചു.
കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡിലെ ചുരത്തിന്റെ അവസാനഭാഗത്താണ് ലോറി അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയും തകര്‍ത്ത് കൊക്കയിലേക്ക് വീണ ലോറി ഒരു മരത്തില്‍ തടഞ്ഞു നില്‍ക്കുകയായിരുന്നു. ഇതിനു തൊട്ടു താഴെ ആള്‍ത്താമസമില്ലാത്ത ഒരു വീടാണ് ഉണ്ടായിരുന്നത്. റോഡില്‍ നിന്ന് 100 അടിയോളം താഴെയാണ് വാഹനം മരത്തില്‍ തങ്ങി നില്‍ക്കുന്നത്. ഇവിടെ ലോറി തടഞ്ഞു നിന്നിരുന്നില്ല എങ്കില്‍ വീടും തകര്‍ത്ത് വീണ്ടും 100 അടിയോളം താഴെ പാല്‍ച്ചുരം വെള്ളച്ചാട്ടത്തിലേക്കുള്ള റോഡില്‍ പതിക്കുമായിരുന്നു. ലോറി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ആശ്രമം കവലയ്ക്ക് താഴെ അഞ്ച് ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. ആശ്രമം കവലയില്‍ നിന്ന് 100 മീറ്ററോളം അകലെ കൃഷിഭൂമിയിലാണ് ലോറി പതിച്ചത്.
ഈ സ്ഥലത്ത് രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു ലോറി അപകടത്തില്‍പെട്ടത്. ആ സംഭവത്തിലും ഒരാള്‍ മരിച്ചിരുന്നു. കൊട്ടിയൂരിലെ ഒരു പെട്രോള്‍ പമ്പ് നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ 15 വര്‍ഷത്തിന് ഇടയില്‍ മാത്രം ആറ് ലോറി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നാല് അപകടങ്ങളില്‍ ഡ്രൈവര്‍മാര്‍ മരിച്ചു.




