ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ കുരുതിക്കളങ്ങളാകുന്നത് ആശുപത്രികള്‍. ഡാര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന എല്‍ ഫാഷര്‍ നഗരം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (RSF) പിടിച്ചെടുത്തതിന് പിന്നാലെ നഗരത്തില്‍ വ്യാപകമായ കൂട്ടക്കൊലകള്‍ അരങ്ങേറി. എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയില്‍ ഉണ്ടായിരുന്ന 460 സാധാരണക്കാരെ ആര്‍ എസ് എഫ് കൂട്ടക്കൊല ചെയ്തു. നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ ആരോഗ്യ പരിചരണ കേന്ദ്രമായ സൗദി മെറ്റേണിറ്റി ആശുപത്രിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കഴിഞ്ഞ ദിവസം മാത്രം 2,000-ല്‍ അധികം സാധാരണക്കാരെ സായുധ വിമതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം.

ഒരുമാസത്തിനിടെ, നാലാമത്തെ തവണയാണ് ഞായറാഴ്ച ആശുപത്രി ആക്രമിക്കപ്പെട്ടതെന്നും, അന്ന് ഒരു നഴ്‌സ് കൊല്ലപ്പെടുകയും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആശുപത്രിയുടെ തറയില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും തകര്‍ന്ന യന്ത്രസാമഗ്രികളും ആക്രമണത്തിന്റെ ഭീകരത വെളിവാക്കുന്നു. 'ഞാന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കനത്ത ഷെല്ലാക്രമണം നടന്നു. ഒരു മോര്‍ട്ടാര്‍ ആശുപത്രിയില്‍ പതിച്ചു. ഞാന്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ ശരീരത്തിലെ മുറിവുകള്‍ തുറന്ന നിലയിലായിരുന്നു. എന്റെ ചുറ്റും എല്ലാവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു,' ഗൈനക്കോളജിസ്റ്റായ ഡോ. സുഹിബ പറഞ്ഞു.

ആശുപത്രികള്‍ 'മനുഷ്യരെ കശാപ്പുചെയ്യുന്ന ഇടങ്ങളായി മാറി' എന്ന് സുഡാന്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് (SDN) ആരോപിച്ചു. നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യ പ്രവര്‍ത്തകരെ ആര്‍ എസ് എഫ് തട്ടിക്കൊണ്ടുപോയി. ഇവരെ മോചിപ്പിക്കാന്‍ 1.5 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരമുണ്ട്.

2023 ഏപ്രിലില്‍ സംഘര്‍ഷം തുടങ്ങിയതുമുതല്‍ അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആര്‍എസ്എഫ്-ഉം സഖ്യകക്ഷികളും ലക്ഷ്യമിടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എല്‍ ഫാഷര്‍ ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലായതോടെ, അറബ് ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടെ രണ്ടര ലക്ഷത്തിലധികം ആളുകള്‍ നഗരത്തില്‍ കുടുങ്ങി. ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമുണ്ട്.

നിലവില്‍ ഡാര്‍ഫറും കോര്‍ദോഫാനും ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെ മധ്യ-കിഴക്കന്‍ പ്രദേശങ്ങള്‍ സുഡാന്‍ സൈന്യത്തിന്റെ (SAF) നിയന്ത്രണത്തിലാണ്.2023 ഏപ്രില്‍ പകുതിയോടെയാണ് സുഡാനില്‍ സൈന്യവും ആര്‍ എസ് എഫ് വിഭാഗവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്.