- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബെഞ്ചില്ലാത്ത സ്‌കൂളില്‍ നിന്ന് രാജ്യത്തെ പരമോന്നത ബെഞ്ചിലേക്ക്; കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ബെഞ്ചിലെ അംഗം; ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്; നിയമിച്ച് രാഷ്ട്രപതി; നവംബര്‍ 24-ന് ചുമതലയേല്‍ക്കും; ഹരിയാനയില്‍ നിന്നും പദവിയിലെത്തുന്ന ആദ്യ വ്യക്തി
ഹരിയാനയില്‍ നിന്നും പദവിയിലെത്തുന്ന ആദ്യ വ്യക്തി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 23-ന് വിരമിക്കുന്ന ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായിക്ക് പകരമാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേല്‍ക്കുന്നത്. ഗവായ് തന്നെയാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തത്.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ഒരുമാസം മുന്‍പ് നിയമമന്ത്രാലയം ആവശ്യപ്പെടുകയും അദ്ദേഹം ഏറ്റവും സീനിയര്‍ ജഡ്ജിയുടെ പേര് ശുപാര്‍ശ ചെയ്യുകയുമാണ് പതിവ്. 2019 മേയ് 24-ന് സുപ്രീംകോടതിയിലെത്തിയ ജസ്റ്റിസ് സൂര്യകാന്തായിരുന്നു സീനിയോറിറ്റിയില്‍ മുന്നില്‍.
ജസ്റ്റിസ് സൂര്യകാന്ത് ഏകദേശം 15 മാസത്തോളം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. 65 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് 2027 ഫെബ്രുവരി 9-നാണ് അദ്ദേഹം സ്ഥാനമൊഴിയുക. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് സൂര്യകാന്ത്. 1962 ഫെബ്രുവരി 10-ന് ജനിച്ച ജസ്റ്റിസ് സൂര്യ കാന്ത് ഹരിയാനയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.
38-ാം വയസ്സില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസ്സില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ഹൈക്കോടതി ജഡ്ജിയായി 14 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ്.
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമം മരവിപ്പിച്ച ചരിത്രപരമായ ബെഞ്ചില്‍ ജസ്റ്റിസ് കാന്ത് അംഗമായിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന പൂര്‍ത്തിയാകുന്നത് വരെ ഈ നിയമപ്രകാരം പുതിയ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
1962 ഫെബ്രുവരി പത്തിന് ഹരിയാണയിലെ ഹിസാര്‍ ജില്ലയില്‍ ജനിച്ച സൂര്യകാന്ത് റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി.
2004-ല്‍ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയില്‍ ജഡ്ജിയായത്. 2011-ല്‍ കുരുക്ഷേത്ര സര്‍വകലാശാലയില്‍നിന്ന് വിദൂരപഠനത്തിലൂടെ നിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി. പതിനാല് വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സൂര്യകാന്ത്, 2018-ല്‍ ഹിമാചല്‍പ്രദേശില്‍ ചീഫ് ജസ്റ്റിസായി.
വെറുംനിലത്തിരുന്നു സ്‌കൂള്‍ പഠനം
സുപ്രീംകോടതി ചീഫ് ജസ്റ്റിസാവാനൊരുങ്ങുന്ന ജസ്റ്റിസ് സൂര്യകാന്തിന്റെ ലളിതമായ ഗ്രാമീണ പശ്ചാത്തലമടക്കം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ബെഞ്ചില്ലാത്ത സ്‌കൂളില്‍ വെറുംനിലത്തിരുന്നു പഠിച്ചാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ബെഞ്ചിലേക്ക് ജസ്റ്റിസ് സൂര്യകാന്ത് എത്തിയത്. ഇനി, അതിന്റെ പരമോന്നത പദവിയിലേക്കും.
ഹരിയാനയിലെ ഹിസാറിനടുത്തുള്ള പെട്വാഡ് ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. സ്‌കൂളധ്യാപകനായിരുന്നു പിതാവ്. ഗ്രാമത്തിലെ മറ്റു കുട്ടികളെപ്പോലെ വീട്ടുകാരെ കൃഷിയില്‍ സഹായിക്കാന്‍ ജസ്റ്റിസ് സൂര്യകാന്തും സമയംകണ്ടെത്തിയിരുന്നു. പത്താംക്ലാസിന്റെ ബോര്‍ഡ് പരീക്ഷയെഴുതാന്‍ ഹാന്‍സിയിലേക്ക് പോയപ്പോഴാണ് ആദ്യമായി ഒരു ചെറുപട്ടണം കാണുന്നത്. തന്റെ ഗ്രാമത്തിലെ മികച്ച വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും സമ്മാനങ്ങള്‍ നല്‍കാനും അദ്ദേഹമെത്താറുണ്ട്.
സുപ്രധാന വിധികള്‍
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞത് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളിലെ എഫ്‌ഐആറുകളില്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍, ബിഹാര്‍ എസ്‌ഐആറിന്റെ ഭാഗമായി കരട് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് കാന്തും അംഗമായിരുന്നു.


